ഇൻഡക്ഷൻ കുക്കറുകൾക്കും മണ്ണെണ്ണ സ്റ്റൗവുകള്ക്കുമായി വിപണിയിൽ നെട്ടോട്ടം, സ്റ്റോക്ക് തീര്ന്നു
Thiruvananthapuram , 13 മാര്ച്ച് (H.S.) പാചക വാതകക്ഷാമത്തെത്തുടർന്ന് സംസ്ഥാനത്ത് ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെയും മണ്ണെണ്ണ സ്റ്റൗവിന്റെയും വിൽപ്പന കുത്തനെ ഉയർന്നു. പല പ്രമുഖ ഹോം അപ്ലൈൻസസ് ഷോപ്പുകളിലും ഇൻഡക്ഷൻ കുക്കറുകളുടെ സ്റ്റോക്ക് തീർന്നു. ഇലക്ട്രി
GAS SHORTAGE


Thiruvananthapuram , 13 മാര്ച്ച് (H.S.)

പാചക വാതകക്ഷാമത്തെത്തുടർന്ന് സംസ്ഥാനത്ത് ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെയും മണ്ണെണ്ണ സ്റ്റൗവിന്റെയും വിൽപ്പന കുത്തനെ ഉയർന്നു. പല പ്രമുഖ ഹോം അപ്ലൈൻസസ് ഷോപ്പുകളിലും ഇൻഡക്ഷൻ കുക്കറുകളുടെ സ്റ്റോക്ക് തീർന്നു.

ഇലക്ട്രിക് ഓവൻ, എയർ ഫ്രൈയർ, ഇലക്ട്രിക് കെറ്റിൽ എന്നിവയുടെ വിൽപ്പനയും രണ്ടിരട്ടിയായി വർദ്ധിച്ചു. ഇത്തരം ഉൽപ്പന്നങ്ങളുടെ എക്സ്ചേഞ്ചും സർവീസും വർധിച്ചതായും കടയുടമകൾ പറയുന്നു. വീടുകളിലേക്ക് മാത്രമല്ല, ചെറുകിട ഹോട്ടലുകളും ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ വൻതോതിൽ വാങ്ങുന്നുണ്ട്.

കുത്തനെ ഉയർന്ന കച്ചവടം

1,200 രൂപ മുതൽ വിവിധ കമ്പനികളുടെ ഇൻഡക്ഷൻ കുക്കറുകൾ വിപണിയിൽ ലഭ്യമാണ്. 1,800-2,500 രൂപ നിരക്കിലുള്ള കുക്കറുകളാണ് കേരളത്തിൽ കൂടുതലായി വിറ്റുപോകുന്നത്. 1,200 വാട്ട് മുതൽ 2,200 വാട്ട് വരെയുള്ള കുക്ക്ടോപ്പുകൾ വിപണിയിലുണ്ട്. പ്രമുഖ ഷോറൂമുകളിൽ മുൻപ് സാധാരണഗതിയിൽ 20-30 ഇൻഡക്ഷൻ കുക്ക്ടോപ്പുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 150-200ന് അടുത്തായി.

പാചക വാതകവില വലിയതോതിൽ ഉയർന്ന മുൻപത്തെ സാഹചര്യത്തിലും ഇത്തരത്തിൽ വിൽപ്പന കൂടിയിരുന്നു. പെട്ടെന്നാണ് വിൽപ്പനയിൽ വർദ്ധന ഉണ്ടായതെന്ന് മൈജി സീനിയർ മാനേജർ ആത്മജൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. ഓവൻ, ഇലക്ട്രിക് കെറ്റിലുകൾ എന്നിവയുടെ വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. പഴയ ഉപകരണങ്ങൾ റിപ്പയർ ചെയ്യാനായി എത്തുന്നവരുടെ എണ്ണവും കൂടിയതായി ആത്മജൻ വ്യക്തമാക്കി.

സ്റ്റോക്ക് കുറവ്

ഇൻഡക്ഷൻ കുക്ക്ടോപ്പിന് സമീപകാലത്ത് വലിയ തോതിൽ ഡിമാൻഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് പല ഹോം അപ്ലൈൻസസ് ഷോപ്പുകളും ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിരുന്നില്ല. പെട്ടെന്ന് ഡിമാൻഡ് വർദ്ധിച്ചതോടെ പലയിടത്തും ഇൻഡക്ഷൻ കുക്കറുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. കൂടുതൽ സ്റ്റോക്കിന് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും എത്തിയിട്ടില്ല.

മുൻപ് പ്രമുഖ ബ്രാൻഡുകൾ നോക്കിയാണ് ഉപഭോക്താക്കൾ വാങ്ങിയിരുന്നത്. ഇപ്പോൾ ഏത് ബ്രാൻഡായാലും മതിയെന്ന ആവശ്യവുമായാണ് ഉപഭോക്താക്കൾ കടകളിലെത്തുന്നത്. അധിക വിൽപ്പന കാരണം ഇൻഡക്ഷൻ കുക്ക്ടോപ്പ് സ്റ്റോക്ക് തീർന്നതായി ക്യൂ.ആർ.എസ്. (QRS) സെയിൽസ് വിഭാഗം പ്രതിനിധി ഷെഫീഖ് ഇ ടിവി ഭാരതിനോട് പറഞ്ഞു. വാതകക്ഷാമം പെട്ടെന്നുണ്ടായതിനാൽ കൂടുതൽ സ്റ്റോക്ക് മുൻകൂട്ടി കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഓൺലൈനിലും വിൽപ്പന ഇരട്ടി

ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വിൽപ്പന കുതിച്ചുയർന്നു. ആഴ്ചകൾക്ക് മുൻപുള്ളതിനേക്കാൾ വിൽപ്പനയിൽ നാലിരട്ടിയോളം വർദ്ധനയാണ് രേഖപ്പെടുത്തിയത്. ദിവസങ്ങൾ കൊണ്ടാണ് ഡിമാൻഡ് ഇത്രത്തോളം ഉയർന്നതെന്ന് ഫ്ളിപ്പ്കാർട്ട് പ്രതിനിധി പറയുന്നു.

ആമസോൺ പ്ലാറ്റ്ഫോമിൽ ഇൻഡക്ഷൻ കുക്ക്ടോപ്പ്, ഓവൻ, എയർ ഫ്രൈയർ, ഇലക്ട്രിക് കെറ്റിൽ എന്നിവയുടെ വിൽപ്പനയിൽ 20 ശതമാനത്തിലേറെ വർധനയുണ്ടായി. റൈസ് കുക്കറുകളുടെയും പ്രഷർ കുക്കറുകളുടെയും വിൽപ്പന അഞ്ചിരട്ടിയായും വർധിച്ചു. ഇൻഡക്ഷൻ കുക്ക്ടോപ്പുമായി ബന്ധപ്പെട്ട സെർച്ചുകളും വർദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കാമെന്ന ഭയത്താൽ ഉപഭോക്താക്കൾ മുൻകൂട്ടി ഉപകരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നതും വിപണിയിലെ തിരക്ക് വർദ്ധിപ്പിക്കുന്നുണ്ട്.

ഓഹരി വിപണിയിലും മുന്നേറ്റം

വിൽപ്പനയും അന്വേഷണങ്ങളും വർധിച്ചതോടെ ഇൻഡക്ഷൻ കുക്ക്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രിക് വീട്ടുപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ ഓഹരിവിലയും കുതിക്കുകയാണ്. ബോറോസിൽ, ബജാജ് ഇലക്ട്രിക്കൽസ്, ടി.ടി.കെ. പ്രസ്റ്റീജ്, ഹോക്കിൻസ്, ബട്ടർഫ്ളൈ എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ഒരേസമയം വിൽപ്പന വർദ്ധിച്ചതാണ് കമ്പനികൾക്ക് ഗുണകരമായത്.

മടങ്ങിയെത്തിയ മണ്ണെണ്ണ സ്റ്റൗ

ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പഴയ മണ്ണെണ്ണ സ്റ്റൗവുകളും ഇപ്പോൾ അടുക്കളകളിലേക്ക് മടങ്ങിയെത്തുകയാണ്. നഗരപ്രദേശങ്ങളിൽ വിറക് അടുപ്പുകൾ പ്രായോഗികമല്ലാത്തതിനാലാണ് പലരും പഴയ മണ്ണെണ്ണ സ്റ്റൗവുകൾ പൊടിതട്ടിയെടുക്കുന്നത്. മുൻപ് കുറഞ്ഞ വിലയുണ്ടായിരുന്ന ഒന്നരലിറ്റർ മണ്ണെണ്ണ സ്റ്റൗവിന്റെ ഇപ്പോഴത്തെ വില 3,000 രൂപയോളമാണ്. ചെറുകിട മാർക്കറ്റുകളിൽ മണ്ണെണ്ണ സ്റ്റൗ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇവയുടെ ഓൺലൈൻ വിൽപ്പനയും ഇരട്ടിയായിട്ടുണ്ട്.

എന്നാൽ മണ്ണെണ്ണ ക്ഷാമമാണ് ഉപഭോക്താക്കൾ നേരിടുന്ന മറ്റൊരു പ്രശ്നം. റേഷൻ കടയിൽ നിന്ന് തുച്ഛമായ അളവിൽ ലഭിക്കുന്ന മണ്ണെണ്ണ തികയാത്തതിനാൽ കരിഞ്ചന്തയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് പലരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News