അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടിക്കെതിരെ ഒന്നുമില്ല, ആരോടും സഹായം ചോദിച്ചിട്ടില്ല: ജി. സുധാകരൻ
Alapuzha, 12 മാര്ച്ച് (H.S.) ആലപ്പുഴ: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിലപാട് പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി താൻ ജനവിധി തേടുമെന്ന് അദ്ദേഹം ഔദ
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടിക്കെതിരെ ഒന്നുമില്ല, ആരോടും സഹായം ചോദിച്ചിട്ടില്ല: ജി. സുധാകരൻ


Alapuzha, 12 മാര്ച്ച് (H.S.)

ആലപ്പുഴ: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിലപാട് പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി താൻ ജനവിധി തേടുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരാനില്ലെന്നും പാർട്ടിക്കെതിരെ താൻ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് സുധാകരൻ

വാർത്താസമ്മേളനത്തിൽ അതീവ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. വർഷങ്ങളായി താൻ നയിച്ച പാർട്ടി ജീവിതത്തെയും രാഷ്ട്രീയ പാരമ്പര്യത്തെയും അദ്ദേഹം ഓർത്തെടുത്തു. ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും ഹൈസ്കൂൾ കാലം മുതൽ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയാണ് പ്രവർത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമീപകാലത്ത് തന്നെയും തന്റെ പിതാവിനെ പോലും അധിക്ഷേപിക്കുന്ന തരത്തിൽ ചില പാർട്ടി അംഗങ്ങൾ വ്യക്തിഹത്യ നടത്തിയതിൽ അദ്ദേഹം വലിയ അമർഷം രേഖപ്പെടുത്തി. മൂന്ന് ആഴ്ച മുമ്പ് അംഗത്വം പുതുക്കാതിരുന്നത് വാർത്തയാക്കി നൽകിയത് ഒരു ജില്ലാ കമ്മിറ്റി അംഗമാണെന്നും പാർട്ടി ആശയങ്ങൾ താൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് പാർട്ടികളുമായുള്ള ബന്ധം

യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണങ്ങളെ സുധാകരൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. താൻ ഒരു പ്രതിപക്ഷ പാർട്ടിയുമായും ചർച്ച നടത്തിയിട്ടില്ലെന്നും ആരുമായും സഹായം തേടി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എ ബേബി കഴിഞ്ഞ ദിവസം തന്റെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പലതും വെറും പ്രചാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.എം വിട്ടു വന്നാൽ കോൺഗ്രസ് ഒപ്പം നിൽക്കുമെന്ന് നേതാക്കൾ പറയുന്നതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാനെതിരെ വിമർശനം

മന്ത്രി സജി ചെറിയാന്റെ മുൻകാല പ്രസ്താവനകളെ സൂചിപ്പിച്ചും സുധാകരൻ വിമർശനം ഉന്നയിച്ചു. ഭരണഘടനയെ 'കുന്തം', 'കുടചക്രം' എന്നൊന്നും താൻ പറയില്ലെന്നും യഥാർത്ഥ പാർട്ടി രീതികൾ താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ പദവിയിൽ എത്രകാലം ഇരുന്നു എന്നതിനേക്കാൾ ആ കാലയളവിൽ ജനങ്ങൾക്കായി എന്ത് ചെയ്തു എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അമ്പലപ്പുഴയിലെ ജനങ്ങൾ തന്നോടൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്. സി.പി.എമ്മിന്റെ കോട്ടയായ അമ്പലപ്പുഴയിൽ സുധാകരന്റെ ഈ ചുവടുമാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / Roshith K


Latest News