Enter your Email Address to subscribe to our newsletters

Thiruvanathapuram, 12 മാര്‍ച്ച് (H.S.)
ഗള്‍ഫ് നാടുകളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാറ്റേര്‍ഡ് കാര്‍ഗോ സര്‍വീസുകള്‍. ഇന്നലെ രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനം 36 ടണ്‍ പഴം-പച്ചക്കറികളും വഹിച്ച് ഇന്ന് രാവിലെ 10: 45ന് മടങ്ങി. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രത്യേക കാര്‍ഗോ വിമാനത്തില്‍ 80 ടണ്‍ ഭക്ഷ്യോത്പ്പന്നങ്ങള്‍ യു.എ.ഇയില്‍ എത്തിച്ചതിന് പുറമേയാണിത്. ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യോത്പ്പന്നങ്ങള്‍ എത്തിച്ച് ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ് ലുലു മാനേജ്‌മെന്റും എം.എ യൂസഫലിയും ലക്ഷ്യമിടുന്നത്.
അബുദാബി ഉള്‍പ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാര്‍റ്റേര്‍ഡ് വിമാന സര്‍വീസ് പുറമേ നിത്യേനയുള്ള വിമാന സര്‍വീസുകളിലായി ദിനംപ്രതി- 5 മുതല്‍ 6 ടണ്‍ വരെ ഭക്ഷ്യോത്പ്പന്നങ്ങള്‍ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ട് വഴി കയറ്റി അയക്കുന്നുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലേക്കായി ഇത്തിഹാദ് എയര്‍, എയര്‍ അറേബ്യ, സൗദി എയര്‍, ഫ്‌ലൈ എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ തുടങ്ങിയ യാത്രാ വിമാനങ്ങളിലായിട്ടാണ് ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ട് കാര്യക്ഷമമായി ഭക്ഷ്യോത്പ്പന്നങ്ങള്‍ കയറ്റിയയ്ക്കുന്നത്.
പ്രാദേശിക കാര്‍ഷിക വിപണിക്ക് കരുത്തേകുന്ന നീക്കം കൂടിയാണിത്. കേരളത്തില്‍ നിന്നും കൂടുതല്‍ കാര്‍ഗോ വിമാന സര്‍വീസുകളും വരും ദിവസങ്ങളിലും തുടരാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. ഡല്‍ഹി, ബംഗ്ലൂരു, മുംബൈ തുടങ്ങിയ വിപണികളില്‍ നിന്നും ഭക്ഷ്യോത്പന്നങ്ങള്‍ ഗള്‍ഫ് മേഖലയിലേക്ക് പ്രത്യേക വിമാനങ്ങളില്‍ ലുലു കയറ്റുമതി ചെയ്യുന്നുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖലയില്‍ കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വന്നിരുന്നത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അടിയന്തിരമായി വിഷയത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ സംവിധാനങ്ങളുമായി സംസാരിച്ചു മേഖലയിലെ പ്രതിസന്ധിക്ക് വലിയ പരിഹാരമാണ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തി ഗള്‍ഫ് മേഖലിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുമെന്നും എം.എ യൂസഫലി ഉറപ്പ് നല്‍കിയിരുന്നു. ലുലു ഗ്രുപ്പിന്റെ ഈ നടപടി കേരളത്തിലെ കയറ്റുമതിക്കാര്‍ക്കും വ്യാപാര സംരംഭങ്ങള്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ പുതിയ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
---------------
Hindusthan Samachar / Sreejith S