Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 മാര്ച്ച് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് എംപിമാർക്ക് ഹൈക്കമാൻഡ് അനുമതിക്കുള്ള സാധ്യത മങ്ങുന്നു. നിലവിലെ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന പൊതുധാരണ പാർട്ടിയിൽ മുമ്പ് തന്നെ രൂപപ്പെട്ടിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയം ചൂടുപിടിച്ചതോടെയാണ് ഒന്നിലധികം എംപിമാർ മത്സരസന്നദ്ധത അറിയിച്ച് രംഗത്തുവന്നത്.
ഇതിന് അനുമതി നൽകേണ്ടതില്ലെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കൾക്കുമുള്ള നിലപാട്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നതിനെ കേരളത്തിലെ വോട്ടർമാർ തള്ളിക്കളയുമെന്ന ആശങ്കയാണ് പാർട്ടിക്ക് പ്രധാനമായുമുള്ളത്. ഇതിന് പുറമെ എംപിമാർ ജയിക്കുന്ന സ്ഥിതിയുണ്ടായാൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്ന സാഹചര്യവും സംജാതമാകും. അതുകൊണ്ട് തന്നെ എംപിമാരെ താത്കാലികമായി കളത്തിലിറക്കേണ്ടെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
വസ്തുതാവിരുദ്ധ വാർത്തകളോട് പ്രതികരണമില്ല
ഇതിന് പുറമെ അർഹതപ്പെട്ട യുവാക്കൾക്ക് സീറ്റ് നിഷേധിക്കുന്ന നടപടിയായി ഇത് മാറുമെന്നും എംപിമാരുടെ കടന്നുവരവ് മറ്റ് പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്നും പാർട്ടി സംസ്ഥാന നേതൃത്വത്തിൽ വിലയിരുത്തലുണ്ട്. പാർട്ടിക്ക് വിജയിക്കാനാവുന്ന സീറ്റുകൾ എംപിമാർക്ക് നൽകിയാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയഭീതിയുണ്ടെന്ന സന്ദേശമാകും പുറത്തേക്ക് നൽകപ്പെടുകയെന്നും അതിനുള്ള വഴിയൊരുക്കരുതെന്നും കോൺഗ്രസ് നേതാക്കളിൽ പലരും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പത്ത് വർഷം അധികാരത്തിൽ നിന്നും മാറിനിന്ന പാർട്ടിക്ക് ഇപ്പോൾ തിരിച്ചുവരവിനുള്ള സമയമാണെന്നും അതിനിടയിൽ ആവശ്യമില്ലാത്ത വിവാദങ്ങൾക്ക് ഇടം കൊടുക്കേണ്ടെന്നുമാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട്.
എംപിമാരുടെ മത്സരം സംബന്ധിച്ച് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ഭാരവാഹികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും ഹൈക്കമാൻഡ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ അഞ്ച് എംപിമാർ മത്സരസന്നദ്ധത അറിയിച്ച് രംഗത്തുവന്നുവെന്ന വാർത്തകളോടും നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ടെന്നാണ് നേതാക്കൾക്കിടയിലുള്ള പൊതുധാരണ.
കോൺഗ്രസിന് താങ്ങാനാകില്ല
നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്ന സാഹചര്യം ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിന് താങ്ങാനാകില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം ഇടിവി ഭാരതിനോട് വ്യക്തമാക്കി. ഒരേ ആൾക്കാർ മാറിയും തിരിഞ്ഞും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് പാർട്ടിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും. ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു പലരും ഇതേ ആവശ്യമായി എത്തുമെന്നും അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിങ് എംഎൽഎമാർ രംഗത്തിറങ്ങും
തൃപ്പൂണിത്തുറ, പാലക്കാട് എന്നിവ ഒഴികെയുള്ള സിറ്റിങ് എംഎൽഎമാർക്ക് വീണ്ടും സീറ്റ് നൽകാനാണ് കോൺഗ്രസ് ധാരണ. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പം ഏതാണ്ട് നീങ്ങിയതോടെ എല്ലാ എംഎൽഎമാരും വീണ്ടും മത്സരരംഗത്തിറങ്ങാനാണ് സാധ്യതയേറുന്നത്. ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരുന്ന കോൺഗ്രസിൻ്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സിറ്റിങ് എംഎൽഎമാരുടെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമെടുത്ത് പട്ടിക രൂപീകരിക്കും. സിറ്റിങ് എംഎൽഎമാർക്കൊപ്പം തർക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കും. ഇങ്ങനെ രൂപീകരിക്കുന്ന 40 മുതൽ 60 പേരുടെ പട്ടികയാകും ആദ്യം പുറത്തിറങ്ങുകയെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR