Enter your Email Address to subscribe to our newsletters

New delhi, 13 മാര്‍ച്ച് (H.S.)
ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം തുടങ്ങി പ്രതിപക്ഷം. ഇന്ത്യ സഖ്യം ഇതുസംബനഅധിച്ച് നോട്ടീസ് നല്‍കി. ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നല്‍കിയത്. 130 പേര്‍ ലോക്‌സഭയില്‍ നിന്നും 63 പേര്‍ രാജ്യസഭയില്‍ നിന്നും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് ഇത് ആദ്യമായിട്ടാണ്.
ഏഴ് ആരോപണങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്. പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂര്‍വം തടസ്സപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.
കഴിഞ്ഞ ദിവസം സ്പീക്കര്‍ ഓ ബിര്‍ളയ്ക്ക് എതിരായ അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടിട്ട് തളളിയിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളാണു പ്രമേയം അവതരിപ്പിച്ചത്. സഭയുടെ നിഷ്പക്ഷമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. 40 വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണു സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നത്.
സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരുന്നത് നിര്‍ഭാഗ്യകരമെന്നായിരുന്നു വോട്ടെടുപ്പിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രംസഗത്തില്‍ പറഞ്ഞത്. ബിജെപി പ്രതിപക്ഷത്തായിരുന്ന കാലത്ത് ഒരിക്കല്‍പ്പോലും സ്പീക്കര്‍ക്ക് എതിരെ പ്രമേയം കൊണ്ടുവന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. പ്രധാന പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോവുമെന്നും, പിന്നീടു തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തുമെന്നുമായിരുന്നു അമിത് ഷായുടെ പരിഹാസം.
പാര്‍ലമെന്റില്‍ വിയോജിപ്പിനുള്ള ഇടം ചുരുങ്ങുന്നുവെന്ന തങ്ങളുടെ ആശങ്കകള്‍ വ്യക്തമാക്കാനാണു പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. പ്രതിപക്ഷ അംഗങ്ങള്‍ക്ക് മതിയായ സംരക്ഷണം സ്പീക്കറില്‍നിന്ന് ലഭിക്കുന്നില്ലെന്നു തോന്നാറുണ്ടെന്നായിരുന്നു ആര്‍ജെഡി എംപി അഭയ് കുമാര്‍ സിന്‍ഹ പറഞ്ഞത്.
---------------
Hindusthan Samachar / Sreejith S