കായിക ഭവൻ നാടിന് സമർപ്പിച്ചു; കായിക മേഖലയുടെ സമഗ്ര ഭരണകേന്ദ്രമാവുമെന്ന് മന്ത്രി  വി അബ്ദുറഹിമാൻ
Kerala, 11 മാര്‍ച്ച് (H.Sസംസ്ഥാന കായിക മേഖലയുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന കായിക ഭവൻ യാഥാർത്ഥ്യമായി. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് ഭൂമിയിലാണ് കായിക ഭവൻ നിർമ്മിക്കുന്നത്. ആദ്യഘട്ടമായി എട്ടര കോടി രൂപ ചെലവഴ
കായിക ഭവൻ നാടിന് സമർപ്പിച്ചു; കായിക മേഖലയുടെ സമഗ്ര ഭരണകേന്ദ്രമാവുമെന്ന് മന്ത്രി  വി അബ്ദുറഹിമാൻ


Kerala, 11 മാര്‍ച്ച് (H.Sസംസ്ഥാന കായിക മേഖലയുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന കായിക ഭവൻ യാഥാർത്ഥ്യമായി. തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് ഭൂമിയിലാണ് കായിക ഭവൻ നിർമ്മിക്കുന്നത്. ആദ്യഘട്ടമായി എട്ടര കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കായിക ഭവൻ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു.

കായിക മേഖലയുടെ സമഗ്ര ഭരണ കേന്ദ്രമായി കായിക ഭവൻ മാറുമെന്ന് മന്ത്രി പറഞ്ഞു. കായിക ഡയറക്ടറേറ്റ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ പ്രവർത്തനം ഇവിടേക്ക് മാറും. രാജ്യത്ത് ആദ്യമായി ഒരു കായിക വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പ്ലാനിംഗ് ആൻഡ് റിസർച്ച് വിഭാഗവും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുക.

കഴിഞ്ഞ പത്ത് വർഷത്തിൽ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം കായിക മേഖലയിൽ നടപ്പാക്കി. മുമ്പ് രണ്ട് സിന്തറ്റിക് ട്രാക്കുകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് 24 സിന്തറ്റിക് ട്രാക്കുകളുണ്ട്. 830 പഞ്ചായത്തുകളിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും 20 ശതമാനം വരെ കായിക മേഖലയ്ക്കായി മാറ്റിവയ്ക്കാനും ഓരോ പഞ്ചായത്തിലും അഞ്ച് കായിക പരിശീലകരെ വീതം നിയമിക്കാനും അനുമതി നൽകി. 160 പഞ്ചായത്ത് കളിക്കളങ്ങളുടെ നിർമ്മാണം പൂർത്തിയായതായും, എല്ലാ പഞ്ചായത്തുകളിലും ഒരു കോടി രൂപ ചെലവിൽ പുതിയ കളിക്കളം നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

2030 ലെ കോമൺവെൽത്ത് ഗെയിംസും 2036 ൽ ഇന്ത്യയിൽ നടക്കാൻ സാധ്യതയുള്ള ഒളിമ്പിക്‌സും മുന്നിൽക്കണ്ട് മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ 'ഒളിമ്പിക് പാത്ത്' എന്ന പേരിൽ പുതിയ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മനംകുളത്ത് നാല് സ്റ്റേഡിയങ്ങൾ ഉൾപ്പെടുന്ന സ്‌പോർട്‌സ് സർക്യൂട്ട് നിർമ്മിക്കും. കൂടാതെ ജില്ലകളിൽ അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽക്കുളങ്ങളും ഫുട്‌ബോൾ ടർഫുകളും അത്‌ലറ്റിക്‌ ഗ്രൗണ്ടുകളും ഒരുക്കും. 2036 ലെ ഒളിമ്പിക്‌സിനായി കുറഞ്ഞത് 500 പേരുടെ ടീമിനെ കേരളത്തിൽ നിന്ന് സജ്ജമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കായിക മേഖലയ്ക്കായി സംസ്ഥാന ബഡ്ജറ്റിൽ 300 കോടി രൂപ ഈ വർഷം മാറ്റിവെച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് കൂടി ചേരുമ്പോൾ 500 കോടിയിലധികം രൂപ കായിക രംഗത്ത് മാത്രം ചിലവഴിക്കാൻ ലഭ്യമാകും. കഴിഞ്ഞ പത്ത് വർഷത്തിനിടെ 960 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകാൻ കഴിഞ്ഞതായും രാജ്യത്ത് ഏറ്റവുമധികം കായിക താരങ്ങൾക്ക് ജോലി നൽകിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി കായിക ഉച്ചകോടിയും കായിക നയവും സ്‌പോർട്‌സ് എക്കണോമിയും നടപ്പിലാക്കിയത് കേരളത്തിലാണ്. 5000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കായിക മേഖലയിലേക്ക് കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ 43 കായിക ഇനങ്ങളെ ഉൾപ്പെടുത്തി ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഉടൻ നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

കായിക വകുപ്പിന്റെ പ്രവർത്തന മാർഗ്ഗരേഖയും കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ പുതിയ വെബ്‌സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫ് അലി അധ്യക്ഷനായി. കായിക യുവജനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡയറക്ടർ പി വിഷ്ണുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ എസ് ഷേർലി, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേഷ് തുടങ്ങിയവർ സന്നിഹിതരായി.

---------------

Hindusthan Samachar / Sreejith S


Latest News