ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞ അർജുനെക്കുറിച്ചുള്ള ഓർമ്മകൾ അമ്മ പുസ്തകമാക്കുന്നു.
Kozhikode , 14 മാര്ച്ച് (H.S.) ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞ അർജുനെക്കുറിച്ചുള്ള ഓർമ്മകൾ അമ്മ പുസ്തകമാക്കുന്നു. 72 ദിവസത്തെ കാത്തിരിപ്പിന്റെ ഓർമ്മകളാണ് ഷീല കുറുവച്ചാലിൽ പുസ്തകരൂപത്തിലാക്കിയത്. അർജുൻ എന്റെ മകൻ എന്ന പുസ്തകത്തിന
Arjun mother book


Kozhikode , 14 മാര്ച്ച് (H.S.)

ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് മരണമടഞ്ഞ അർജുനെക്കുറിച്ചുള്ള ഓർമ്മകൾ അമ്മ പുസ്തകമാക്കുന്നു. 72 ദിവസത്തെ കാത്തിരിപ്പിന്റെ ഓർമ്മകളാണ് ഷീല കുറുവച്ചാലിൽ പുസ്തകരൂപത്തിലാക്കിയത്. അർജുൻ എന്റെ മകൻ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ഇന്ന് കോഴിക്കോട്ട് നടക്കും. കേരള വിഷൻ പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ. പത്തു ദിവസത്തിനകം പുസ്തകം ജനങ്ങളുടെ കൈകളിൽ എത്തുമെന്ന് അമ്മ ഷീല പറഞ്ഞു.

പുറംലോകം അറിയാത്ത പല സത്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരെയും വേദനിപ്പിക്കുന്ന ഒരു വരി പോലും അതിലില്ല. സംഭവത്തിനുശേഷം തിക്താനുഭവം നൽകിയവരും ഒരു സമയത്ത് പോസിറ്റീവായി നിന്നവരാണ്. അതിനൊപ്പം തനിക്കും വലിയ പാളിച്ചകൾ സംഭവിച്ചുപോയിട്ടുണ്ട്. ഇവിടെയുള്ള എല്ലാ സംവിധാനങ്ങളെയും തള്ളിപ്പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലായി. അന്നത്തെ ഒരു ഭ്രാന്തമായ അവസ്ഥയിൽ നിന്നാണ് അത്തരം വാക്കുകൾ പറയേണ്ടി വന്നത്. അതിന്റെയെല്ലാം വസ്തുതകൾ തന്റെ എഴുത്തിലുണ്ടെന്ന് ഷീല പറഞ്ഞു.

ദുഃഖം വന്നാലും സന്തോഷം വന്നാലും എഴുതുന്ന ശീലം ചെറുപ്പത്തിലേയുണ്ട്. മകനെ കാണാതായ ദിവസങ്ങളിൽ ആരോടും പറയാൻ പറ്റാത്ത, ഉറക്കെ കരയാൻ പറ്റാത്ത വല്ലാത്തൊരു മാനസികാവസ്ഥയിൽ നിൽക്കുമ്പോഴാണ് പലതും കുത്തിക്കുറിച്ചത്. വീട്ടിലുള്ളവർ എടുത്തു വായിച്ചപ്പോഴാണ് ഇത് ഒരു പുസ്തകമാക്കണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ പിന്നീട് പല കാരണങ്ങളാൽ എഴുത്ത് മുന്നോട്ട് പോയില്ല. ഒടുവിൽ സഹോദരിയും മറ്റ് സുഹൃത്തുക്കളും നിർബന്ധിച്ചതോടെയാണ് എഴുത്ത് പൂർത്തിയാക്കിയത്. 2025 ഡിസംബർ 2-നാണ് പബ്ലിക്കേഷൻസിന് എഴുത്ത് കൈമാറിയത്. 240 എ ഫോർ ഷീറ്റുകളിലാണ് എഴുതി പൂർത്തിയാക്കിയത്. പിന്നീട് ആവശ്യമായ തിരുത്തലുകൾ വരുത്തി. മകനെ നഷ്ടപ്പെട്ടപ്പോൾ അനുഭവിച്ചതിന്റെ യാഥാർത്ഥ്യം ഒരു ചെറുപുസ്തകമായി മാറിയെന്ന് ഷീല പറഞ്ഞു.

2024 ജൂലൈ 16-നായിരുന്നു ആ ദുരന്തം. ഉത്തര കന്നഡയിലെ ഷിരൂരിൽ കനത്ത മഴയിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരെയാണ് കാണാതായത്. ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മണ്ണിടിഞ്ഞുവീണ് അകപ്പെട്ട അർജുനായി നടന്നത് സമാനതകളില്ലാത്ത തിരച്ചിലായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25-നാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തിരച്ചിലിന്റെ ഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിൽ മലയാളികൾ വഹിച്ച പങ്ക് വലുതാണ്.

ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞാണ് നീങ്ങിയത്. അപ്പോഴും അർജുൻ അടക്കമുള്ളവർക്ക് എന്താണ് സംഭവിച്ചത് എന്നതിൽ അവ്യക്തത തുടർന്നു. കേരളത്തിന്റെ നിരന്തര ഇടപെടലിൽ കർണ്ണാടക ഭരണകൂടവും ഉണർന്നു. ഇതിനുപിന്നാലെ ഇടതടവില്ലാത്ത ദൗത്യമായിരുന്നു നടന്നത്. മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരിൽ കണ്ടത്. മൂന്നാം ഘട്ടത്തിൽ ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അർജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജർ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയായിരുന്നു. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. വെള്ളത്തിൽ 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നിരുന്നത്. അതിനിടയിലും കേരളത്തിൽ നിന്ന് പോയ ചിലരെങ്കിലും നല്ല പ്രവർത്തനങ്ങളെ മലീമസമാക്കി.

അർജുന്റെ മൃതദേഹം അനുഗമിച്ച് കർണ്ണാടക മന്ത്രിമാരും ജനപ്രതിനിധികളും രക്ഷാപ്രവർത്തകരും പോലീസും കോഴിക്കോട്ടെ വീട്ടിലെത്തി. കേരള മുഖ്യമന്ത്രി മുതൽ നിരവധി നേതാക്കൾ വീട് സന്ദർശിച്ചു. ഒടുവിൽ അർജുന്റെ ഭാര്യയ്ക്ക് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൽ ജോലിയും നൽകി. അർജുന്റെ കുടുംബത്തിനുവേണ്ടി പണപ്പിരിവ് നടത്തിയ വിഷയവുമായി ബന്ധപ്പെട്ട് കുടുംബവും ലോറി ഉടമ മനാഫും തമ്മിലുണ്ടായ വാക്പോര് പൊലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു. കുടുംബത്തിനെതിരെ വന്ന സൈബറാക്രമണവും വലിയ ചർച്ചയായി. ഒടുവിൽ മനാഫ് അർജുന്റെ വീട്ടിലെത്തി ക്ഷമാപണം നടത്തിയതോടെയാണ് ആ രംഗത്തിന് തിരശീല വീണത്.

ഇനിയും പുറത്തുവരാത്ത എന്തെങ്കിലും യാഥാർത്ഥ്യങ്ങൾ ഉണ്ടെങ്കിൽ അത് പുസ്തകം പുറത്തിറങ്ങുമ്പോൾ വെളിവാകും. അതുകൊണ്ടുതന്നെ പുസ്തകം കൈയ്യിൽ കിട്ടാനുള്ള വ്യഗ്രതയിലാണ് വായനക്കാരും. ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന കവർ പ്രകാശന ചടങ്ങിൽ എം.കെ. രാഘവൻ എം.പി, മേയർ ഒ സദാശിവന് , കവി പി.കെ. ഗോപി തുടങ്ങി നിരവധി പേർ സന്നിഹിതരാകും. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫും ഈ വിഷയത്തിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അർജുന്റെ ജീവിതം, ഷിരൂരിലെ മണ്ണിടിച്ചിൽ, ഗംഗാവലി പുഴയിലെ സമാനതകളില്ലാത്ത തിരച്ചിൽ, അർജുനെ കാത്തിരുന്ന ആ 72 ദിവസങ്ങളിലെ വികാരനിർഭരമായ നിമിഷങ്ങൾ എന്നിവ ഉൾപ്പെടുത്തിയതാണ് ആ പുസ്തകം. പുസ്തകത്തിലൂടെ ലഭിക്കുന്ന തുക അർജുന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കൈമാറുമെന്ന് എ.കെ.എം. അഷ്റഫ് വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അഷ്റഫിന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടത്തുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News