പാചകവാതക ക്ഷാമം നഗരത്തിലെ ഹോട്ടൽ മേഖലയെ മാത്രമല്ല, ആശ്രയിച്ചു കഴിയുന്ന ഓൺലൈൻ ഭക്ഷണ വിതരണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു
Thiruvananthapuram , 14 മാര്ച്ച് (H.S.) പാചകവാതക ക്ഷാമം നഗരത്തിലെ ഹോട്ടൽ മേഖലയെ മാത്രമല്ല, ആശ്രയിച്ചു കഴിയുന്ന ഓൺലൈൻ ഭക്ഷണ വിതരണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടിയതോടെ, ഭക്ഷണ വിതരണത്തിൽ ഏർപ്പെട്ടിരിക്കു
Cooking gas


Thiruvananthapuram , 14 മാര്ച്ച് (H.S.)

പാചകവാതക ക്ഷാമം നഗരത്തിലെ ഹോട്ടൽ മേഖലയെ മാത്രമല്ല, ആശ്രയിച്ചു കഴിയുന്ന ഓൺലൈൻ ഭക്ഷണ വിതരണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടിയതോടെ, ഭക്ഷണ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന 3000-ത്തോളം പേർ ജോലി നഷ്ടപ്പെടലിൻ്റെ വക്കിലാണ്.

പ്രതിസന്ധിയിൽ ഡെലിവറി ജീവനക്കാർ

ഭക്ഷണവിതരണത്തില് പ്രതിസന്ധി നേരിടുന്നതോടെ അഞ്ചു പേരടങ്ങുന്ന കുടുംബം എങ്ങനെ പുലര്ത്തുമെന്ന ആശങ്കയിലാണു നഗരത്തില് ഓണ്ലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കാട്ടാക്കട സ്വദേശി രാജന്. തൻ്റെ ഒരേയൊരു വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. പാചകവാതക പ്രതിസന്ധിയെ തുടര്ന്നു രണ്ടു ദിവസമായി ഓര്ഡറുകള് നന്നേ കുറഞ്ഞു. രാവിലെ 5.30-നാണു ജോലി തുടങ്ങുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോട് അടുത്തിട്ടും സാധാരണ ദിവസങ്ങളില് ലഭിക്കുന്നതിൻ്റെ പകുതി ഓര്ഡറുപോലും ലഭിച്ചില്ലെന്ന് രാജന് പറയുന്നു.

വിറകടുപ്പില് ഭക്ഷണം പാചകം ചെയ്യുന്ന വിരലിലെണ്ണാവുന്നവ ഒഴിച്ച് നഗരത്തിലെ ബാക്കിയെല്ലാ ഭക്ഷണശാലകളും പൂട്ടി. ഓര്ഡറെടുക്കാന് ഒരു ഹോട്ടലിലെത്തിയാല് അരമണിക്കൂറോളം കാത്തുനില്ക്കേണ്ടിവരുന്നു. പ്രഭാത ഭക്ഷണം വില്ക്കുന്ന പല ഭക്ഷണശാലകളും ഇന്ന് (ശനിയാഴ്ച) തുറന്നിട്ടില്ല. ഇതോടെ സ്ഥിരമായി ലഭിച്ചിരുന്ന ഒന്പതോളം പ്രഭാത ഭക്ഷണ ഡെലിവറി ഇല്ലാതായി. കൊവിഡ് കാലത്താണു താന് ഭക്ഷണ ഡെലിവറി തുടങ്ങിയത്. അന്നു പോലും ഇത്ര പ്രശ്നം നേരിട്ടിട്ടില്ല. നിലവില് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും രാജന് പറഞ്ഞു.

നഗരത്തില് ഓണ്ലൈന് ആപ്പുകള് വഴി ഭക്ഷണം ഡെലിവറി ചെയ്യുന്നവരെല്ലാം പ്രതിസന്ധി നേരിടുന്നുണ്ട്. മുന്പ് 15 മുതല് 20 ഓര്ഡറുകള് ലഭിച്ചിരുന്ന സ്ഥാനത്തു കഴിഞ്ഞ കുറച്ചു ദിവസങ്ങളില് പത്തില്ത്താഴെ ഓര്ഡര് മാത്രമാണു ലഭിച്ചതെന്ന് ഫുഡ് ഡൈലിവറി നടത്തുന്ന ദീപു പറഞ്ഞു. വരുമാനം കണ്ടെത്താനായി പ്ലസ്ടു കഴിഞ്ഞയുടനെ ഓണ്ലൈന് ഭക്ഷണ ഡെലിവറിക്കിറങ്ങിയ ആദര്ശിനു പറയാനുള്ളതും സമാന അനുഭവം തന്നെയാണ്. പാചക വാതക പ്രതിസന്ധി ഇനിയും പരിഹാരമില്ലാതെ തുടര്ന്നാല്, ഓണ്ലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന പലരും പട്ടിണിയാവും. ജോലിക്കൊപ്പം മറ്റൊരു വരുമാനമായി ഓണ്ലൈന് ഭക്ഷണ ഡെലിവറി ചെയ്യുന്നവര് മാത്രമാണു നിലവില് സാമ്പത്തിക പ്രതിസന്ധിയില്നിന്നു രക്ഷപെട്ടുനില്ക്കുന്നത്. മെനു ചുരുക്കി ഇന്ത്യൻ കോഫി ഹൗസ്പ്രമുഖ സ്ഥാപനമായ ഇന്ത്യൻ കോഫി ഹൗസും പാചകവാതക ക്ഷാമത്തിന് മുന്നിൽ മെനു പരിഷ്കരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. 50-ഓളം വിഭവങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്നോ നാലോ വിഭവങ്ങളായി ചുരുക്കിയെന്ന് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഇന്ത്യന് കോഫി ഹൗസ് ജീവനക്കാരനായ അനില്കുമാര് പറഞ്ഞു. ഏറെ ആവശ്യക്കാരുണ്ടായിരുന്ന കട്ലെറ്റുകള് പൂര്ണമായും നിര്ത്തി. ഊണ് ഉണ്ടാക്കുന്നില്ല. പൂരി, ബിരിയാണി എന്നിവയാണ് ഇപ്പോള് വില്ക്കുന്നത്. പലഹാരങ്ങളായി പഴംപൊരിയും വടയും മാത്രമേയുള്ളൂ. വട രാവിലെയും പഴംപൊരി വൈകിട്ടും. ഇതോടെ പ്രതിദിനം ഏകദേശം 40,000 രൂപയുടെ കച്ചവടമാണു കുറഞ്ഞതെന്നും അനില്കുമാര് പറഞ്ഞു. സ്ഥലപരിമിതി മൂലം വിറകടുപ്പുകൾ സ്ഥാപിക്കാൻ കഴിയാത്ത ചെറിയ ഹോട്ടലുകൾ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചു. പാചകവാതക ലഭ്യത സാധാരണ നിലയിലായില്ലെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലാകുമെന്ന ആശങ്ക ശക്തമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News