Enter your Email Address to subscribe to our newsletters

Newdelhi , 12 മാര്ച്ച് (H.S.)
മത്സ്യ മാർക്കറ്റിലെ തീപിടിത്തത്തിൽ നിരവധി വീടുകളും വ്യവസായ സ്ഥാപനങ്ങളും കത്തിനശിച്ചു. ഡൽഹി ഉത്തം നഗറിലെ മട്ടിയാല ഗ്രാമത്തിലെ ഒരു മത്സ്യ മാർക്കറ്റിൽ ഇന്നലെ (മാർച്ച് 11) രാത്രി വൈകിയാണ് തീപിടിത്തമുണ്ടായത്. രാത്രി 11.50 ഓടെ മാർക്കറ്റിലെ കടകളിൽ ആളുകൾ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെയാണ് അപകടം. തീപിടിത്തത്തിൽ ആളപായമൊന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
തീപടർന്ന് പിടിച്ചതോടെ സമീപത്തെ നിരവധി ചേരികളിലേയ്ക്കും തീ പടരുകയായിരുന്നു. ഇത് നിരവധി കുടുംബങ്ങളുടെ വീടുകൾക്ക് ഭീഷണിയായി. സമീപത്ത് താമസിക്കുന്ന ആളുകൾ പുക കണ്ട് ഉടൻ തന്നെ അഗ്നിശമന സേനയെ വിളിച്ചതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞു മാറിയത്. തീപിടിത്തത്തിൽ ഏകദേശം 300 മുതൽ 400 വരെ ചേരികൾ കത്തിനശിച്ചതായി ഡൽഹി ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.
തീപിടിത്ത വിവരം ലഭിച്ചയുടൻതന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. രാത്രി 11.50 ന് ശേഷമാണ് അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചത്. 23 ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. മണിക്കൂറുകളോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഇന്ന് (മാർച്ച് 12) പുലർച്ചെ 3.45 ഓടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത് എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
നോയിഡയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
ഇന്ന് (മാർച്ച് 12) പുലർച്ചെ മറ്റൊരു തീപിടിത്തം കൂടി ഡല്ഹിയില് നിന്ന് റിപ്പോര്ട്ട് ചെയ്യപ്പപ്പെട്ടിട്ടുണ്ട്. നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫേസ് 2 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സെക്ടർ 4, B40 ൽ സ്ഥിതി ചെയ്യുന്ന മീറ്റർ നിർമ്മാണ കമ്പനിയിലാണ് തീപിടിത്തം നടന്നത്. കമ്പനിയുടെ മൂന്നാം നിലയിലാണ് തീ പടർന്ന് പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന നിരവധിപ്പേർക്ക് പരിക്കേറ്റു. തീപിടിത്തം നടക്കുമ്പോൾ 50 ലധികം ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. തീപടരാൻ തുടങ്ങിയപ്പോൾ കമ്പനിയിലെ ജീവനക്കാർ പരിഭ്രാന്തിയിലായി. തുടർന്ന് കമ്പനിയുടെ മുകളിലത്തെ നിലയിലുള്ളവർ ജീവൻ രക്ഷിക്കാൻ പുറത്തേയ്ക്ക് ചാടി. കൂടുതൽ ആളുകൾക്കും ഇങ്ങനെയാണ് പരിക്കേറ്റത് എന്നും പൊലീസ് വ്യക്തമാക്കി. പവൻ ബൻസാലി എന്നയാളുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണിത്.
അതേസമയം രാവിലെ ആറ് മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ച് അഗ്നിശമന സേനയ്ക്ക് വിവരം ലഭിച്ചതെന്ന് ചീഫ് ഫയർ ഓഫിസർ പ്രദീപ് കുമാർ ചൗബെ പറഞ്ഞു. 25 ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. കമ്പനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ നിരന്തരം പ്രവർത്തിക്കുന്നു. നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. കൂടാതെ കമ്പനിക്കുള്ളിൽ വലിയ അളവിൽ പ്ലാസ്റ്റിക്കും മാലിന്യവും ഉണ്ടായിരുന്നു. ഒരുപക്ഷേ ഇതാകാം തീപിടിത്തത്തിന് കാരണമെന്ന നിഗമനവും ചീഫ് ഫയർ ഓഫിസർ മുൻപോട്ട് വയ്ക്കുന്നു.
പ്രദേശവാസികൾ നൽകിയ വിവരത്തെത്തുടർന്നാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും തീ പൂർണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കമ്പനിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അതിവേഗത്തിൽ നടന്നുവരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR