Enter your Email Address to subscribe to our newsletters

Malappuram, 11 മാര്ച്ച് (H.S.)
നിയമസഭ തിരഞ്ഞെടുപ്പില് മത്സരിക്കാൻ താത്പര്യം അറിയിച്ചുവെന്ന വാർത്തകള് തള്ളി ഷാഫി പറമ്പിഷ എംപി. മാധ്യമങ്ങള് ഊഹാപോഹങ്ങള് പ്രചരിപ്പിക്കുകയാണെന്നും അനിവാര്യമായ സ്ഥാനാർത്ഥി പട്ടിക കേരളത്തില് ഉണ്ടാകുമെന്നും ഷാഫി പറഞ്ഞു.
മത്സരിക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എംപി.
'കേരളത്തിലെ എല്ലാ എംപിമാരും വരിവരിയായിട്ട് മത്സരിക്കാൻ നില്ക്കുന്നില്ല. അങ്ങനെ ഒരു തീരുമാനം കോണ്ഗ്രസ് പാർട്ടി എടുത്തിട്ടുമില്ല. ഞാനിപ്പോള് ഒന്ന് മത്സരിച്ചു കഴിഞ്ഞിട്ടാണല്ലോ നിക്കുന്നത്. തല്ക്കാലം ഇപ്പോള് അവിടുത്തെ ഉത്തരവാദിത്വം നിറവേറ്റട്ടെ.പാർലമെന്റ് മെമ്ബറായി ഉത്തരവാദിത്വങ്ങള് നിറവേറ്റാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അനാവശ്യമായിട്ടുള്ള ചർച്ചകള്ക്ക് വേദികള് ഉണ്ടാക്കരുത്. ഊഹാപൂഹങ്ങള് ഉണ്ടാക്കിയിട്ട് തെരഞ്ഞെടുപ്പിന്റെ ചർച്ചകള് ആ ദിശയിലേക്ക് വഴിമാറ്റേണ്ടതില്ല. അതിനകത്ത് ഉചിതമായിട്ടുള്ള തീരുമാനം പാർട്ടി എടുക്കും.
കേരളത്തിലെ യുഡിഎഫിന്റെ നല്ല സ്ഥാനാർത്ഥി പട്ടികയായിരിക്കും. അനിവാര്യമായ മാറ്റം കേരളത്തില് ഉണ്ടാകും. ഇവരെ മാറ്റാൻ ജനങ്ങള് തയ്യാറാണ്. ആര് മത്സരിക്കണം മത്സരിക്കേണ്ട എന്നതൊക്കെ പാർട്ടിയാണ് തീരുമാനിക്കുക. വ്യക്തമായ തീരുമാനം പാർട്ടി പറയും',ഷാഫി പറമ്ബില് പറഞ്ഞു.
മത്സരിക്കാനില്ല, ഊഹാപോഹങ്ങള് പ്രചരിപ്പിക്കരുതെന്ന് കെസി വേണുഗോപാല്
സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള് പ്രചരിപ്പിക്കുന്നതില് മാധ്യമങ്ങള് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് കെസി വേണുഗോപാല് എംപി. ഐക്യജനാധിപത്യ മുന്നണിയിലും തികഞ്ഞ ഐക്യമാണുള്ളതെന്നും, യാതൊരു തർക്കങ്ങളുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള് ഏറ്റെടുത്ത് ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കെസി വേണുഗോപാല് പറഞ്ഞു. ദേശീയപാത ഉദ്ഘാടന വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു.
'തെരഞ്ഞെടുപ്പ് അടുത്തപ്പോള്, പൂർത്തീകരിക്കാത്ത ദേശീയപാതാ പദ്ധതികള് ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെ കണ്ണില് പൊടിയിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണ്. ഡിസൈനിലെയും നിർമ്മാണത്തിലെയും ഗുരുതരമായ അപാകതകള് കാരണം തകർന്നടിഞ്ഞ ഈ റോഡ് മുൻപ് തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ച സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പും നാം കാണേണ്ടതുണ്ട്. ഫെഡറല് തത്വങ്ങളെ കാറ്റില്പ്പറത്തി സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷനെപ്പോലുള്ളവരെ മാത്രം ഉള്പ്പെടുത്തി നടത്തുന്ന ഈ പ്രഹസനം കേന്ദ്ര ഗവണ്മെന്റിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഉദാഹരണമാണ്. എന്നാല്, കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികള്ക്ക് മുൻപ് പൂർണ്ണ പിന്തുണ നല്കിയ സംസ്ഥാന സർക്കാരിന് ഇപ്പോള് ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കാൻ യാതൊരു അർഹതയുമില്ല.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാചകവാതക ക്ഷാമത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത കേന്ദ്ര സർക്കാർ ജനങ്ങളുടെ അന്നം മുട്ടിക്കുകയാണ്. കൊമേഴ്സ്യല് ഗ്യാസ് ഏജൻസികള്ക്ക് സിലിണ്ടറുകള് വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം വന്നതിലൂടെ സാധാരണക്കാരുടെ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലാണ്. രാജ്യത്തെ ജനങ്ങള് അനുഭവിക്കുന്ന ഇത്തരം ജീവല്പ്രശ്നങ്ങള് ചർച്ച ചെയ്യുകയാണ് വേണ്ടത്',കെസി വേണുഗോപാല് കുറിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR