ഗണേഷ് കുമാറിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
Trivandrum , 10 മാര്ച്ച് (H.S.) മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഗണേഷ് കുമാറിനെതിരെ അദ്ദേഹത്
ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്


Trivandrum , 10 മാര്ച്ച് (H.S.)

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ തന്നെ ഉന്നയിച്ച വെളിപ്പെടുത്തലുകളെത്തുടർന്നാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾ പുകയുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

സംഘർഷഭരിതമായി പ്രതിഷേധങ്ങൾ

കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധം നേരിയ സംഘർഷത്തിലാണ് കലാശിച്ചത്. ഗണേഷ് കുമാറിനെ പരിഹസിച്ചുകൊണ്ട് കോഴിയെയും കയ്യിലേന്തിയാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. സ്ഥലത്ത് തടിച്ചുകൂടിയ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബസ് തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിന്റെ ആക്കം കൂട്ടി.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും ഓഫീസിലേക്കും നടന്ന ബിജെപി മാർച്ചിലും സംഘർഷമുണ്ടായി. ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധം ആളിപ്പടരുകയാണ്. പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ കെ.എസ്.യു പ്രവർത്തകർ ബസുകൾ തടയുകയും കാലൻകോഴി പത്തനാപുരത്തിന് വേണ്ട എന്നെഴുതിയ ബാനറുകൾ ബസിന് മുന്നിൽ കെട്ടുകയും ചെയ്തു. പത്തനാപുരത്ത് മന്ത്രിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മന്ത്രി കെ.ബി. ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യു.ഡി.എഫ്. ഉമ്മൻചാണ്ടിയെ മുൻപ് വേട്ടയാടിയതിന്റെ ഫലമാണ് ഇപ്പോൾ ഗണേഷ് കുമാർ അനുഭവിക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷ് കുമാറിന്റെ രാജി എഴുതി വാങ്ങിയതെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

അതേസമയം, ഗണേഷ് കുമാറിനെതിരെയുള്ളത് കുടുംബപരമായ തർക്കങ്ങളാണെന്നും പരാതി ലഭിക്കാതെ കേസെടുക്കാൻ കഴിയില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. എന്നാൽ ആരോപണങ്ങൾ ഗൗരവതരമാണെന്ന വിലയിരുത്തലിൽ സി.പി.ഐ.എം നേതൃത്വവും മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ടേക്കും. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ് ഘടകകക്ഷികളുടെ തീരുമാനം. സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി കേന്ദ്രങ്ങളെയും സമരകേന്ദ്രങ്ങളാക്കി മാറ്റാനാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News