യുപിഎ മുഖേനെ പിഎഫില്‍ നിന്നും പണം പിന്‍വലിക്കാം; പുതിയ അപ്പ് പുറത്തിറക്കും
New delhi, 09 ഫെബ്രുവരി (H.S.) പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് അനായാസമാക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. യുപിഐ മുഖേനെ പണം പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നു. ഏപ്രില്‍ മുതല്‍ യുപിഐ വഴി പിഎഫ
UPI transaction


New delhi, 09 ഫെബ്രുവരി (H.S.)

പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് അനായാസമാക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. യുപിഐ മുഖേനെ പണം പിന്‍വലിക്കാന്‍ വഴിയൊരുങ്ങുന്നു. ഏപ്രില്‍ മുതല്‍ യുപിഐ വഴി പിഎഫ് പണം പിന്‍വലിക്കാനുള്ള സൗകര്യം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഏര്‍പ്പെടുത്തും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ പിന്‍ ഉപയോഗിച്ച് തല്‍ക്ഷണം പണം കൈമാറാന്‍ കഴിയും. ഇതിനായി ഒരു പുതിയ മൊബൈല്‍ ആപ്പും ഇപിഎഫ്ഒ പുറത്തിറക്കിയേക്കും.

ഒരിടപാടില്‍ പരമാവധി 25000 രൂപ മാത്രമേ യുപിഐ വഴി പിന്‍വലിക്കാന്‍ സാധിക്കുവെന്നാണ് വിവരം. എട്ട് കോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യും. വിരമിക്കല്‍ കാലത്തെ സുരക്ഷയ്ക്കായി ആകെ ബാലന്‍സിന്റെ കുറഞ്ഞത് 25 ശതമാനം തുക പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. ബാക്കിയുള്ള തുക അംഗങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം പിന്‍വലിക്കാന്‍ സാധിക്കും. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവില്‍ പിഎഫ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ എടുക്കുന്ന സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ഓട്ടോ-സെറ്റില്‍മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി 100 ഡമ്മി അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ മന്ത്രാലയം നടത്തിവരികയാണ്. പുതിയ ആപ്പ് വരുന്നതോടൊപ്പം തന്നെ നിലവിലുള്ള ഉമാംഗ് (UMANG) ആപ്പും പോര്‍ട്ടലും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News