Enter your Email Address to subscribe to our newsletters

Amritsar, 12 മാര്ച്ച് (H.S.)
എൽപിജി വാണിജ്യ വാതക വിതരണം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, വാണിജ്യ വാതക സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ തുടരണമെന്നാവശ്യപ്പെട്ട് സിഖ് സംഘടന. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരകൾ പരിപാലിക്കുന്ന സംഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയാണ് (എസ്ജിപിസി) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ- ഇറാൻ തമ്മിലുള്ള സംഘർഷം മൂലം എൽപിജി വാണിജ്യ വാതക വിതരണം തടസപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഗുരു രാംദാസ് ലങ്കാർ ശ്രീ ഹർമന്ദിർ സാഹിബി'ൽ എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂർ ഭക്ഷണ വിതരണം നടത്തിപ്പോരുന്നുണ്ട്. രാജ്യമെമ്പാടും വിദേശത്തുനിന്നും ഏകദേശം ഒരു ലക്ഷത്തോളം പേരാണ് ദിവസവും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുന്നത് എന്ന് എസ്ജിപിസി അഡ്മിനിസ്ട്രേറ്ററും ദർബാർ സാഹിബിൻ്റെ അഡീഷണൽ മാനേജരുമായ ഗുരീന്ദർ സിങ് പറയുന്നു.
നിലവിൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തിൽ കുറവില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ, ഭാവിയിൽ സിലിണ്ടറുകളുടെ വിതരണം തടസപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട് എന്ന് ഗുരീന്ദർ സിങ് പറയുന്നു. ഇതുവരെ ഗ്യാസ് വിതരണത്തെ ബാധിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ ലങ്കാറിലെ ഭക്ഷണ വിതരണത്തിൽ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകിതാരിക്കാൻ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം, എന്ന് ഗുരീന്ദർ സിങ് കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നു.
ലങ്കാറിൽ എത്തുന്നവർക്കായി ഇരുപത്തിനാല് മണിക്കൂറും ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ ഭക്ഷണം തയ്യാറാക്കുന്നതിനായി എല്ലാ ദിവസവും ലങ്കാർ ഘറിൽ വലിയ അളവിൽ വാണിജ്യ എൽപിജി വാതകം ആവശ്യമാണ്. പ്രതിദിനം ഏകദേശം 25 മുതൽ 30 വരെ വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ ഇവിടെ ഉപയോഗിക്കുന്നു. ഇതോടൊപ്പം പൈപ്പ്ലൈൻ വഴിയും എൽപിജി വാതക വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലങ്ങളായി സച്ച്ഖണ്ഡിൽ പ്രവർത്തിക്കുന്ന 'ഗുരു രാംദാസ് ലങ്കാർ ശ്രീ ഹർമന്ദിർ സാഹിബ്' ലോക പ്രശസ്തമായ ലങ്കാർ എന്നറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ അടുക്കള എന്ന ഖ്യാതിയും ഇതിനുണ്ട്. എല്ലാ ദിവസവും ലക്ഷക്കണക്കിന് സിഖ് വിശ്വാസികളും മറ്റ് ഭക്തരും ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിച്ചേരുന്നു. എല്ലാ ദിവസവും മുടങ്ങാതെ ക്വിൻ്റൽ കണക്കിന് പയർവർഗങ്ങൾ, റൊട്ടി, പച്ചക്കറികൾ, ഖീർ തുടങ്ങിയവ ഇവിടെ തയാറാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR