കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ കാറിലെത്തിയ സംഘത്തിൻ്റെ വെട്ടേറ്റ ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുൽ കൊല്ലപ്പെട്ടു.
Kollam , 14 മാര്ച്ച് (H.S.) കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ കാറിലെത്തിയ സംഘത്തിൻ്റെ വെട്ടേറ്റ ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുൽ കൊല്ലപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ സ്റ്റേഷന് തൊട്ടടുത്തു വച്ചാണ് ഇന്നോവ കാറിലെത്തിയ ഗുണ്ട
Crime News


Kollam , 14 മാര്ച്ച് (H.S.)

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ കാറിലെത്തിയ സംഘത്തിൻ്റെ വെട്ടേറ്റ ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുൽ കൊല്ലപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ സ്റ്റേഷന് തൊട്ടടുത്തു വച്ചാണ് ഇന്നോവ കാറിലെത്തിയ ഗുണ്ടാസംഘം അതുലിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് വലിയത്ത് ആശുപത്രിയിലെ ക്രിട്ടിക്കൽ ഐസിയുവിൽ ചികിത്സയിലായിരുന്ന അതുലിൻ്റെ മരണം മുൻവൈരാഗ്യത്തിൻ്റെ തുടർച്ചയാണെന്നാണ് സൂചന.

പകയുടെ തുടക്കം

കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് 2024ൽ തുടങ്ങിയ ഗുണ്ടാ ആക്രമണ പരമ്പരകളുടെ തുടർച്ചയാണ് ദേശീയപാതയിൽ പട്ടാപ്പകൽ നടന്ന ഈ കൊലപാതകം. 2024ൽ ഓച്ചിറയിലുള്ള പങ്കജ് മേനോൻ എന്നയാളെ ജിം സന്തോഷ് കൊലപ്പെടുത്താൻ ശ്രമിക്കുകയും കുത്തേറ്റ പങ്കജ് മേനോനെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ പങ്കജ് മേനോൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്തുകൊണ്ടാണ് അലുവ അതുലിൻ്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘം 2025 മാർച്ച് ഇരുപത്തേഴിന് ജിം സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു ഈ ക്രൂരമായ കൃത്യം നടത്തിയത്. ഈ കേസിലെ മുഖ്യപ്രതിയാണ് ഇപ്പോൾ കൊല്ലപ്പെട്ട അലുവ അതുൽ. അന്ന് കൊലപാതകം നടത്തി തമിഴ്നാട്ടിലേക്ക് കടന്ന അതുലിനെയും പന്ത്രണ്ടംഗ സംഘത്തെയും ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടികൂടിയത്. കൃത്യം തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുമെന്നിരിക്കെ, എൺപത്തൊൻപതാം ദിവസം എണ്ണൂറ് പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതോടെ ഇവർക്ക് ജാമ്യം കിട്ടുന്ന സാഹചര്യം പൊലീസ് ഒഴിവാക്കിയിരുന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം എറണാകുളം ഭാഗത്തേക്ക് മടങ്ങുന്ന വഴി വവ്വാക്കാവിൽ വച്ച് ഇവർ മറ്റൊരാളെക്കൂടി ആക്രമിച്ചിരുന്നു.

കൃത്യമായ ആസൂത്രണംഅടുത്തിടെ കർശന ഉപാധികളോടെ ജാമ്യം ലഭിച്ച അലുവ അതുൽ, വ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. അതുലിന് ജാമ്യം കിട്ടിയ ശേഷം ഗുണ്ടാസംഘങ്ങൾ അയാളെ കൃത്യമായി നിരീക്ഷിച്ചിരുന്നു. അയാൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരുമെന്ന വിവരം കൊലയാളി സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൊലപാതകത്തിൻ്റെ ആസൂത്രണം എത്രത്തോളം കൃത്യമായിരുന്നുവെന്ന് വ്യക്തമാണ്. അഞ്ചുമിനിറ്റിൽ താഴെ സമയം മാത്രമാണ് അക്രമികൾ അവിടെ ചെലവഴിച്ചത്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വീതി കുറഞ്ഞതും വലിയ ഗതാഗതക്കുരുക്കുള്ളതുമായ ഭാഗത്താണ് പ്രതികൾ അരുംകൊല നടത്തിയത്. കെഎൽ 23 ഡബ്ല്യു 66 എന്ന കാറിലായിരുന്നു അലുവ അതുൽ സഞ്ചരിച്ചിരുന്നത്. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലെത്തിയ കൊലയാളിസംഘം അതുലിൻ്റെ വാഹനത്തെ ഇടിപ്പിച്ച് ദേശീയപാതയുടെ വശത്തെ താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. റോഡിലെ ഡിവൈഡറുകൾ ഉൾപ്പെടെ തകർത്തുകൊണ്ടാണ് വാഹനം താഴേക്ക് പതിച്ചത്.

പൊലീസിനെ വെല്ലുവിളിച്ചുള്ള ആക്രമണംതുടർന്ന് വടിവാളുകൾ ഉപയോഗിച്ച് കാറിൻ്റെ ചില്ലുകൾ അടിച്ചുതകർത്തു. കാറിൻ്റെ ഗ്ലാസുകൾ മുഴുവൻ അടച്ചിട്ടിരുന്നതിനാലാണ് പ്രതികൾ ആദ്യം ചില്ല് തകർക്കാൻ ശ്രമിച്ചത്. ആദ്യഘട്ടത്തിൽ ഡ്രൈവർ സീറ്റിൻ്റെ മറുവശത്താണ് അക്രമികൾ വെട്ടുതുടങ്ങിയത്. പിന്നീട് അതുൽ ഡ്രൈവിങ് സീറ്റിലാണെന്ന് മനസിലാക്കിയ പ്രതികൾ ആ ഭാഗത്തേക്ക് നീങ്ങുകയും ഡോർ തുറന്ന് അതുലിനെ വലിച്ചു താഴെയിട്ട് സംഘം ചേർന്ന് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.

അതുലിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ആൾക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്റ്റേഷനിൽ നിന്ന് വലിയ ദൂരമല്ലാത്ത സ്ഥലത്താണ് കൊലപാതകം നടന്നതെന്നത് പൊലീസിൻ്റെ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. അതുൽ സ്റ്റേഷനിൽ എത്തുന്ന കൃത്യമായ വിവരം അക്രമികൾക്ക് ചോർന്നുകിട്ടിയോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിനെ നോക്കുകുത്തിയാക്കി പട്ടാപ്പകൽ ഗതാഗതം ഭാഗികമായി തടസപ്പെടുത്തിയാണ് അക്രമികൾ കൊലപാതകം നടത്തിയത്. സിസിടിവി കാമറകളോ, തൊട്ടടുത്തുള്ള തിരക്കേറിയ പെട്രോൾ പമ്പോ, നാട്ടുകാരുടെ സാന്നിധ്യമോ, തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനോ എസിപി ഓഫിസോ ഒന്നും അക്രമികളെ ഭയപ്പെടുത്തിയില്ല. കായംകുളം, ഓച്ചിറ, ഹരിപ്പാട്, കരുനാഗപ്പള്ളി മേഖലകൾ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം നാളുകളായി തുടരുകയാണ്.

അന്വേഷണം ഊർജിതംജിം സന്തോഷിനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. കൊലയാളി സംഘത്തെ കണ്ടെത്താൻ കരുനാഗപ്പള്ളി മേഖലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കൃത്യമായി ട്രാക്ക് ചെയ്ത് പ്രതികൾക്ക് പിന്നാലെ സിഐയുടെ നേതൃത്വത്തിൽ പൊലീസ് പോയിട്ടുണ്ടെങ്കിലും പിടികൂടിയതായി ഔദ്യോഗിക വിവരമില്ല. അതിനാൽ ഉടൻ തന്നെ പ്രതികൾ പിടിയിലാകുമെന്നാണ് സൂചന.

കേരളത്തെ നടുക്കുന്ന രീതിയിലുള്ള പൈശാചികമായ ഇത്തരം ഒരു കൊലപാതകം ഇതിന് മുൻപ് നടന്നിട്ടുള്ളത് രണ്ട് മൂന്ന് വർഷം മുൻപ് പോത്തൻകോടാണ്. മുൻ വൈരാഗ്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു കൊലപാതകം നടക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് പ്രതിരോധം തീർക്കാൻ പൊലീസിന് കഴിയാതെ പോയത് ആഭ്യന്തര വകുപ്പിൻ്റെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. നിയമസംവിധാനങ്ങളെ യാതൊരു ഭയവുമില്ലാതെ പട്ടാപ്പകൽ അരുംകൊല നടത്താൻ അക്രമികൾക്ക് കഴിഞ്ഞത് പൊതുജനങ്ങളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News