Enter your Email Address to subscribe to our newsletters

Ernakulam, 11 മാര്ച്ച് (H.S.)
കേരളത്തിൻ്റെ വികസന ഭൂപടത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തുന്നു. രാവിലെ 11.30-ഓടെ അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചി നാവികസേനാ ബേസിലെ ഹെലിപാഡിലെത്തും. ഏകദേശം 12.30-ഓടെ മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.30-ഓടെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ എത്തുന്ന അദ്ദേഹം 10,800 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊർജം പകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഏതു നിമിഷവും പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ പര്യടനവും വികസന പദ്ധതികളുടെ ഉദ്ഘാടനവും.
രാഷ്ട്രീയ പ്രാധാന്യം
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി കൊച്ചിയിൽ തുടക്കം കുറിക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ റാലിയിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. സ്ഥാനാര്ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയില്ലെങ്കിലും സാധ്യതാ മണ്ഡലങ്ങളില് ബിജെപി നേതാക്കള് ഇതിനകം തന്നെ പ്രചാരണ പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മഹാ ജനസംഗമം കൂടി കഴിയുന്നതോടെ എന്ഡി എയുടെ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് വേഗത കൂടുമെന്നാണ് നേതാക്കള് പറയുന്നത്.
മാറാത്തത് മാറും ഇനി കേരളം വളരും എന്ന മുദ്രാവാക്യം ഇനി കേരളത്തില് മുഴങ്ങാന് പോവുകയാണെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. എന്ഡി എയുടെ പുതിയ വികസിത കേരളം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളാണ് കേരളത്തില് നടക്കുന്നത്.അതിന് ഊര്ജ്ജം പകരാനാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി. പതിനായിരത്തോളം പ്രവര്ത്തകര് റോഡ് ഷോയായാണ് പ്രധാനമന്ത്രിയെ കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. കലൂരില് അരലക്ഷത്തോളം പ്രവര്ത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വികസിത കേരളം മോദിക്കൊപ്പം എന്ന സങ്കല്പ്പം യാഥാര്ത്ഥ്യമാകാന് പോവുകയാണ്.
തീരദേശ മേഖലയിലെ സ്വാധീനശക്തിയായ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. വികസനവും രാഷ്ട്രീയവും ഒരുപോലെ സമ്മേളിക്കുന്ന ഈ സന്ദർശനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഗോദയിൽ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പുതിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാന വികസന പദ്ധതികൾ
കൊച്ചി റിഫൈനറിയിലെ പുതിയ യൂണിറ്റ്: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ഇത് ഇന്ത്യയുടെ പോളിമർ ഉൽപാദന ശേഷി വർധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യും.
റെയിൽവേ നവീകരണം: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി എന്നീ റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ഏകദേശം 142 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.
ദേശീയപാത വികസനം: ദേശീയപാത 66-ൻ്റെ ഭാഗമായ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും (2,650 കോടി), കോഴിക്കോട് ബൈപാസ് ആറുവരിപ്പാതയും (2,140 കോടി) അദ്ദേഹം ഉദ്ഘാടനം ചെയ്യും.
മറ്റ് പദ്ധതികൾ: ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം, കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പ്രോജക്റ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
യാത്രാ ക്രമീകരണങ്ങൾ
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR