Enter your Email Address to subscribe to our newsletters

Moscow, 13 മാര്ച്ച് (H.S.)
മോസ്കോ/വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, പസഫിക് മഹാസമുദ്രത്തിൽ വൻ നാവിക അഭ്യാസപ്രകടനവുമായി റഷ്യ. പസഫിക് മേഖലയിലെ അവാച്ച ഗൾഫിലാണ് (Avacha Gulf) റഷ്യൻ പസഫിക് ഫ്ലീറ്റ് തങ്ങളുടെ സൈനിക കരുത്ത് വിളിച്ചോതുന്ന അഭ്യാസങ്ങൾ നടത്തിയത്. മിസൈൽ പ്രതിരോധ സംവിധാനങ്ങളും അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലുകളും അണിനിരത്തിയുള്ള ഈ നീക്കം പാശ്ചാത്യ രാജ്യങ്ങൾക്കും ഇസ്രായേലിനും എതിരെയുള്ള റഷ്യയുടെ കൃത്യമായ താക്കീതായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
കരുത്ത് കാട്ടി റഷ്യൻ പസഫിക് ഫ്ലീറ്റ്
റഷ്യയുടെ അത്യാധുനിക അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലായ MPK-107 ആണ് അഭ്യാസ പ്രകടനത്തിലെ പ്രധാന ആകർഷണം. സാങ്കൽപ്പിക ശത്രുക്കളുടെ ഡ്രോൺ ആക്രമണങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതായിരുന്നു പരീക്ഷണത്തിന്റെ മുഖ്യ ലക്ഷ്യം. MPK-107-ൽ നിന്നുള്ള ഉസ-M2 (Osa-M2) എയർക്രാഫ്റ്റ് മിസൈൽ സംവിധാനവും RBU-6000 റോക്കറ്റുകളും ഉപയോഗിച്ച് ശത്രു ഡ്രോണുകളെയും കപ്പലുകളെയും തകർക്കുന്നതിൽ റഷ്യൻ നാവികസേന വിജയിച്ചു. യുദ്ധക്കപ്പലുകളെയും സമുദ്രഗതാഗതത്തെയും തടസ്സപ്പെടുത്തുന്ന ശത്രുക്കളുടെ നീക്കങ്ങളെ നേരിടാൻ റഷ്യ സജ്ജമാണെന്ന പ്രഖ്യാപനമാണ് പുടിൻ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇറാൻ യുദ്ധവും റഷ്യൻ ഇടപെടലും
ഹോർമുസ് കടലിടുക്കിൽ ഇറാൻ കടുത്ത ഉപരോധവും കപ്പലുകൾക്ക് നേരെ ആക്രമണവും തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ നീക്കം. അമേരിക്കയും ഇസ്രായേലും ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുമ്പോൾ, ഇറാൻ തിരിച്ചടിക്കുന്നത് ഡ്രോണുകളും മൈൻ നിറച്ച ബോട്ടുകളും ഉപയോഗിച്ചാണ്. ഹോർമുസിലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ റഷ്യയുടെ സാങ്കേതിക സഹായമുണ്ടോ എന്ന സംശയം അമേരിക്ക ഉയർത്തുന്നുണ്ട്. അന്തർവാഹിനികളെ പിന്തുടരാനും നശിപ്പിക്കാനും കഴിവുള്ള അത്യാധുനിക യുദ്ധക്കപ്പലുകൾ റഷ്യ ഇറാന് കൈമാറുമോ എന്നതാണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളുടെ പ്രധാന ആശങ്ക.
ലോകത്തെ മൊത്തം ഇന്ധന വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. അമേരിക്കൻ-ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന നീക്കങ്ങൾ ആഗോള എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്.
പുതിയ പരമോന്നത നേതാവും റഷ്യൻ പിന്തുണയും
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുമായി റഷ്യൻ നേതൃത്വത്തിന് അടുത്ത ബന്ധമാണുള്ളത്. സ്ഥാനമേറ്റ ശേഷമുള്ള തന്റെ ആദ്യ സന്ദേശത്തിൽ, ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന് മുജ്തബ വ്യക്തമാക്കിയിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇറാന്റെ നിലപാട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇറാന്റെ ഉന്നത നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നത് യുദ്ധത്തിൽ റഷ്യ നേരിട്ട് ഇടപെടാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
യുഎസ് സൈനിക വിമാനം ഇറാഖിൽ തകർന്നു വീണതും, ഖത്തറിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണവും മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാക്കുന്നു. ഈ സാഹചര്യത്തിൽ പസഫിക്കിൽ റഷ്യ നടത്തിയ സൈനിക അഭ്യാസം കേവലം ഒരു പരീക്ഷണമല്ല, മറിച്ച് അമേരിക്കൻ സഖ്യകക്ഷികൾക്കുള്ള കൃത്യമായ രാഷ്ട്രീയ-സൈനിക സന്ദേശമാണ്.
രണ്ട് ആഴ്ചയായി നീളുന്ന യുഎസ് ഇസ്രയേല് ഇറാന് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള് നടക്കുന്നെന്ന് സൂചനയുണ്ടെങ്കിലും അടുത്ത കാലത്തൊന്നും അത്തരമൊരു പ്രതീക്ഷയ്ക്ക് വകയില്ലെന്ന് വ്യക്തമാക്കുന്ന നിലപാടുകളാണ് ഇരുപക്ഷവും സ്വീകരിച്ചുവരുന്നത്. ക്രിയാത്മകമായ ചര്ച്ച മാത്രമാണ് ഏത് പ്രശ്നത്തിനും പരിഹാരം എന്നിരിക്കെ പശ്ചിമേഷ്യന് പ്രശ്നത്തില് ഒമാന്റെ നേതൃത്വത്തില് മധ്യസ്ഥ ശ്രമങ്ങള് നടന്നുവരുന്നുണ്ട്. എങ്കിലും കാര്യങ്ങളൊന്നും കരയ്ക്കെത്തുന്നില്ലെന്നു വേണം മനസിലാക്കാന്. ഇതിനിടെയാണ് ഈ വിഷയത്തില് സംസാരിക്കാന് പറ്റുന്ന മികച്ച നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന തരത്തില് ലോകരാജ്യങ്ങള്ക്കിടെയില് തന്നെ ചര്ച്ചകള് ഉയരുന്നത്.
രാജ്യാന്തരതലത്തില് തന്നെ നരേന്ദ്രമോദിയുടെ പേരാണ് മധ്യസ്ഥ സ്ഥാനത്തേക്ക് പറഞ്ഞുകേള്ക്കുന്നത്. ഇപ്പോള് യുഎസിലെ റിട്ടയേര്ഡ് സൈനിക ഉദ്യോഗസ്ഥന് തന്നെയാണ് മോദിയുടെ പേര് ഈ സ്ഥാനത്തേക്ക് എടുത്തുപറയുന്നത്. ‘യുദ്ധം അവസാനിപ്പിക്കാന് ഒരു മധ്യസ്ഥന് ഇടപെട്ടേ പറ്റൂ, അതിനു പറ്റിയ രാജ്യതലവന് നിലവില് നരേന്ദ്രമോദിയാണ്’– ടക്കര് കാള്സണുമായുള്ള പോഡ്കാസ്റ്റിലൂടെ കേണല് ഡഗ്ലസ് മഗ്രെഗര് അഭിപ്രായപ്പെടുന്നു. ഡഗ്ലസ് മഗ്രെഗര് അമേരിക്കന് രാഷ്ട്രീയ രംഗത്തും സൈനിക രംഗത്തും ഏറെ സ്വാധീനമുള്ള വ്യക്തിയാണ്.
മഗ്രെഗറിനു മുന്പ് ഇന്ത്യയിയെ യുഎഇ സ്ഥാനപതി ഹുസൈന് ഹസ്സന് മിര്സയും സമാന അഭിപ്രായം പറഞ്ഞിരുന്നു. മോദിയുടെ ഒരൊറ്റ കോളിലൂടെ ഈ യുദ്ധം അവസാിപ്പിക്കാമെന്നും ഇസ്രയേല്–ഇറാന് നേതൃത്വവുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മോദിയെന്നുമായിരുന്നു മിര്സ അഭിപ്രായപ്പെട്ടത്.
---------------
Hindusthan Samachar / Roshith K