മുഖ്യമന്ത്രി ജീവനക്കാര്ക്ക് സന്ദേശമയച്ചതില് തെറ്റില്ല; സംസ്ഥാന സര്ക്കാരിന് ആശ്വാസം നല്കുന്ന വിധിയുമായി ഹൈക്കോടതി
Kochi, 10 മാര്‍ച്ച് (H.S.) ഡിഎ കുടിശിക അനുവദിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ജീവക്കാര്‍ക്ക് സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാ
kerala high court


Kochi, 10 മാര്‍ച്ച് (H.S.)

ഡിഎ കുടിശിക അനുവദിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ജീവക്കാര്‍ക്ക് സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്നാരോപിച്ച് രണ്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശമയച്ചതില്‍ തെറ്റില്ല. ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അയച്ച സന്ദേശങ്ങളില്‍ രാഷ്ട്രീയം കലര്‍ന്നിട്ടില്ലെന്നും ഇതൊരു ക്ഷേമരാഷ്ട്രത്തിന്റെ ഭാഗമായുള്ള സേവനമായി മാത്രമേ കാണാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഡി.എ വര്‍ധനവ്, ഡി.എ കുടിശിക തീര്‍ക്കല്‍, വീട് നിര്‍മാണത്തിനുള്ള അഡ്വാന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിക്കുന്നത് സര്‍ക്കാരിന്റെ സേവനങ്ങളില്‍ ഉള്‍പ്പെട്ട കാര്യമാണ്.

ഐടി മിഷന്റെ കൈവശമുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ മറ്റ് സ്വകാര്യ പിആര്‍ ഏജന്‍സികള്‍ക്കോ ചോര്‍ന്നിട്ടുണ്ടെന്ന ഹര്‍ജിക്കാരുടെ ആരോപണം കോടതി നിരാകരിച്ചു. ഐടി മിഷന്റെ പക്കലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

മെസ്സേജുകള്‍ അയക്കാന്‍ സര്‍ക്കാരിന് സ്വന്തമായി സംവിധാനമില്ലെന്ന ഹര്‍ജിക്കാരുടെ വാദം, ഐടി മിഷന്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നേരിട്ടെത്തി സാങ്കേതികമായി വിശദീകരിച്ചതോടെ കോടതി തള്ളുകയായിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലല്ല ഈ സന്ദേശങ്ങള്‍ അയച്ചതെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.

അനുകൂല വിധി വന്നതോടെ, വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് സന്ദേശങ്ങള്‍ അയക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനും നിയമപരമായ ക്ലിയറന്‍സ് ലഭിച്ചിരിക്കുകയാണ്. അതേസമയം,ഐടി മിഷന്റെ കൈവശമുള്ള രേഖകള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കാമെങ്കിലും അവ ചോരുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഹൈക്കോടതിയില്‍ നിന്നും വന്നിരിക്കുന്നത്. നിലവില്‍ തന്നെ വയനാട് ഠൗണ്‍ഷിപ്പ് നിര്‍മ്മാണം വലിയ നേട്ടമായി പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. ഇക്കാര്യം പൊതുജനങ്ങളിലേക്ക് പരമാവധി സന്ദശേം എത്തിക്കാനാകും ഇനിയുള്ള നീക്കങ്ങള്‍.

---------------

Hindusthan Samachar / Sreejith S


Latest News