അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി.
Thiruvananthapuram , 15 മാര്ച്ച് (H.S.) അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി. കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. മെ
Gyanesh-Kumar-


Thiruvananthapuram , 15 മാര്ച്ച് (H.S.)

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി. കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. മെയ് 4നാണ് വോട്ടെണ്ണൽ. ഏപ്രിൽ 7ന് പരസ്യപ്രചാരണം അവസാനിക്കും. 23നാണ് നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ട അവസാന തീയതി. 24ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. കേരളത്തിനൊപ്പം തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിലും നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കും.

കേരളത്തിലെ ആകെ വോട്ടര്മാർ

നിലവിൽ പുറത്തിറങ്ങിയ വോട്ടർപ്പട്ടിക പ്രകാരം കേരളത്തിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതില് 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 2025 ഒക്ടോബർ 27-ലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ 8.97 ലക്ഷത്തിൻ്റെ കുറവുണ്ടായി. പരിഷ്കരണത്തിന് മുൻപ് 2.78 കോടിയായിരുന്നു വോട്ടർമാരുടെ എണ്ണം.

ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 28.47 ലക്ഷത്തിൽ നിന്ന് 25.26 ലക്ഷമായി കുറഞ്ഞു. ഏകദേശം 3.21 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. സംസ്ഥാനത്തെ 11 ജില്ലകളിൽ വോട്ടർമാരുടെ കുറവ് രേഖപ്പെടുത്തിയപ്പോൾ മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ മാത്രമാണ് വർധനവുണ്ടായത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്, 36,15,970. ആകെ വോട്ടർമാരുടെ 13.41 ശതമാനം ഇവിടെയാണ്. പുരുഷ വോട്ടർ സ്ത്രീകളേക്കാൾ കൂടുതലുള്ള കേരളത്തിലെ ഏക ജില്ലയും മലപ്പുറമാണ്. ഇവിടെ 18.10 ലക്ഷം പുരുഷന്മാരും 18.05 ലക്ഷം സ്ത്രീകളും 40 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. ആകെ 6.4 ലക്ഷം പേർ മാത്രമുള്ള വയനാടാണ് ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല. ഇതിൽ 3.27 ലക്ഷം സ്ത്രീകളും 3.13 ലക്ഷം പുരുഷന്മാരും 2 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു.

ഇത്തവണ 30471 പോളിങ്ങ് ബൂത്തുകൾ

സംസ്ഥാനത്ത് ഇത്തവണ 30471 പോളിങ്ങ് ബൂത്തുകളിലാണ് തെരെഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. 2021ൽ 25434 ബൂത്തുകളാണുണ്ടായിരുന്നത്. ഇത്തവണ 5037 ബൂത്തുകൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പോളിങ്ങ് സ്റ്റേഷനിലേക്ക് അഞ്ച് പോളിങ്ങ് ഓഫീസർമാർ എന്നകണക്കിൽ ഒന്നര 152355 ഉദ്യോഗസ്ഥരെയാവും പോളിങ്ങ് ജോലികൾക്കായി ചുമതലപ്പെടുത്തുക. ഇതിനു പുറമേ 20 ശതമാനം ജീവനക്കാരെ (മുപ്പതിനായിരത്തോളം പേർ) റിസർവ് പട്ടികയിലുമുണ്ടാവും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം പോളിങ്ങ് ബൂത്തുകളുള്ളത്-3682.

തിരുവനന്തപുരം ജില്ലയിൽ 3173 ബൂത്തുകളും എറണാകുളത്ത് 3148 ബൂത്തുകളും ഉണ്ട്. കാസർകോട്- 1141, കണ്ണൂർ- 2177, വയനാട്- 715, കോഴിക്കോട്- 2837, പാലക്കാട്- 2531, തൃശൂർ- 2839, ഇടുക്കി- 1076, കോട്ടയം- 1791, ആലപ്പുഴ- 1898, പത്തനംതിട്ട- 1207, കൊല്ലം- 2256 എന്നിങ്ങനെയാണ് പോളിങ്ങ് ബൂത്തുകളുടെ എണ്ണം.

തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ്ങ് ബൂത്തുകളുളളത്. ഇവിടെ 294 ബൂത്തുകളാണുള്ളത്. ഏറ്റവും കുറവ് ബൂത്തുകൾ കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണുള്ളത്- 168. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ 33711 പോളിങ്ങ് ബൂത്തുകളുണ്ടായിരുന്നു.

ഹരിത പ്രോട്ടോക്കോളും വനിതാ സൗഹൃദ ബൂത്തുകളും

പരിസ്ഥിതി സൗഹൃദമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഇത്തവണയും പൂർണമായ ഹരിത പ്രോട്ടോക്കോൾ പാലിക്കും. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പ്രചാരണങ്ങളിൽ നിന്നും പോളിങ് സ്റ്റേഷനുകളിൽ നിന്നും ഒഴിവാക്കും. വോട്ടർമാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്ന മാതൃകാ ബൂത്തുകൾ സജ്ജമാക്കും. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന പ്രത്യേക പോളിങ് സ്റ്റേഷനുകൾ ഇത്തവണയും ശ്രദ്ധാകേന്ദ്രമാകും. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ റാമ്പുകളും മറ്റ് പ്രത്യേക ക്രമീകരണങ്ങളും ഉറപ്പാക്കും.

അനധികൃത പണമിടപാടുകൾക്ക് കടുത്ത നിരീക്ഷണം

തെരഞ്ഞെടുപ്പിൽ കൃത്രിമ സ്വാധീനങ്ങൾ ഒഴിവാക്കാനും അനധികൃത പണമിടപാടുകൾ തടയാനും ജില്ലാ കnക്ടർമാരുടെ നേതൃത്വത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തും. പോളിങ് ശതമാനം വർധിപ്പിക്കുന്നതിനായി വിപുലമായ ബോധവൽക്കരണ പരിപാടികൾ (SVEEP) എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ കലക്ടർമാർക്ക് മുമ്പ് തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎമ്മും സിപിഐയും

നിയമസഭാ പ്രഖ്യാപനം വന്നതിന് പിന്നാലെ സിപിഎമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 83 സീറ്റുകളിൽ സിപിഎമ്മും 25 സീറ്റുകളിൽ സിപിഐയുമാണ് മത്സരരംഗത്തുള്ളത്. ഭൂരിഭാഗം സിറ്റിങ് എംഎൽഎമാർക്കും സിപിഎം സീറ്റ് നൽകിയപ്പോൾ ചില സീറ്റുകളിൽ പൊതുസ്വതന്ത്രർക്കാണ് നൽകിയിട്ടുള്ളത്. സിപിഐ 25 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News