Enter your Email Address to subscribe to our newsletters

Sreenagar, 12 മാര്ച്ച് (H.S.)
ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ ലക്ഷ്യങ്ങളായിരുന്നുവെന്ന് പിടിയിലായ പ്രതി പോലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ കൊല്ലാൻ ഞാൻ അവസരം പാർത്തിരിക്കുകയായിരുന്നു, ഇത് എന്റെ വ്യക്തിപരമായ അജണ്ടയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.
ആക്രമണം നടന്നത് വിവാഹ ചടങ്ങിനിടെ
ബുധനാഴ്ച രാത്രി ജമ്മുവിലെ ഗ്രേറ്റർ കൈലാഷിലുള്ള റോയൽ പാർക്കിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പിന്നിലൂടെ എത്തിയ ആക്രമി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയുടെ ഉപദേശകൻ നസീർ അസ്ലം വാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.
പ്രതി ജമ്മു സ്വദേശി
ജമ്മുവിലെ പുരാണി മണ്ഡി സ്വദേശിയായ 63-കാരനായ കമൽ സിംഗ് ജംവാൾ ആണ് പിടിയിലായതെന്ന് പോലീസ് തിരിച്ചറിഞ്ഞു. അജിത് സിംഗിന്റെ മകനായ ഇയാൾ ജമ്മു പഴയ നഗരത്തിൽ നിരവധി കടകളുടെ ഉടമയാണ്. ഈ കടകളിൽ നിന്നുള്ള വാടകയാണ് ഇയാളുടെ പ്രധാന വരുമാന മാർഗ്ഗം. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇയാളുടെ സ്വന്തമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസമയം ഇയാൾ മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടുപിന്നിലെത്തിയ ആക്രമി തോക്ക് പുറത്തെടുക്കുന്നതും വെടിവയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഒരു ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഉമർ അബ്ദുള്ളയുടെ പ്രതികരണം
പിതാവിന്റെ ജീവൻ രക്ഷിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതായി മുഖ്യമന്ത്രി ഉമർ അബ്ദുള്ള പ്രതികരിച്ചു. അതീവ സുരക്ഷയുള്ള ഒരു വ്യക്തിയുടെ ഇത്രയടുത്ത് തോക്കുമായി ഒരാൾ എത്തിയത് എങ്ങനെയെന്നത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇതിന് പിന്നിൽ മറ്റ് ഗൂഢാലോചനകളുണ്ടോ എന്ന് പരിശോധിക്കുമെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ ഈ വധശ്രമം താഴ്വരയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും സുരക്ഷാ ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്. പ്രതിയുടെ 20 വർഷം നീണ്ട ശത്രുതയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
---------------
Hindusthan Samachar / Roshith K