ട്രെയിനുകളിലും പ്രതിസന്ധി; ഇന്ഡക്ഷന് കുക്കര് ഉപയോഗിക്കാന് നിര്ദേശം: ഭക്ഷണത്തിന്റെ തുക മടക്കി നല്കും
Newdelhi, 11 മാര്ച്ച് (H.S.) ഇറാന്-ഇസ്രായേല് യുദ്ധത്തെത്തുടര്ന്ന് രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത പാചകവാതക ക്ഷാമം ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെയും ബാധിക്കാന് ഇടയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന് റെയില്വേ കാറ്ററിങ് ആന്ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്
Indian Railway


Newdelhi, 11 മാര്ച്ച് (H.S.)

ഇറാന്-ഇസ്രായേല് യുദ്ധത്തെത്തുടര്ന്ന് രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത പാചകവാതക ക്ഷാമം ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെയും ബാധിക്കാന് ഇടയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന് റെയില്വേ കാറ്ററിങ് ആന്ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്സിടിസി).

പ്രതിദിനം 17 ലക്ഷത്തോളം ഭക്ഷണപ്പൊതികളാണ് ഇന്ത്യന് റെയില്വേയുടെ ഭക്ഷണ വിതരണ വിഭാഗമായ ഐആര്സിടിസി വിതരണം ചെയ്യുന്നത്. പാചകവാതക ലഭ്യത കുറഞ്ഞതോടെ ഭക്ഷണ ലഭ്യത ഉറപ്പാക്കുന്നതില് ഐആര്സിടിസി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഐആര്സിടിസിയുടെ പ്രധാന അടുക്കളകളുടെ പ്രവര്ത്തനത്തെ പാചകവാതക ക്ഷാമം ബാധിച്ചുകഴിഞ്ഞു.

ഗ്യാസ് ക്ഷാമം ഇനിയും രൂക്ഷമായാല് ട്രെയിനുകളില് പാകം ചെയ്ത ഭക്ഷണം നല്കുന്നത് താല്ക്കാലികമായി നിര്ത്തിവെക്കേണ്ടി വരുമെന്ന് അധികൃതര് മുന്നറിയിപ്പു നല്കി. ഇത്തരമൊരു സാഹചര്യം വന്നാല് ടിക്കറ്റിനൊപ്പം ഭക്ഷണത്തിനായി മുന്കൂട്ടി പണമടച്ച യാത്രക്കാര്ക്ക് ആ തുക തിരികെ നല്കാനാണ് റെയില്വേയുടെ തീരുമാനം.

നിലവിലെ പ്രതിസന്ധി മറികടക്കാന് റെയില്വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളോടും ഐആര്സിടിസി അടുക്കളകളോടും ഗ്യാസിന് പകരം മറ്റ് ബദല് മാര്ഗങ്ങള് ഉപയോഗിച്ച് പാചകം ചെയ്യാന് നിര്ദേശം നല്കിയിട്ടുണ്ട്. മുംബൈ അടക്കമുള്ള പശ്ചിമ മേഖലയിലെ സ്റ്റേഷനുകളിലെ ഭക്ഷണശാലകളോട് മൈക്രോവേവ് ഓവനുകളിലേക്കും ഇന്ഡക്ഷന് കുക്കറുകളിലേക്കും മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യാത്രക്കാര്ക്ക് തടസമില്ലാതെ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ ഈ നിര്ദേശങ്ങള് പുറപ്പെടുവിച്ചത്. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞാലും പാചകം മുടങ്ങാതിരിക്കാന് വൈദ്യുതി അടുപ്പുകള് പരമാവധി പ്രയോജനപ്പെടുത്തണം. പാകം ചെയ്ത ഭക്ഷണത്തോടൊപ്പം തന്നെ പെട്ടെന്ന് കഴിക്കാവുന്ന 'റെഡി ടു ഈറ്റ്' ഭക്ഷണ സാധനങ്ങളുടെ മതിയായ ശേഖരം കരുതണമെന്നും ഐആര്സിടിസി കത്തില് വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാസ് വിതരണ ശൃംഖലയിലുണ്ടാകുന്ന ഏത് തടസത്തെയും നേരിടാനുള്ള ഓപ്ഷനുകള് മുന്നില് കണ്ട് തയാറെടുക്കാനാണ് റെയില്വേയുടെ നിര്ദേശം

യാത്രക്കാര്ക്ക് ഭക്ഷണം തടസമില്ലാതെ ലഭ്യമാക്കാന് പരമാവധി ശ്രമിക്കുമെന്നും എന്നാല് വിതരണം മുടങ്ങുന്ന സാഹചര്യമുണ്ടായാല് യാത്രക്കാര്ക്ക് സാമ്ബത്തിക നഷ്ടം ഉണ്ടാകില്ലെന്നും റെയില്വേ വ്യക്തമാക്കിയിട്ടുണ്ട്.

ദീര്ഘദൂര യാത്രക്കാരാണ് കൂടുതല് പ്രതിസന്ധി നേരിടുന്നത്. അതേസമയം, ട്രെയിനുകളിലെ കാറ്ററിങ് ഉടനടി തടസപ്പെട്ടേക്കില്ലെന്നാണ് റെയില്വേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. നിലവിലുള്ള എല്പിജി സ്റ്റോക്കുകള് തീരുമ്ബോഴാണ് പ്രതിസന്ധി ഉടലെടുക്കുക. അടുത്ത 15 മുതല് 20 ദിവസത്തിനുള്ളില് പാചകവാതക വിതരണം സ്ഥിരത കൈവരിച്ചില്ലെങ്കില് പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News