Enter your Email Address to subscribe to our newsletters

New delhi, 11 മാര്‍ച്ച് (H.S.)
ന്യൂഡല്‍ഹി: നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ വിവാദത്തെ തുടര്‍ന്ന് അധ്യായം മാറ്റി എഴുതിയെന്ന എന്‍സിഇആര്‍ടിയുടെ സത്യാവാങ്മൂലത്തില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. എന്‍സിആര്‍ടി പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയില് നിന്ന് പുറത്താക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്ത് പുതിയ അധ്യായം തയ്യാറിക്കിയെന്നും 2026-2027 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും എന്‍സിഇആര്‍ടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആരാണ് ഈ മാറ്റങ്ങള്‍ എല്ലാം വരുത്തിയതെന്നും മാറ്റം വരുത്തിയ ഉള്ളടക്കം എന്താണെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് നടപടി.
പ്രൊഫസര്‍ മൈക്കല്‍ ഡാനിനോ, അധ്യാപിക സുപര്‍ണ ദിവാകര്‍, നിയമ ഗവേഷകന്‍ അലോക് പ്രസന്ന കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മൂന്നംഗ സംഘത്തിലെ മൂന്ന് പേരെയും നിലവിലുള്ള എല്ലാ ചുമതലകളില്‍ നിന്നും നീക്കണമെന്നും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളെയും വ്യക്തികളെയും കണ്ടെത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നും കുറ്റക്കാര്‍ രാജ്യത്തിന് പുറത്ത് ഒളിച്ചിരിക്കുകയാണെങ്കില്‍ പോലും അവരെ വെറുതെ വിടില്ലെന്ന് കോടതി അറിയിച്ചു.
നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ വിവാദത്തെ തുടര്‍ന്ന് എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ എന്‍സിഇആര്‍ടിയോട് നിര്‍ദ്ദേശിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നത് എന്‍സിഇആര്‍ടിക്ക് വിട്ടുനല്‍കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ തന്നെ വിദഗ്ധ സമിതി രൂപികരിക്കുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു.
എട്ടാം ക്ലാസിലെ മാത്രമല്ല എല്ലാ ക്ലാസുകളിലെയും പാഠപുസ്‌കങ്ങള്‍ പുനഃപരിശോധിക്കാനായി സ്വതന്ത്രവും നിഷ്പക്ഷവുമായ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ഞങ്ങള്‍ വ്യവസ്ഥാപരമായ മാറ്റങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിദഗ്ധരുടെ പരിശോധനക്ക് ശേഷം മാത്രമേ പാഠപുസ്തകം പ്രസിദ്ധീകരിക്കുള്ളുവെന്നും മേത്ത ബെഞ്ചിനോട് പറഞ്ഞു. പാഠപുസ്തക ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദവുമായി ബന്ധപ്പെട്ട് എന്‍സിഇആര്‍ടി ക്ഷമാപണം നടത്തി രണ്ട് സത്യാവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മേത്ത കോടതിയെ അറിയിച്ചു.
അതേസമയം പ്രശ്നങ്ങള്‍ ഒരു പ്രത്യേക അധ്യായത്തില്‍ മാത്രമായി ഉള്ളതല്ലെന്നും പാഠപുസ്‌കത്തിലുടനീളം പ്രശ്നങ്ങള്‍ നിലവിലുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പാഠപുസ്തകം പരിശോധിക്കുന്ന വിദഗ്ധരുടെ കമ്മിറ്റി ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ നാലാം അധ്യായത്തിലാണ് വിവാദ പരാമര്‍ശം. കേസുകള്‍ കെട്ടിക്കിടക്കല്‍, ജഡ്ജിമാരുടെ അപര്യാപ്തത എന്നിങ്ങനെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയുള്‍പ്പെടുത്തിയായിരുന്നു പാഠപുസ്തകം പ്രസിദ്ധീകരിച്ചത്.
ഇതെതുടര്‍ന്ന് വിഷയത്തില്‍ സ്വമേധയാ സുപ്രീംകോടതി കേസെടുത്തിരുന്നു. ജുഡീഷ്യറയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പുസ്തകത്തിന്റെ വിതരണം തടയാനും ഓണ്‍ലൈന്‍ പതിപ്പുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ പുസ്തകം തിരിച്ചെടുക്കാന്‍ എന്‍സിഇആര്‍ടി തീരുമാനിച്ചിരുന്നു. കൂടാതെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ ആക്ഷേപകരമായ ഉള്ളടക്കം പുറത്തുകൊണ്ടുവന്നതിന് മാധ്യമങ്ങള്‍ക്ക് കോടതി നന്ദില അറയിക്കുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S