Enter your Email Address to subscribe to our newsletters

Kasaragod , 14 മാര്ച്ച് (H.S.)
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ചും കെ സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മത്സര സന്നദ്ധത അറിയിക്കാൻ സുധാകരന് അവകാശമുണ്ടെന്നും എന്നാൽ നിലവിൽ ഹൈക്കമാന്ഡുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കെ സുധാകരൻ കണ്ണൂരിൻ്റെ മാത്രമല്ല, കേരളത്തിൻ്റെയാകെ കരുത്തുറ്റ നേതാവാണെന്ന് ദീപാ ദാസ് മുൻഷി വിശേഷിപ്പിച്ചു. പിന്തുണയ്ക്കുന്നവരുടെ വികാരമല്ല, മറിച്ച് പാർട്ടിയുടെ തീരുമാനമാണ് ഇത്തരം കാര്യങ്ങളിൽ പ്രധാനം, എന്ന് അവർ ഓർമിപ്പിച്ചു. സീറ്റ് ചർച്ചകൾക്കിടെ സുധാകരൻ പങ്കുവെച്ച വൈകാരികമായ ഫെയ്സ്ബുക്ക് കുറിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. കണ്ണൂർ തൻ്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെത്തണമെന്നും തൻ്റെ മേൽവിലാസമാണെന്നും സുധാകരൻ കുറിപ്പിൽ പറയുന്നു. സിപിഎമ്മുമായുള്ള ഏറ്റുമുട്ടലും പ്രസ്ഥാനത്തിൻ്റെ വളർച്ചയും സുധാകരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഇവയൊക്കെ മരണത്തിലും മറക്കാനാകാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണെന്നും മറ്റുള്ളവർക്ക് മറക്കാനാകുമെന്നും സുധാകരൻ കുറിപ്പിൽ പറയുന്നു.
കാസർകോട്ടെ 'വ്യാജ കത്ത്' വിവാദം
കാസർകോട് ഡിസിസിയിലെ കത്ത് വിവാദത്തിലും ദീപാ ദാസ് മുൻഷി നിലപാട് വ്യക്തമാക്കി. തനിക്ക് ഇതുവരെ അത്തരത്തിലുള്ള കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും, എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അടുത്ത സ്ക്രീനിങ് കമ്മിറ്റിയിൽ അത് ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു.
തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസിൽ നിന്നും തിരിച്ചു പിടിക്കാനുള്ള കോൺഗ്രസ് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോസിനെതിരായി പുറത്തുവന്ന കത്ത് വിവാദമായത് .കാസർകോട് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ വ്യാജ കത്ത് ഉണ്ടാക്കിയെന്നാണ് ആരോപണം. തൃക്കരിപ്പൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടയിലാണ് ജോമോനെ പരിഗണിക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ചുള്ള കത്ത് പുറത്ത് വന്നത്.
10 മണ്ഡലം പ്രസിഡൻ്റുമാർ ഒപ്പുവെച്ച് ദീപാദാസ് മുൻഷിക്ക് അയച്ച കത്താണ് പുറത്ത് വന്നത്. എന്നാൽ
ജോമോന് എതിരായ കത്തിൽ ഒപ്പുവെച്ചില്ലെന്ന് മണ്ഡലം പ്രസിഡൻ്റുമാർ തന്നെ അറിയിച്ചതോടെ ഡിസിസി പ്രസിഡൻ്റ് സമ്മർദത്തിൽ ആയി.
ഡിസിസി പ്രസിഡൻ്റിന് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവെച്ച് നൽകിയിരുന്നുവെന്ന് മണ്ഡലം പ്രസിഡൻ്റുമാർ പറയുന്നു.
ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവെച്ചത്.
തൃക്കരിപ്പൂർ മണ്ഡലം ഏറ്റെടുക്കാൻ കത്തയക്കുന്നു എന്നാണ് ഡിസിസി പ്രസിഡൻ്റ് പറഞ്ഞത്. തുടർന്ന് വ്യാജ ഒപ്പ് ഉപയോഗിച്ച് നാല് കത്തുകൾ അയച്ചിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റിനെ നേരിട്ട് വിളിച്ച് പരാതി പറഞ്ഞെന്നും അവർ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR