ജലാശയങ്ങളെ ശ്വാസം മുട്ടിക്കുന്ന കുളവാഴയെന്ന 'വില്ലനെ' മത്സ്യകൃഷിയിലെ വിലപ്പെട്ട വിഭവമാക്കി മാറ്റി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ
Ernakulam , 13 മാര്ച്ച് (H.S.) ജലാശയങ്ങളെ ശ്വാസം മുട്ടിക്കുന്ന കുളവാഴയെന്ന ''വില്ലനെ'' മത്സ്യകൃഷിയിലെ വിലപ്പെട്ട വിഭവമാക്കി മാറ്റി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. പരിസ്ഥിതിക്ക് ഭീഷണിയാകുന്ന കുളവാഴയെ ഉപയോഗപ്പെടുത്തി മത്സ
AQUACULTURE


Ernakulam , 13 മാര്ച്ച് (H.S.)

ജലാശയങ്ങളെ ശ്വാസം മുട്ടിക്കുന്ന കുളവാഴയെന്ന 'വില്ലനെ' മത്സ്യകൃഷിയിലെ വിലപ്പെട്ട വിഭവമാക്കി മാറ്റി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. പരിസ്ഥിതിക്ക് ഭീഷണിയാകുന്ന കുളവാഴയെ ഉപയോഗപ്പെടുത്തി മത്സ്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താമെന്ന ഈ കണ്ടെത്തൽ കേരളത്തിലെ അക്വാകൾച്ചർ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരായ മേഘ ലൗജൻ, റെമി നതാകിരുത്തിമാന എന്നിവരും അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എം. മുജീബ് റഹ്മാനുമാണ് ഈ പഠനത്തിന് പിന്നിൽ. കുളവാഴയുടെ ഇലയും തണ്ടും ഈസ്റ്റ് സംയോജനത്തിലൂടെ സംസ്കരിച്ചെടുത്ത് ബയോഫ്ലോക് മത്സ്യകൃഷിയിൽ കാർബൺ സ്രോതസായി ഉപയോഗിക്കാം എന്നതാണ് ഈ പഠനത്തിൻ്റെ കാതൽ.

ഇത്തരത്തിൽ തയ്യാറാക്കുന്ന മിശ്രിതം ഗിഫ്റ്റ് തിലാപ്പിയകളുടെ വളർച്ചാ നിരക്ക് വർധിപ്പിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. കുളവാഴ നമ്മുടെ ജലാശയങ്ങളുടെ സ്വാഭാവികമായ ഒഴുക്കിനെയും, മത്സ്യബന്ധനത്തെയും, ബോട്ടുകൾ ഉൾപ്പടെയുള്ള യാത്രയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ്, കുള വാഴയെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന ആശയമാണ് ഇത്തരമൊരു ഗവേഷണത്തിേലേക്ക് നയിച്ചതെന്ന് ഡോ. കെ.എം. മുജീബ് റഹ്മാൻ പറഞ്ഞു.

കുള വാഴയെ കാർബൺ സ്രോതസാക്കി ഉപയോഗിക്കാമെന്ന് കണ്ടെത്തുകയായിരുന്നു. ഇത് വളരെ എളുപ്പത്തിൽ മത്സ്യ കർഷകർക്ക് ഉപയോഗിക്കാൻ കഴിയും. ഇതിന് വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലന്നും അദ്ദേഹം വ്യക്തമാക്കി. കുള വാഴ ഉപയോഗിച്ച് തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ചപ്പോൾ ഗിഫ്റ്റ് തിലാപ്പിയുടെ വളർച്ചയിൽ അറുപത് ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടാക്കിയതെന്നും ഡോ. കെ.എം. മുജീബ് റഹ്മാൻ വ്യക്തമാക്കി. കർഷകർ വലിയ കൃഷികളിൽ ഉപയോഗിക്കുമ്പോൾ എത്ര മാത്രം ഈ മിശ്രിതം ഉപയോഗിക്കാമെന്നതിനെ കുറിച്ച് തുടർ പഠനം ആവശ്യമാണന്ന് ഗവേഷണാംഗമായ മേഘ ലൗജൻ പറഞ്ഞു.

ലോകത്തിലാദ്യമായാണ് കുളവാഴയുടെ വിവിധ ഭാഗങ്ങൾ ഈസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ച് കാർബൺ സ്രോതസ്സായി മാറ്റുന്ന രീതി ശാസ്ത്രീയമായി പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ അക്വാ കൾച്ചർ റിപ്പോർട്ട് സിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജലാശയങ്ങളിൽ പടർന്നുപന്തലിച്ച് ഓക്സിജൻ തടസ്സപ്പെടുത്തുന്ന കുളവാഴയെ നശിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ ഈ പാഴ്വസ്തുവിനെ സമ്പത്താക്കി മാറ്റുകയാണ് കുസാറ്റിലെ ഗവേഷകർ ചെയ്തത്.മത്സ്യകൃഷിയിലെ ഏറ്റവും വലിയ ചെലവ് തീറ്റയ്ക്കാണ്. കുളവാഴ കാർബൺ സ്രോതസയി ഉപയോഗിക്കുന്നതിലൂടെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

ജലാശയങ്ങളിലെ കുളവാഴ നീക്കം ചെയ്യുന്നതിലൂടെ ജലസ്രോതസുകൾ സംരക്ഷിക്കപ്പെടുന്നു. രാസവസ്തുക്കൾക്ക് പകരം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ സുസ്ഥിരമായ മത്സ്യകൃഷി സാധ്യമാകും. മത്സ്യകൃഷി കൂടുതൽ ലാഭകരമാക്കാൻ ഈ കണ്ടെത്തൽ കർഷകരെ സഹായിക്കുമെന്ന് ഡോ. കെ.എം. മുജീബ് റഹ്മാൻ കൂട്ടിച്ചേർത്തു. നിലവിൽ ബയോഫ്ലോക് രീതിയിൽ ശർക്കരയോ മറ്റ് കാർബൺ സ്രോതസുകളോ ആണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി കുളവാഴ ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭത്തോടൊപ്പം പരിസ്ഥിതി ശുചീകരണത്തിനും സഹായിക്കും. ബ്ലൂ ഇക്കോണമി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായി ഈ ഗവേഷണ നേട്ടത്തെ വിലയിരുത്താം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News