കൊച്ചി നഗരഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച 'കൊച്ചി വാട്ടർ മെട്രോ' ഇനി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും.
Ernakulam , 14 മാര്ച്ച് (H.S.) കൊച്ചി നഗരഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച ''കൊച്ചി വാട്ടർ മെട്രോ'' ഇനി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും. രാജ്യത്തെ 18 പ്രധാന കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ മാതൃക നടപ്പാക്കുന്നതിനുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് കെഎംആ
KOCHI WATER METRO


Ernakulam , 14 മാര്ച്ച് (H.S.)

കൊച്ചി നഗരഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച 'കൊച്ചി വാട്ടർ മെട്രോ' ഇനി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും. രാജ്യത്തെ 18 പ്രധാന കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ മാതൃക നടപ്പാക്കുന്നതിനുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് കെഎംആർഎൽ (KMRL) കേന്ദ്ര സർക്കാരിന് സമർപ്പിച്ചു.

കൊച്ചി വാട്ടർ മെട്രോയുടെ വിജയഗാഥയെ അടിസ്ഥാനമാക്കി രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഈ മാതൃക വ്യാപിപ്പിക്കാനുള്ള നടപടികൾ ഇതോടെ കൂടുതൽ ശക്തമായി. പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ, ഇന്ത്യയിലെ നഗര ഗതാഗത ചരിത്രത്തിൽ പുതിയ മാതൃക സൃഷ്ടിച്ചതോടെയാണ് കേന്ദ്ര സർക്കാർ രാജ്യവ്യാപകമായ സാധ്യതകൾ പരിശോധിക്കാൻ കെഎംആർഎലിനെ ചുമതലപ്പെടുത്തിയത്.

കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ നഗരങ്ങളിലാണ് കെഎംആർഎൽ പഠനം പൂർത്തിയാക്കിയത്. ശ്രീനഗർ, ഗുവാഹത്തി, തേജ്പൂർ, ദിബ്രുഗഡ്, പാറ്റ്ന, വാരണാസി, അയോധ്യ, പ്രയാഗ് രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, കൊല്ലം, ആലപ്പുഴ, ആന്ഡമാൻ എന്നിവയാണ് പഠനം പൂർത്തിയാക്കിയ പ്രധാന കേന്ദ്രങ്ങൾ. ലക്ഷദ്വീപിലും കൊൽക്കത്തയിലും പഠനം പുരോഗമിക്കുകയാണ്. കനാൽ, നദി, കായൽ, കടൽ, പോർട്ട് വാട്ടർ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജലമേഖലകളിൽ വാട്ടർ മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകളാണ് പ്രധാനമായും വിലയിരുത്തിയത്.

രാജ്യത്ത് ആദ്യമായി കൊച്ചിയിൽ വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയ അനുഭവ സമ്പത്ത് ഇതിന് കരുത്തായി. റെക്കോർഡ് വേഗത്തിലാണ് രാജ്യത്തെ വിവിധ നഗരങ്ങളും ജലമേഖലകളും സന്ദർശിച്ച് തയാറാക്കിയ വിശദമായ റിപ്പോർട്ടുകൾ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സമർപ്പിച്ചത്. കൊച്ചി മാതൃകയ്ക്ക് ദേശീയ തലത്തിൽ ലഭിക്കുന്ന അംഗീകാരമാണ് ഈ സാധ്യതാപഠനമെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. സുസ്ഥിരവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ ജലഗതാഗതം നഗര ഗതാഗതത്തിന് പ്രായോഗിക പരിഹാരമാണെന്ന് കൊച്ചി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ആലപ്പുഴയിലും കൊല്ലത്തും വലിയ മാറ്റങ്ങൾക്കാണ് പദ്ധതി വഴിതുറക്കുന്നത്. ആലപ്പുഴയിൽ 87.77 കിലോമീറ്റർ നീളമുള്ള ജലപാതയിൽ എട്ട് പ്രധാന റൂട്ടുകളിലായി 61 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കെഎസ്ആർടിസി, പുന്നമട, കൈനകരി, നാട്ടകം, മുഹമ്മ, പാതിരാമണൽ, കുമരകം തുടങ്ങി വിവിധ മേഖലകളെ ബന്ധിപ്പിച്ചാകും ഇത്. കൊല്ലത്ത് 34.85 കിലോമീറ്റർ ജലപാതകളിൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമായി വരും. ഇതിനുപുറമെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം വൈതർണ, വസായ്, താനെ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് 250 കിലോമീറ്റർ നീളമുള്ള വാട്ടർ മെട്രോ ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ടും (DPR) കെഎംആർഎൽ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള മനുഷ്യവിഭവശേഷി ഉപയോഗിച്ച് നടത്തിയ ഈ കൺസൾട്ടൻസി സേവനത്തിലൂടെ എട്ട് കോടി രൂപയുടെ വരുമാനമാണ് കെഎംആർഎൽ നേടിയത്. മെട്രോ റെയിൽ പദ്ധതികൾ രാജ്യത്ത് വ്യാപിപ്പിക്കുന്നതിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വഹിച്ച ചരിത്രപരമായ പങ്ക് പോലെ, നഗര ജലഗതാഗത മേഖലയിൽ കെഎംആർഎൽ ദേശീയ മാതൃകയായി ഉയർന്നു കഴിഞ്ഞു. വരും കാലങ്ങളിൽ വിവിധ നഗരങ്ങളിലെ പദ്ധതികൾ തയാറാക്കാനും നടപ്പാക്കാനുമുള്ള ചുമതല ലഭിക്കുന്നതോടെ സുസ്ഥിര നഗര ജലഗതാഗത രംഗത്ത് കെഎംആർഎൽ ഒരു അന്താരാഷ്ട്ര ബ്രാൻഡായി വളരാനുള്ള വലിയ സാധ്യതകളാണ് ഇതോടെ തുറക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News