നേമത്ത് അങ്കത്തിന് കെ.എസ്. ശബരീനാഥൻ; തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യത പട്ടിക പുറത്ത്
nemam, 13 മാര്ച്ച് (H.S.) തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലമായ നേമത്ത് മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. ഏറെ ചർച്ച ചെയ്യപ്പെട്ട വൈഷ്ണ സുരേഷിന് പ
നേമത്ത് അങ്കത്തിന് കെ.എസ്. ശബരീനാഥൻ; തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യത പട്ടിക പുറത്ത്


nemam, 13 മാര്ച്ച് (H.S.)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലമായ നേമത്ത് മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. ഏറെ ചർച്ച ചെയ്യപ്പെട്ട വൈഷ്ണ സുരേഷിന് പകരം ശബരീനാഥനെ തന്നെ കളത്തിലിറക്കാനാണ് ഹൈക്കമാൻഡ് തലത്തിലുള്ള നീക്കം. നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ മികച്ച വിജയം നേടി കോൺഗ്രസിന്റെ മേൽവിലാസം തിരിച്ചുപിടിച്ചതാണ് ശബരീനാഥന് നേമത്തേക്ക് വഴിതുറന്നത്.

തിരുവനന്തപുരം സെൻട്രലിൽ സി.പി. ജോൺ?

ആദ്യം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലായിരുന്നു ശബരീനാഥന്റെ പേര് പരിഗണിച്ചിരുന്നത്. എന്നാൽ, യുഡിഎഫ് ഘടകകക്ഷിയായ സിഎംപിക്ക് വേണ്ടി ഈ സീറ്റ് മാറ്റിവച്ചിരിക്കുകയാണ്. സിഎംപി നേതാവ് സി.പി. ജോൺ ഇവിടെ മത്സരിക്കാൻ സാധ്യതയുള്ളതിനാലാണ് ശബരീനാഥനെ നേമത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. ബിജെപിയും എൽഡിഎഫും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന നേമത്ത് ശബരീനാഥനെപ്പോലൊരു യുവനേതാവിനെ ഇറക്കുന്നത് ഗുണകരമാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

ജില്ലയിലെ മറ്റു സാധ്യതകൾ

ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയം ഏകദേശം അവസാന ഘട്ടത്തിലാണ്. സിപിഐ വിട്ട് കോൺഗ്രസിലെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനാണ് കൂടുതൽ സാധ്യത. വാമനപുരത്ത് മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. എന്നാൽ അരുവിക്കര, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അന്തിമ ധാരണയായിട്ടില്ല.

സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ

സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ വീണ്ടും യോഗം ചേരും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം ഘട്ട പട്ടിക തയ്യാറാക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. സിറ്റിംഗ് എംഎൽഎമാർ ഉൾപ്പെടെയുള്ള 31 പേരുടെ ആദ്യ പട്ടിക നേരത്തെ തന്നെ അംഗീകരിച്ചിരുന്നു.

അനുനയ നീക്കങ്ങളുമായി നേതൃത്വം

സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച കെ. സുധാകരൻ എംപി, അടൂർ പ്രകാശ് എംപി എന്നിവരുമായി കെപിസിസി അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും അന്തിമമെന്ന് അദ്ദേഹം നേതാക്കളെ ധരിപ്പിച്ചു. തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വീണ്ടും ചേരുന്നതോടെ ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരത്തെ കോൺഗ്രസ് കോട്ടകൾ തിരിച്ചുപിടിക്കാനും ബിജെപിയുടെ സ്വാധീനം തടയാനും കരുത്തുറ്റ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്താനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ പേരുകൾ പട്ടികയിൽ ഇടംപിടിച്ചേക്കും.

---------------

Hindusthan Samachar / Roshith K


Latest News