Enter your Email Address to subscribe to our newsletters

New delhi, 11 മാര്‍ച്ച് (H.S.)
അന്തസോടെ മരിക്കാനുള്ള മൗലികാവകാശം അംഗീകരിച്ചു കൊണ്ട് രരാജ്യത്ത് ആദ്യമായി നിഷ്‌ക്രീയ ദയാവധിത്തിന് അനുമതി നല്കി സുപ്രീം കോടതി. കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി കിടപ്പില്‍ കഴിയുന്ന 32 വയസുള്ള ഹരീഷ് റാണയുടെ ദയാവധത്തിനാണ് അനുമതി. പിതാവ് നല്‍കിയ അപേക്ഷയിലാണ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മകന്റെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാ ചികിത്സകളും നിര്‍ത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് കെ വി വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് അനുമതി നല്‍കിയത്.
ഒരുകാലത്ത് ഊര്‍ജ്ജസ്വലനായ ബുദ്ധിമാനായ യുവാവായിരുന്നു ഹരീഷ് റാണ. എന്നാല്‍ പേയിങ് ഗസ്റ്റായി താമസിച്ച വീടിന്റെ നാലാം നിലയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് തലച്ചോറിന് ക്ഷതം ഏറ്റു. തലച്ചോറിനേറ്റ ക്ഷതം ക്വാഡ്രാപ്ലീജിയയുള്ള പെര്‍സിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ് (PSV) എന്ന അവസ്ഥയിലേക്ക് നയിച്ചു. കഴിഞ്ഞ 13 വര്‍ഷമായി റാണയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച PEG ട്യൂബുകള്‍ വഴി നല്‍കുന്ന ക്ലിനിക്കലി അഡ്മിനിസ്‌ട്രേറ്റഡ് ന്യൂട്രീഷന്‍ (CAN) മാത്രമാണ് റാണയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഒരു ചികിത്സാ പുരോഗതിയും കൂടാതെ അദ്ദേഹത്തിന്റെ ജൈവിക നിലനില്‍പ്പ് ദീര്‍ഘിപ്പിക്കുക മാത്രമാണ് ചികിത്സ തുടരുന്നതിലൂടെ സാധ്യമാകുന്നതെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. രോഗിയുടെ മാതാപിതാക്കള്‍ പ്രൈമറി, സെക്കന്‍ഡറി മെഡിക്കല്‍ ബോര്‍ഡുകള്‍ രോഗിക്ക് നിര്‍ദ്ദേശിച്ച ക്ലിനിക്കലി അഡ്മിനിസ്‌ട്രേറ്റഡ് ന്യൂട്രീഷന്‍ നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രൈമറി മെഡിക്കല്‍ ബോര്‍ഡ് കമ്മിറ്റി രൂപീകരിച്ചു രോഗിയുടെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രോഗിക്ക് സുഖം പ്രാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശ്വസനത്തിനായി ഒരു ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണം നല്‍കുന്നതിനായി ഒരു ഗ്യാസ്‌ട്രോസ്റ്റമിയും ഉപയോഗിച്ച് അയാള്‍ കട്ടിലില്‍ കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫോട്ടോഗ്രാഫുകള്‍ അദ്ദേഹത്തിന് വ്രണണങ്ങള്‍ ഉണ്ടെന്നും കാണിക്കുന്നു.
തുടര്‍ന്ന്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നേതൃത്വത്തില്‍ ഒരു സെക്കന്‍ഡറി മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് കേസ് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം, ഇത് ഒരു 'ദുഃഖകരമായ റിപ്പോര്‍ട്ട്' ആണെന്നും ആ മനുഷ്യന് ഇതുപോലെ ജീവിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പര്‍ദിവാല അഭിപ്രായപ്പെട്ടു.
2024-ല്‍ തന്റെ മകന്റെ ചികിത്സയെക്കുറിച്ച് മനസിലാക്കാന്‍ പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നിരുന്നാലും, സുപ്രീം കോടതി ഹര്‍ജി അനുവദിക്കാന്‍ വിസമ്മതിച്ചു, എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശ് സംസ്ഥാനം വൈദ്യചികിത്സ ഏറ്റെടുക്കാന്‍ സമ്മതിക്കുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S