Enter your Email Address to subscribe to our newsletters

Banglore , 15 മാര്ച്ച് (H.S.)
ഒഡിഷയിലെ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 16 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഒഡിഷയിലെ ഓരോ എംഎൽഎമാർക്കും അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതെന്നും രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ സ്ഥാനാർഥിക്ക് വേണ്ടിയാണ് കൈക്കുലി വാഗ്ദാനം ചെയ്തതെന്നും ശിവകുമാർ പറഞ്ഞു.
ഒഡിഷയിലെ കോൺഗ്രസ് എംഎൽഎമാർ ഇപ്പോൾ ബിഡദി റിസോർട്ടിലാണ് താമസിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. കർണാടകയിലെ ബട്ടരായണപുരത്തെ സുരേഷ് എന്ന വ്യക്തി വഴിയാണ് ബിജെപി ഇവർക്ക് താമസിക്കാനുള്ള മുറി റിസോർട്ടിൽ ബുക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് അവർ എംഎൽഎമാരെ ബന്ധപ്പെടുകയും അഞ്ച് കോടി വാഗ്ദാനം ചെയ്യുകയുമായിരുന്നു. എന്നാൽ ഞങ്ങളുടെ ഒഡിഷ എംഎൽഎമാർ ഈ പ്രലോഭനത്തില് കുടുങ്ങിയിട്ടില്ല. അവർ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ ഞങ്ങളുടെ ആളുകൾ ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ച് പിടികൂടി എന്ന് ശിവകുമാർ പറഞ്ഞു.
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കും. ഒഡിഷ എംഎൽഎമാർ എഐസിസി പ്രസിഡൻ്റിനെ കണ്ട് എല്ലാം വിശദീകരിക്കും. ഇത് ഓപ്പറേഷൻ ലോട്ടസിൻ്റെ ശ്രമമാണെന്നും ശിവകുമാർ പറഞ്ഞു.
ഒഡീഷ എംഎൽഎമാരെ വശീകരിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി ഞങ്ങൾ തരുന്നതായിരിക്കും. നേരത്തെ ഗുജറാത്ത് എംഎൽഎ സംസ്ഥാനത്ത് വന്നപ്പോഴും ഞാൻ അവരെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഞാൻ അനുഭവിച്ച വേദന എന്താണന്ന് എനിക്കറിയാം. ഇതിനുള്ള മറുപടി തന്നിരിക്കും,ശിവകുമാർ പറഞ്ഞു.
ഓപ്പറേഷൻ ലോട്ടസിനെ ഭയന്ന് ഒഡിഷയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാർ ഇതുവരെ ബിഡദി റിസോർട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. ഒഡിഷയിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പുതുതായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കാണ് 16 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുവരുന്ന സീറ്റുകളിൽ നാല് എണ്ണമാണ് ഒഡിഷയിലുള്ളത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം അന്ന് തന്നെ ഫലപ്രഖ്യാപനവും നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.
ശരദ് പവാർ, പ്രിയങ്ക ചതുർവേദി, രാംദാസ് അത്തവാലെ, കനിമൊഴി, അഭിഷേക് മനു സിങ്വി, തിരുച്ചി സിവ, തമ്പിദുരൈ, ജി കെ വാസൻ, ഋതബ്രത ബാനർജി, സാകേത് ഗോഖലെ, ഉപേന്ദ്ര കുശ്വാഹ, ഹരിവംശ് നാരയൺ സിങ് തുടങ്ങി പ്രമുഖരാണ് ഇത്തവണ രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്നവർ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR