Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 മാര്ച്ച് (H.S.)
കേരളത്തില് രാഷ്ട്രീയ നേതാക്കള്ക്കിടയില് വാക്ക് പോരിന് മൂര്ച്ഛ കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ദേശീയപാത 66-ൻ്റെ ഭാഗമായ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും, കോഴിക്കോട് ബൈപാസ് ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് പുതിയ വിവദാങ്ങള്ക്ക് തിരികൊളുത്തിയത്. ഇതോടെ മോദിയുടെ ചടങ്ങിലേക്ക് ക്ഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്കരിക്കുമെന്നും റിപ്പോര്ട്ടുകള് വരുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ മന്ത്രി റിയാസ് പങ്കെടുക്കേണ്ടതാണ്. എന്നാൽ, ഇദ്ദേഹത്തെ പ്രത്യേകമായി ഒഴിവാക്കിയെന്നാണ് വിമര്ശനം. ഇത്തരത്തിലുള്ള നടപടികള് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് റിയാസ് പ്രതികരിച്ചു. 'എന്നെ ക്ഷണിച്ചിട്ടില്ല, എല്ലാ മന്ത്രിമാരും സ്റ്റേജിൽ കയറി ഇരിക്കണമെന്ന് ഞങ്ങൾക്ക് ഇല്ല, പക്ഷേ മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്' മന്ത്രി പറഞ്ഞു.
എന്താണ് പരിപാടിയിലേക്ക് ക്ഷണിക്കാത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ഇതില് എല്ലാ നിലയിലും സംസ്ഥാനം ഇടപെട്ടിരുന്നു. സംസ്ഥാന സര്ക്കാരിൻ്റെ പിന്തുണയോട് കൂടിയാണ് ദേശീയപാത 66-ൻ്റെ നിര്മാണം പൂര്ത്തിയാക്കിയത്. ഇന്ത്യയില് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം 5600 കോടിയിലധികം രൂപ ദേശീയ പാതയ്ക്ക് വേണ്ടി ചെലവഴിച്ചത്. കടമെടുപ്പ് പരിധിയിലെത്തിയപ്പോള് അത് 12000 കോടിയായിരുന്നു. അതുമാത്രമല്ല, എല്ലാ ഘട്ടത്തിലും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരള സര്ക്കാരിൻ്റെ ഇടപെടലിനെ അഭിനന്ദിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃപരമായ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. നാഷണല് ഹൈവേ അതോറിറ്റിയുടെ റീജിയണല് ഓഫിസര് തന്നെ കേരളം എടുക്കുന്ന ഇടപെടലിനെ അഭിനന്ദിച്ചിട്ടുണ്ട്. ഈ പദ്ധതിയില് ആരെല്ലാം ഇടപെട്ടിട്ടുണ്ടെന്ന് എല്ലാവര്ക്കുമറിയാം, കാര്യങ്ങള് ഇനി ജനം വിലയിരുത്തട്ടെ മന്ത്രി കുറിച്ചു.
തന്നെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു പങ്കുമില്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ പരിപാടിയിലേക്ക് ക്ഷണിച്ചതിന് പിന്നില് രാഷ്ട്രീയമുണ്ട്. ആരാണ് ദേശീയപാത നിര്മാണം പൂര്ത്തിയാക്കാൻ മുന്നിട്ടിറങ്ങിയതെന്ന് ഇവിടുത്തെ ജനങ്ങള്ക്ക് അറിയാം. ഇതൊക്കെ നാട് കാണുന്നണ്ട്. 2014ല് അടച്ചുപൂട്ടിയ പദ്ധതിയായിരുന്നു. 2016ല് പിണറായി വിജയൻ അധികാരത്തിലേക്ക് വന്നതോടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ തന്നെ കാരണം. ഇതൊക്കെ ജനങ്ങള് കാണുന്നുണ്ടെന്നും കേരളത്തിനെ അപമാനിക്കുന്നത് തുല്യമാണ് ഈ നടപടിയെന്നും മന്ത്രി പ്രതികരിച്ചു. എന്തുകൊണ്ടാണ് കേരളത്തില് ബിജെപി വളരുന്നില്ല എന്നതിൻ്റെ ഒരു ഉദാഹരണമാണ് ഇതെന്നും ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ക്ഷണിക്കേണ്ട പരിപാടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
തനിക്ക് ക്ഷണം ലഭിച്ചത് ഇന്നലെയെന്ന് മന്ത്രി എംബി രാജേഷ്
കഴിഞ്ഞ ദിവസമാണ് ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. മണ്ഡലത്തില് വേറെ പരിപാടിയുണ്ടെന്നും അതൊന്നും മാറ്റിവച്ച് മോദിയുടെ ഉദ്ഘാടന ചടങ്ങില് പങ്കെടുക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR