Enter your Email Address to subscribe to our newsletters

Thrissur , 14 മാര്ച്ച് (H.S.)
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇതിഹാസ താരം ഐഎം വിജയൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് ഐഎം വിജയൻ്റെ പ്രതികരണം. കരുണാകാരൻ്റെ കാലത്താണ് തനിക്ക് ജോലി കിട്ടിയതെന്നും ഇടത് കാലത്ത് തന്നെ നന്നായി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു പാർട്ടിക്ക് വേണ്ടി മാത്രം നിൽക്കില്ലെന്നും സുരേഷ് ഗോപി അടക്കം പല ആളുകളും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കരുണാകരൻ സാറുള്ളപ്പോഴാണ് എനിക്ക് ജോലി കിട്ടുന്നത്. ഡബിൾ പ്രമോഷൻ കിട്ടുന്ന സമയത്തും കരുണാകരൻ സാറ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. അന്നത് ഞാൻ വേണ്ടെന്ന് വച്ച് കൊൽക്കത്തയിലേക്ക് പോയി. പിന്നീട് 16 വർഷം കഴിഞ്ഞ് തിരിച്ച് വന്ന് പൊലീസാകാൻ തീരുമാനിച്ചു. അപ്പോൾ കോടിയേരി സാറായിരുന്നു ആഭ്യന്തര മന്ത്രി
പേപ്പറൊക്കെ കൊടുത്ത് ജോയിൻ ചെയ്തു. 2011ലായിരുന്നു ജോയിൻ ചെയ്തത്. പിന്നീട് മറഡോണയൊക്ക വന്ന സമയത്ത് ഉമ്മൻചാണ്ടി സാർ ആയിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ ഡബിൾ പ്രമോഷൻ കിട്ടി. പിന്നീട് പിണറായി സാറിനോട് എസി ആയാൽ ഉപകാരമായേനെ എന്ന് പറഞ്ഞു. അന്നും പ്രമോഷൻ കിട്ടി. റിട്ടയർ ആവുന്നതിന്റ തലേന്നായിരുന്നു പ്രമോഷൻ കിട്ടിയത്' അദ്ദേഹം പറഞ്ഞു.
തനിക്ക് പത്മശ്രീ കിട്ടുമ്പോൾ ബിജെപി ആയിരുന്നു ഭരിച്ചിരുന്നതെന്നും ഒരു പാർട്ടി എന്ന് പറഞ്ഞ് തനിക്ക് നിൽക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല തന്നെ സംബന്ധിച്ചിടത്തോളം ഇവർ മൂന്ന് പേരും തൻ്റെ കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭ അംഗമാകാൻ ആവശ്യപ്പെട്ടാൽ സ്വീകരിക്കുമെന്നും പിടി ഉഷയെപ്പോലെ എംപി ആവാൻ തയ്യാറാണെന്നും ഐഎം വിജയൻ പറഞ്ഞു.
സുരേഷ് ഗോപി മത്സരിക്കാൻ നാല് ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ രാജ്യസഭ അംഗമാകാനാണ് താത്പര്യമെന്നും ഏതു പാർട്ടി രാജ്യസഭാ സീറ്റ് നൽകിയാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും രാജ്യസഭാ സീറ്റിനെ പറ്റിയാണ് പറഞ്ഞത്, പിടി ഉഷയെപ്പോലെ എംപി ആവാൻ താനും തയ്യാറാണെന്നും ഐഎം വിജയൻ പറഞ്ഞു. എന്നാൽ സ്പോർട്സ് മേഖലയാണെങ്കിലേ എംപി സ്ഥാനും സ്വീകരിക്കുവെന്നും താരം വ്യക്തമാക്കി.
ജനങ്ങളുടെ സ്നേഹമാണ് വലുതെന്നും എല്ലാവരും ഒപ്പമുണ്ടാകണമെന്നും ഐഎം വിജയൻ പറഞ്ഞു. 'ഞാൻ എല്ലാവർക്കും ഒപ്പം ഉണ്ടാകും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കേരളത്തിന് പുറത്തുള്ളതും അല്ലാത്തതുമായ എല്ലാ ഫുട്ബോൾ പ്രേമികളും എന്നെ സനേഹിക്കണം, എനിക്ക് അതാണ് താത്പര്യം' ഐഎം വിജയൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR