Enter your Email Address to subscribe to our newsletters

Ernakulam , 13 മാര്ച്ച് (H.S.)
ശബരിമല സ്വര്ണക്കവര്ച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്ശം റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങള് തെളിവായി കണ്ടെത്തിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ദ്വാരപാലക പാളികള് സ്വര്ണം പൂശിയതാണ് എന്ന് തന്ത്രിക്ക് അറിയാമായിരുന്നു. എന്നാല് ചെമ്പെന്ന് എഴുതിയ മഹസറില് തന്ത്രി ഒപ്പുവെച്ചു. 1998ല് പാളികള് സ്വര്ണ്ണം പൂശുമ്പോള് കണ്ഠരര് രാജീവരര് ആണ് തന്ത്രിസ്ഥാനത്ത്. സ്വര്ണപാളികള് സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് തന്ത്രിക്ക് അറിയാം. 2019 ജൂലൈ 19, 20 തീയതികളിലെ സന്നിധാനത്തെ ചിത്രങ്ങളും ഇതിന് തെളിവാണ്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതിയും തയ്യാറാക്കിയത് ഒരേ വേഡ് ഫയലിലാണെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലാണ് ഇത് തയ്യാറാക്കിയതെന്നും എസ്ഐടി അപ്പീലിൽ വാദമായി ഉന്നയിച്ചിട്ടുണ്ട്.
താന്ത്രിക കര്മ്മങ്ങളിലെ മതിയായ അറിവാണ് തന്ത്രിയാകാനുള്ള പ്രാഥമിക യോഗ്യത. തന്ത്രി ഭക്തനായിരിക്കണമെന്നുമാണ് ദേവസ്വം മാനുവലിലെ നിര്ദ്ദേശം. ഇതിന് ഘടക വിരുദ്ധമായ തെളിവുകള് തന്ത്രിയുടെ മൊബൈലില് നിന്ന് കണ്ടെത്തി. ഫൊറന്സിക് പരിശോധനയിലാണ് തെളിവുകള് കണ്ടെത്തിയതെന്നും എസ്ഐടി വ്യക്തമാക്കി.
ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. കര്ണ്ണാടകയില് പലയിടത്തും പൂജ ചെയ്യാന് തന്ത്രി പോയിട്ടുണ്ട്. പൂജയ്ക്കുള്ള സൗകര്യം ഒരുക്കി നല്കിയത് പോറ്റിയാണ്. ഇതിനുള്ള സാക്ഷിമൊഴികളുണ്ടെന്നും എസ്ഐടി വ്യക്തമാക്കി.
തിരുവിതാംകൂര് കൊച്ചി ഹിന്ദുമത നിയമപ്രകാരം തന്ത്രി പൊതുസേവകനാണ്. വിവിധ പൂജകള്ക്ക് അംശാദായം പറ്റുന്നയാളാണ് ശബരിമലയിലെ തന്ത്രി. തന്ത്രിക്ക് സ്വകാര്യ സ്ഥാപനത്തില് കോടികളുടെ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയതായും അപ്പീലിൽ എസ്ഐടി വാദമുന്നയിച്ചിട്ടുണ്ട്.
അതേസമയം സ്വർണകവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജിവരർക്ക് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ 16-ാം പ്രതിയാണ് തന്ത്രി കണഠരര് രാജീവരര്.
41 ദിവസത്തെ റിമാൻഡിന് ശേഷമാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തെളിവകളുടെ അഭാവത്തിൽ കോടതി തന്ത്രിക്ക് ജാമ്യം നൽകുകയായിരുന്നു. തന്ത്രിക്കെതിരായ കേസില് മതിയായ തെളിവുകള് ഹാജരാക്കാന് പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR