പ്രവാസികള്ക്ക് ആശ്വാസം; 32 പ്രത്യേക സര്വീസുകളുമായി എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും
Newdelhi, 10 മാര്ച്ച് (H.S.) പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാന്തരീക്ഷം കണക്കിലെടുത്ത് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്ക്ക് ആശ്വാസമേകി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതല് സർവീസുകള് പ്രഖ്യാപിച്ചു. മാർച്ച് 10-ന് യുഎഇയിലേക്ക് മാത്രം 32
AIR INDIA


Newdelhi, 10 മാര്ച്ച് (H.S.)

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാന്തരീക്ഷം കണക്കിലെടുത്ത് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്ക്ക് ആശ്വാസമേകി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതല് സർവീസുകള് പ്രഖ്യാപിച്ചു.

മാർച്ച് 10-ന് യുഎഇയിലേക്ക് മാത്രം 32 പ്രത്യേക വിമാനങ്ങളാണ് ഈ എയർലൈനുകള് ക്രമീകരിച്ചിരിക്കുന്നത്. സംഘർഷ ബാധിതമായ മേഖലകളില് നിന്ന് സുരക്ഷിതമായി മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർക്കും ഈ തീരുമാനം വലിയൊരു സഹായമാകും.

യുഎഇയ്ക്കും ഇന്ത്യയിലെ വിവിധ നഗരങ്ങള്ക്കും ഇടയിലാണ് ഈ അധിക സർവീസുകള് നടപ്പിലാക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസല്ഖൈമ എന്നീ നഗരങ്ങളിലേക്കായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് വലിയൊരു വിമാന ശൃംഖല തന്നെ സജ്ജമാക്കിയിട്ടുണ്ട്. ദുബായിലേക്ക് മാത്രം എയർ ഇന്ത്യ 10 നോണ്-ഷെഡ്യൂള്ഡ് വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഷാർജ, റാസല്ഖൈമ തുടങ്ങിയ നഗരങ്ങളിലേക്ക് ആകെ 18 സർവീസുകള് ക്രമീകരിച്ചിരിക്കുന്നു. മുംബൈ, ഡല്ഹി, ബെംഗളൂരു, കൊച്ചി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളില് നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റി ഈ സർവീസുകള് വഴി യാത്രക്കാർക്ക് ലഭിക്കും.

ഇതിന് പുറമെ സൗദി അറേബ്യയിലേക്കും ഒമാനിലേക്കും നിശ്ചിത സർവീസുകള് മുടക്കമില്ലാതെ തുടരുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു. ജിദ്ദയിലേക്ക് മാത്രം 14 സർവീസുകള് ഉണ്ട്. മസ്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് 14 സർവീസുകള് നടത്തും. കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില് നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള സർവീസുകള് ലഭ്യമാണ്.

യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള് ലഘൂകരിക്കാൻ എയർലൈനുകള് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവീസുകള് റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്യുന്ന യാത്രക്കാർക്ക് വെബ്സൈറ്റ് വഴി റീബുക്കിംഗ് അല്ലെങ്കില് ക്യാൻസലേഷൻ റിക്വസ്റ്റുകള് നല്കാം. യുഎഇയില് നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാതൊരു അധിക നിരക്കുമില്ലാതെ ഇന്ത്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും വിമാനങ്ങള് റീബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഘട്ടത്തില് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും വിമാന കമ്പനികളുടെയും പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികള്.

യാത്രക്കാർ അതത് എയർലൈനുകളുടെ വെബ്സൈറ്റുകള് കൃത്യമായി പരിശോധിച്ച് യാത്രാ സമയം ഉറപ്പുവരുത്തേണ്ടതാണ്. വിമാനത്താവളങ്ങളിലെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ തന്നെ എത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News