ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി
Thiruvananthapuram, 11 മാര്ച്ച് (H.S.) പ്രയാഗ്രാജിലെ കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ ആഗോളശ്രദ്ധ നേടിയ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഒന്നര വർഷം മുൻപ് ഫേസ്ബുക്കിലൂടെ ആരംഭിച്ച പ
KUMBH VIRAL GIRL MONALISA


Thiruvananthapuram, 11 മാര്ച്ച് (H.S.)

പ്രയാഗ്രാജിലെ കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ ആഗോളശ്രദ്ധ നേടിയ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്ലെ കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. ഒന്നര വർഷം മുൻപ് ഫേസ്ബുക്കിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസം നിന്നതോടെയാണ് കേരള പൊലീസിന്റെ സഹായം താരം തേടിയത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന ചിത്രത്തിലൂടെയായിരുന്നു മൊണലിസ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നാഗമ്മ എന്ന ചിത്രത്തിലൂടെയാണ് മൊണലിസ മലയാളത്തില് അരങ്ങേറ്റം കുറിച്ചത്.

പൂവാറിൽ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് പൊലീസ് സംരക്ഷണം തേടിയത്. പ്രമുഖ നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവു നായകനാകുന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ഇപ്പോൾ വെള്ളിത്തിരയിലേക്ക് എത്തുന്നത്. തനിക്ക് അച്ഛനിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൊണാലിസ പൊലീസിനോട് വെളിപ്പെടുത്തി.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും തമ്മിലുള്ള ബന്ധത്തെ പെൺകുട്ടിയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. രാജ്യത്തെ മറ്റു പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. എറണാകുളത്ത് വച്ച് അച്ഛൻ ജയ് സിങ് ഭോസ്ലെയുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് അവിടെനിന്നും കാമുകനൊപ്പം ട്രെയിൻ മാർഗമാണ് താരം തിരുവനന്തപുരത്ത് എത്തിയത്. അച്ഛൻ തന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.

പൂവാറില് നിന്നു വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് തന്നെ കൂട്ടിക്കൊണ്ടു പോകാന് പിതാവ് എത്തിയത് മൊണാലിസ അറിഞ്ഞത്. ഇതേത്തുടര്ന്നാണ് മൊണാലിസയും കാമുകനും തമ്പാനൂര് സ്റ്റേഷനില് അഭയം തേടിയത്. തുടര്ന്ന് മൊണാലിസയുടെ പരാതിയെത്തുടർന്ന് അച്ഛൻ ജയ് സിങ് ഭോസ്ലെയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. യുവതിക്ക് 18 വയസ്സ് പൂർത്തിയായ സാഹചര്യത്തിൽ, സ്വന്തം ഇഷ്ടപ്രകാരം ആർക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നെന്നും തമ്പാനൂര് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ജിജു കുമാര് പി.ഡി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ അച്ഛനെതിരെ ഔദ്യോഗികമായി പരാതി നൽകാൻ താരം തയ്യാറായിട്ടില്ല. അതിനാല് സിനിമയുടെ സംവിധായകനേയും മാനെജരേയും വിളിച്ചു വരുത്തി അവര്ക്കൊപ്പമാണ് ഇരുവരേയും പറഞ്ഞു വിട്ടതെന്നും ജിജുകുമാര് വ്യക്തമാക്കി. കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വൈറലായ മൊണാലിസയുടെ ചാരക്കണ്ണുകളും സംസാരശൈലിയും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. കുംഭമേളയിൽ താരത്തെ കാണാൻ വൻ ജനക്കൂട്ടം എത്തിയതോടെ അന്ന് കച്ചവടം നിർത്തേണ്ടി വന്നിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News