അമേരിക്കയുമായി ഒരു ചര്ച്ചയ്ക്കുമില്ല; അഞ്ചുവര്ഷത്തേക്ക് യുദ്ധം തുടരാനും തയ്യാറെന്ന് ഇറാന്
Iran, 14 മാര്‍ച്ച് (H.S.) പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തില്‍ ഉടനൊന്നും സമാധാന അന്തരീക്ഷമുണ്ടാകില്ലെന്ന് സൂചന നല്‍കി ഇറന്‍. യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന
Iran


Iran, 14 മാര്‍ച്ച് (H.S.)

പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തില്‍ ഉടനൊന്നും സമാധാന അന്തരീക്ഷമുണ്ടാകില്ലെന്ന് സൂചന നല്‍കി ഇറന്‍. യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്നും അഞ്ചുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധത്തിനായി രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍കാല ഉടമ്പടികള്‍ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍, ഇനിയൊരു ഒത്തുതീര്‍പ്പിന് താല്‍പ്പര്യമില്ലെന്നാണ് ഇറാന്റെ നിലപാടെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ഇറാന്‍-ഇറാഖ് യുദ്ധകാലത്തെ അനുഭവപരിചയം മുന്‍നിര്‍ത്തി, തങ്ങളുടെ സ്വാതന്ത്ര്യവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിങ്ടണുമായി ടെഹ്‌റാന്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിന്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. 'ഇല്ല.. ഒരിക്കലുമില്ല. ഇറാന്‍ നിലവില്‍ അവരുമായി (അമേരിക്കയുമായി) ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അവരാണ് ഈ യുദ്ധം തുടങ്ങിയത്. അമേരിക്കയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് മുന്‍ അനുഭവങ്ങളുണ്ട്. രണ്ട് തവണ ഞങ്ങള്‍ അവരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍, അവര്‍ ഞങ്ങളെ ആക്രമിക്കുകയാണ് ചെയ്തത്. അവര്‍ ഞങ്ങളെ ആക്രമിച്ചു.' അദ്ദേഹം പറഞ്ഞു.

ശത്രുക്കള്‍ക്ക് മുന്നില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും ആവശ്യമെങ്കില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തെ നേരിടാന്‍ സജ്ജമാണെന്നും ഇലാഹി പറഞ്ഞു. ഇറാന്‍-ഇറാഖ് യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട്, ദീര്‍ഘകാല യുദ്ധം അതിജീവിച്ച അനുഭവം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

'ഈ യുദ്ധത്തിന്റെ സമയപരിധി എനിക്കറിയില്ല. എന്നാല്‍, എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്, അഞ്ച് വര്‍ഷത്തേക്ക് വരെ ഈ യുദ്ധം തുടരാന്‍ ഇറാന്‍ തയ്യാറാണ്.' അദ്ദേഹം വ്യക്തമാക്കി.

'ഇറാനും ഇറാഖും തമ്മിലുള്ള എട്ട് വര്‍ഷത്തോളം നീണ്ട യുദ്ധം നടന്നിട്ടുണ്ട്. അതിന്റെ അനുഭവപരിചയം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ, ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ ഇറാന്റെ തെരുവുകളിലേക്ക് പോയാല്‍, അവിടെ ജനങ്ങളെല്ലാം പ്രതികാരത്തിനായി മുറവിളി കൂട്ടുന്നത് കാണാം. തങ്ങളുടെ രക്തം നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ മണ്ണ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും അവര്‍ പറയുന്നു.' ഇലാഹി കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News