Enter your Email Address to subscribe to our newsletters

Chennai, 10 മാര്ച്ച് (H.S.)
നടൻ വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ഒരുങ്ങുന്നതായി പാർട്ടി വൃത്തങ്ങള് അറിയിച്ചു.
പ്രമുഖ മണ്ഡലങ്ങള് മുതിർന്ന നേതാക്കള്ക്കായി നീക്കിവയ്ക്കുമെന്നാണ് ലഭ്യമായ വിവരം. അതില് ജയസാധ്യത ഉള്ളതും കടുത്ത മത്സരം നടക്കുന്നതുമായ മണ്ഡങ്ങളും ഉള്പ്പെടുമെന്നാണ് സൂചന.
അതിനിടെ പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തിയ വിജയ്, ഇന്ന് ഏകദേശം 60 സ്ഥാനാർത്ഥികളെ അഭിമുഖം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടി ടിക്കറ്റില് മത്സരിക്കാൻ താല്പര്യപ്പെട്ട് 4200-ല് അധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അവ പൂർണമായി വിശകലനം ചെയ്ത് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതാണ് ടിവികെയും വിജയ്യും ലക്ഷ്യമിടുന്നത്.
സ്ഥാനാർത്ഥികളെ ഉടൻ തന്നെ അന്തിമ പട്ടികയില് ഉള്പ്പെടുത്താൻ ടിവികെ ഒരുങ്ങുകയാണെന്നാണ് വിവരം. പാർട്ടി വൃത്തങ്ങള് നല്കുന്ന വിവരമനുസരിച്ച്, മുതിർന്ന നേതാക്കളായ ബസ്സി ആനന്ദ് ടി നഗറിലും ആദവ് അർജുന വില്ലിവാക്കത്തും അരുണ് രാജ് തിരുച്ചെങ്കോടും മത്സരിച്ചേക്കും. ഇക്കാര്യത്തില് അന്തിമ തീരുമാനം ടിവികെയുടെ അവസാന വാക്കായ വിജയ്യുടേതായിരിക്കും.
2024 ഫെബ്രുവരി 2-ന് സ്ഥാപിതമായ പാർട്ടി ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ഭരണകക്ഷിയായ ഡിഎംകെക്ക് ശക്തമായ ഒരു ബദലായി സ്വയം അവതരിപ്പിക്കാനാണ് അവർ തീവ്രമായി ശ്രമിക്കുന്നത്. അധികാരം പങ്കുവെക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും, ടിവികെയുമായി തിരഞ്ഞെടുപ്പ് സഖ്യം ചേരാൻ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറായിട്ടില്ല.
അതിനിടെ വിജയ് എഐഎഡിഎംകെ-ബിജെപി സഖ്യത്തില് ചേരുമെന്ന വാർത്തകള് അടുത്തിടെ പ്രചരിച്ചിരുന്നു. നിലവിലുള്ള പ്രശ്നങ്ങളില് നിന്ന് സ്വയം രക്ഷിക്കാനാണ് വിജയ് ഇത്തരം നീക്കങ്ങള് നടത്തുന്നതെന്നായിരുന്നു റിപ്പോർട്ട്. എങ്കിലും എഐഎഡിഎംകെ-ബിജെപി സഖ്യത്തില് അദ്ദേഹം ചേരില്ലെന്ന് പനയൂരിലെ വൃത്തങ്ങള് വ്യക്തമാക്കുന്നുണ്ട്.
ആരുമായും സഖ്യമില്ലാതെ ടിവികെ
നേരത്തെ കോണ്ഗ്രസിന് സഖ്യത്തില് ചേരാൻ ടിവികെ വാതില് തുറന്നിട്ടപ്പോള്, കോണ്ഗ്രസ് ഡിഎംകെ സഖ്യത്തിന് പിന്തുണ നല്കി വിജയ്യുടെ മോഹങ്ങള് ഇല്ലാതാക്കുകയായിരുന്നു. കോണ്ഗ്രസ് ഡിഎംകെയോട് കൂടുതല് സീറ്റുകളും സർക്കാരില് ഒരു പങ്കും ആവശ്യപ്പെട്ടപ്പോള്, ആ ഓഫറുകള് നല്കുമെന്ന് ടിവികെ പറഞ്ഞെങ്കിലും അവർ പനയൂരിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയതുപോലുമില്ല എന്നതായിരുന്നു യാഥാർഥ്യം.
നിലവില് ഭരണത്തില് ഇരിക്കുന്ന ഡിഎംകെയെ കൈവിട്ട് എന്തിന് പുതുമുഖമായ വിജയ്യുടെ പാർട്ടിയുമായി ചേരണം എന്ന ചോദ്യമാണ് കോണ്ഗ്രസിനുള്ളില് നിന്ന് ഉയർന്നത്. മാത്രമല്ല ഇന്ത്യ സഖ്യത്തില് നിർണായക സ്ഥാനം വഹിക്കുന്ന ഡിഎംകെയെ പിണക്കുന്നത് ബുദ്ധിയല്ലെന്നും കോണ്ഗ്രസ് മനസിലാക്കി, ഇതോടെയാണ് വിജയ്യുടെ വാഗ്ദാനങ്ങള് നിരുപാധികം നിരസിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR