കേരളത്തിന് എയിംസ് അനുവദിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി.
Ernakulam, 11 മാര്ച്ച് (H.S.) കേരളത്തിന് എയിംസ് അനുവദിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാൽ കേരളത്തിന് എയിംസ് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കാസർകോട് എയിംസ് സംരക്ഷണ സമിതി
Highcourt


Ernakulam, 11 മാര്ച്ച് (H.S.)

കേരളത്തിന് എയിംസ് അനുവദിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാൽ കേരളത്തിന് എയിംസ് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കാസർകോട് എയിംസ് സംരക്ഷണ സമിതി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വിഷയത്തിൽ കേന്ദ്രത്തോട് കോടതി സത്യവാങ്മൂലം തേടിയിരുന്നു. രാജ്യത്ത് 22 എയിംസുകളുടെ നിർമാണം നടക്കുന്നുണ്ടെന്നും ഇതിൽ 18 എണ്ണത്തിൻ്റെ പണി പൂർത്തിയായെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബാക്കി നാലെണ്ണം അവസാന ഘട്ടത്തിലായതിനാൽ അതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പുതിയ എയിംസ് നിർമിക്കുന്നതിൽ നയപരമായ തീരുമാനം എടുത്താൽ മാത്രമേ സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയൂ എന്നും കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ടാണ് കേരളത്തിന് എയിംസ് വൈകുന്നതെന്ന് കോടതി ചോദിച്ചത്. നിലവിൽ അനുമതി നൽകിയ 22 എയിംസുകൾക്ക് ഏത് മാർഗനിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.

കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം

എയിംസുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടതിയിൽ പരസ്പരം പഴിചാരി. എയിംസിനായി കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകൻ ആരോപിച്ചു. 2016ൽ ഈ പദ്ധതി മുന്നോട്ടുവച്ചെങ്കിലും സംസ്ഥാനത്തിൻ്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, ഈ വാദത്തെ സംസ്ഥാന സർക്കാർ പൂർണമായും തള്ളി.

എയിംസിനായി ഭൂമി കണ്ടെത്തുകയും അത് ഏറ്റെടുത്ത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വ്യക്തമാക്കി. കത്തുകൾ നൽകിയതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നും അനുകൂലമായ മറുപടി ഉണ്ടായില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റിവച്ചു.

കാസർകോടിൻ്റെ ദുരിതം

കാസർകോട് ജില്ലയുടെ പ്രത്യേക സാഹചര്യങ്ങളും അവിടെ എയിംസ് സ്ഥാപിക്കേണ്ടതിൻ്റെ അനിവാര്യതയുമാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് രോഗികളുള്ള കാസർകോട് മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി കർണാടകയിലെ ആശുപത്രികളെ പൂർണമായും ആശ്രയിക്കേണ്ട ഗതികേടിലാണ് അതിർത്തി ജില്ലയായ കാസർകോട്ടെ സാധാരണക്കാർ.

കൊവിഡ് മഹാമാരിയുടെ സമയത്ത് കർണാടക അതിർത്തി അടച്ചപ്പോൾ അടിയന്തര ചികിത്സ ലഭിക്കാതെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ എയിംസ് പോലൊരു അത്യാധുനിക ആരോഗ്യ കേന്ദ്രം കാസർകോട് സ്ഥാപിക്കണമെന്നത് ജനങ്ങളുടെ ജീവന്മരണ പോരാട്ടമാണ്. ഇതിനായി കഴിഞ്ഞ കുറേ വർഷങ്ങളായി ജനകീയ സമിതികളുടെ നേതൃത്വത്തിൽ വിവിധ നിരാഹാര സമരങ്ങളും പ്രതിഷേധങ്ങളും കാസർകോട് നടക്കുന്നുണ്ട്.

കോഴിക്കോട് കിനാലൂരിലെ ഭൂമി

അതേസമയം, എയിംസിനായി കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ സംസ്ഥാന സർക്കാർ മുൻപേ തന്നെ ഊർജിതമാക്കിയിരുന്നു. വ്യവസായ വകുപ്പിൻ്റെ കീഴിലുള്ള കെഎസ്ഐഡിസിയുടെ കൈവശമുള്ള ഭൂമിക്ക് പുറമെ കൂടുതൽ സ്വകാര്യ ഭൂമിയും ഏറ്റെടുത്ത് എയിംസിനായി വിട്ടുനൽകാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഏകദേശം ഇരുനൂറോളം ഏക്കർ ഭൂമിയാണ് സംസ്ഥാനം ഇതിനായി കണ്ടെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും പലതവണ നിവേദനങ്ങൾ നൽകുകയും ഡൽഹിയിലെത്തി വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തുടർച്ചയായ കേന്ദ്ര ബജറ്റുകളിൽ ഉൾപ്പെടെ കേരളത്തിനുള്ള എയിംസ് തഴയപ്പെടുകയാണ്. തമിഴ്നാട്ടിലെ മധുര ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങൾക്ക് പുതിയ എയിംസുകൾ അനുവദിച്ചപ്പോഴും, ഉയർന്ന ആരോഗ്യ സൂചികകളുള്ള കേരളത്തോടുള്ള അവഗണന തുടരുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്.

പാർലമെൻ്റിലെ ഇടപെടലുകൾ

പാർലമെൻ്റിൻ്റെ ഇരുസഭകളിലും കേരളത്തിൽ നിന്നുള്ള എംപിമാർ ഈ വിഷയം നിരന്തരം ഉന്നയിക്കാറുണ്ട്. ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും, വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളും കാൻസർ, വൃക്കരോഗങ്ങൾ പോലുള്ളവയും ഫലപ്രദമായി നേരിടാൻ എയിംസ് പോലെ ഉന്നത വൈദ്യശാസ്ത്ര ഗവേഷണ-ചികിത്സാ സ്ഥാപനം സംസ്ഥാനത്ത് അനിവാര്യമാണ്.

ഗവേഷണ മേഖലയ്ക്കും ഇത് കുതിപ്പേകും. സാധാരണക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ സൗജന്യമായും കുറഞ്ഞ ചെലവിലും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്രം മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേരളത്തിൻ്റെ ഊഴം എപ്പോൾ വരുമെന്ന കാര്യത്തിൽ ഇപ്പോഴും യാതൊരു വ്യക്തതയുമില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News