Enter your Email Address to subscribe to our newsletters

Newdelhi, 11 മാര്ച്ച് (H.S.)
ഇറാൻ-യു.എസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചത് മൂലം ഉണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ത്വരിത നടപടികളുമായി കേന്ദ്രസർക്കാർ.
ഗള്ഫ് രാജ്യങ്ങള്ക്ക് പകരം നോർവേ, യു.എസ്. എന്നിവിടങ്ങളില് നിന്നും കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള നടപടികള് രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങള് അറിയിച്ചു. എന്നിരുന്നാലും ഈ കപ്പലുകള് എത്താൻ സമയമെടുക്കുന്നതിനാല് ഇടക്കാലത്തേക്ക് ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അടിയന്തരമായി 10 ലക്ഷം ടണ് എല്പിജി വാങ്ങാനുള്ള നടപടികള് സ്വീകരിച്ചുവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഗാർഹിക ഉപയോക്താക്കള്ക്ക് മുൻഗണന നല്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഇന്ത്യയുടെ എല്.പി.ജി ഉത്പാദനം 10% വർദ്ധിച്ചതായും ഉദ്ദ്യോഗസ്ഥർ വ്യക്തമാക്കി.
'ലിക്വിഫൈഡ് നാച്ചുറല് ഗ്യാസിന്റെ (LNG) കാര്യത്തില് വേഗത്തില് മാറ്റങ്ങള് വരുത്താൻ ബുദ്ധിമുട്ടാണ്. ഖത്തർ കഴിഞ്ഞാല് നോർവീജിയൻ അല്ലെങ്കില് അമേരിക്കൻ വാതകമാണ് ആശ്രയം, അത് ഇന്ത്യയിലെത്താൻ ഏറെ സമയമെടുക്കും. മുമ്പ് എംഎംബിടിയുവിന് 6-8 ഡോളറിനാണ് ഖത്തറില് നിന്നും വാതകം ലഭിച്ചിരുന്നത്. എന്നാല് ഇപ്പോള് അത് 15 ഡോളറായി ഉയർന്നു. എന്നാല് വില MMBtu-ന് 10 ഡോളർ കടന്നാല് ദൂരം പ്രശ്നമാണെങ്കില് പോലും നോർവേ, യു.എസ്. എന്നിവിടങ്ങളില്നിന്നുള്ള വാതകം ലാഭകരമാകും', ഉദ്യോഗസ്ഥർ വിശദീകരിച്ചു.
യു.എസ്/നോർവേ എന്നിവിടങ്ങളില് നിന്ന് വാതകവുമായി ഇന്ത്യയിലെത്താൻ കപ്പലുകള്ക്ക് ഏകദേശം രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് ഷിപ്പിംഗ് വ്യവസായ കണക്കുകള് പറയുന്നത്. ഓർഡറുകള് നല്കി ഡെലിവറി ലഭിക്കുന്നതിന് ഒരു 'ലീഡ് ടൈം' ഉണ്ടാകും. വാതകം ദീർഘകാല പ്രശ്നമാകില്ല, പക്ഷേ ചില ഹ്രസ്വകാല ബുദ്ധിമുട്ടുകള് നേരിട്ടേക്കാം എന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
വാണിജ്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കാതെ ഗാർഹിക ഉപഭോക്താക്കള്ക്ക് തടസ്സമില്ലാത്ത എല്.പി.ജി വിതരണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.വാണിജ്യ എല്.പി.ജി ക്ഷാമം സംബന്ധിച്ച ഹോട്ടലുടമകളുടെ ആശങ്കകള് പരിഹരിക്കാൻ, ഓയില് മാർക്കറ്റിങ് കമ്പനികളിലെ (OMCs) മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉള്പ്പെടുന്ന സമിതിക്ക് സർക്കാർ തിങ്കളാഴ്ച രൂപം നല്കിയിട്ടുണ്ട്. എല്.പി.ജി വിതരണ അപേക്ഷകള് പരിശോധിച്ച് സാധ്യമായത്ര അളവ് നല്കുക എന്നതാണ് ഈ സമിതിയുടെ ലക്ഷ്യം. സമിതി ഇതിനോടകം ഹോട്ടലുടമകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ യഥാർത്ഥ ആവശ്യങ്ങളും പരിഗണിച്ച്, സാധ്യമായ അത്രയും സഹായം നല്കുമെന്ന് സമിതി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR