Enter your Email Address to subscribe to our newsletters

Newdelhi , 12 മാര്ച്ച് (H.S.)
ജിസിസി രാജ്യങ്ങൾക്കും ജോർദാനുമെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിക്കുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. എല്ലാ ഇറാനിയൻ ആക്രമണങ്ങളും ഉടൻ നിർത്തണമെന്നും ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാൻ്റെ ഭീഷണികളെ പ്രമേയത്തിൽ അപലപിക്കുകയും ചെയ്തു. 130 രാജ്യങ്ങൾക്കൊപ്പാമാണ് ഇന്ത്യയും പ്രമയേത്തെ പിന്തുണച്ചത്.
ഇറാൻ നടത്തിയ അതിക്രൂരമായ ആക്രമണങ്ങളെ അപലപിച്ച് കൊണ്ടുള്ള പ്രമയമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ തയ്യാറാക്കിയത്. നിലവിൽ അമേരിക്കയുടെ അധ്യക്ഷതയിലുള്ള 15 രാജ്യങ്ങളുടെ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചു. പ്രമേയത്തിന് അനുകൂലമായി 13 വോട്ടുകൾ ലഭിച്ചു. ആരും പ്രമേയത്തെ എതിർത്തില്ല. അതേസമയം ചൈനയും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബഹ്റൈൻ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ത്യ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ഈജിപ്ത്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, ജപ്പാൻ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, മ്യാൻമർ, ന്യൂസിലാൻഡ്, നോർവേ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, സ്പെയിൻ, യുക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യെമൻ, സാംബിയ എന്നിവയുൾപ്പെടെ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. ആക്രമണങ്ങൾ നടന്ന രാജ്യങ്ങളെ പ്രമേയം ശക്തമായി പിന്തുണക്കുകയും ചെയ്തു.
ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ തീവ്രമാണ്. ഇത്തരം പ്രവർത്തികൾ രാജ്യാന്തര നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും പ്രദേശത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത് ഭീഷണിയാകുമെന്നും പ്രസ്താവനയില് പറയുന്നു. ജിസിസി രാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും ഭീഷണികളും മറ്റും നിർത്തണമെന്നും യുഎൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമപ്രകാരം, നിർണായക സമുദ്ര പാതകളിൽ, വ്യാപാര, വാണിജ്യ കപ്പലുകളുടെ യാത്രാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ബഹുമാനിക്കപ്പെടണമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അതേസമയം കപ്പലുകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ദുർബലപ്പെടുത്തുന്നവ ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ നിന്നും അവരുടെ കപ്പലുകളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമപ്രകാരം അംഗരാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും പ്രമയത്തിൽ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്ഗതാഗതം തടസപ്പെടുത്തുക അല്ലെങ്കിൽ ബാബ് അൽ മന്ദബിലെ സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയാകുക എന്നിവ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ഏതൊരു നടപടികളെയും ഭീഷണികളെയും ലോകരാജ്യങ്ങൾ ഒന്നടങ്കം എതിർത്തു. ജനവാസ കേന്ദ്രങ്ങൾ, സിവിലിയൻ വസ്തുക്കൾ എന്നിവ ആക്രമിക്കപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെയുള്ളവ പൂർണമായും പാലിക്കാൻ ഇറാനോട് ആവശ്യപ്പെട്ടു. 'സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ഇറാനിയൻ ഭരണകൂടത്തിൻ്റെ ക്രൂരതയെ അപലപിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ പ്രസ്താവനയാണ് പ്രമേയം അംഗീകരിച്ചതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു'. പ്രമേയത്തെ പിന്തുണച്ച 135 രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
'ഒരു തെറ്റും ചെയ്യരുത്. ഇന്ന് അത് ഇറാൻ ആണ്; നാളെ അത് മറ്റേതൊരു പരമാധികാര രാഷ്ട്രവുമാകാമെന്ന് അമീർ സയീദ് ഇറവാനി പറഞ്ഞു'. ഫെബ്രുവരി 28 നാണ് ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചത്. കണക്കുകൾ പ്രകാരം സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,348 ൽ അധികം പേർ കൊല്ലപ്പെട്ടു. 17,000 ൽ അധികം പേർക്ക് പരിക്കേറ്റു. 19,734 ജനവാസ മേഖലകൾ ആക്രമിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഇതിൽ 16,191 പാര്പ്പിട സമുച്ചയങ്ങള്, 1,617 വാണിജ്യ, സേവന കേന്ദ്രങ്ങൾ, 77 മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ സൗകര്യങ്ങൾ, 65 സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും 16 റെഡ് ക്രസൻ്റ് കെട്ടിടങ്ങൾ, ഒന്നിലധികം ഊർജ്ജ അടിസ്ഥാന സൗകര്യ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. അതേസമയം മേഖലയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക താവളങ്ങളെയും സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഒരു തരത്തിലും പ്രാദേശിക രാജ്യങ്ങളുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും എതിരല്ലെന്ന് ഇറാൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR