തമിഴ്നാട്ടില് സ്വകാര്യ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഗര്ഭാശയത്തിലെ മുഴ നീക്കവെ സ്ത്രീ മരിച്ചു.
Chennai , 15 മാര്ച്ച് (H.S.) തമിഴ്നാട്ടില് സ്വകാര്യ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഗര്ഭാശയത്തിലെ മുഴ നീക്കവെ സ്ത്രീ മരിച്ചു. സംഭവത്തില് ആശുപത്രിക്കെതിരെ പ്രതിഷേധിച്ച് ഭര്ത്താവും ബന്ധുക്കളും. റോയിപേട്ട ആശുപത്രിക്ക് മുന്നില് റോഡ് ഉപരോധിച്ചായിരുന്നു
Government Royapettah Hospital


Chennai , 15 മാര്ച്ച് (H.S.)

തമിഴ്നാട്ടില് സ്വകാര്യ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഗര്ഭാശയത്തിലെ മുഴ നീക്കവെ സ്ത്രീ മരിച്ചു. സംഭവത്തില് ആശുപത്രിക്കെതിരെ പ്രതിഷേധിച്ച് ഭര്ത്താവും ബന്ധുക്കളും. റോയിപേട്ട ആശുപത്രിക്ക് മുന്നില് റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം.

ചെന്നൈ സ്വദേശിയ അമല സോഫിയ (31) ആണ് മരിച്ചത്. മണ്ടവേലിയിലെ ഒരു സ്വകാര്യ ചികിത്സാ കേന്ദ്രത്തില് മുഴ നീക്കുന്നതിനിടെയാണ് മരണം. ഇന്നലെയാണ് (മാര്ച്ച് 15) സംഭവം.

ചികിത്സാ പിഴവ് ആരോപിച്ച് സ്വകാര്യ ഫെര്ട്ടിലിറ്റി സെൻ്ററിനെതിരെ ഭർത്താവ് ആനന്ദ് പ്രകാശും കുടുംബാംഗങ്ങളും അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചികിത്സാ കേന്ദ്രത്തിനെതിരെ നടപടിയെടുക്കണമെന്നും അവര് ആവശ്യപ്പെട്ടു. തുടർന്ന് അമല സോഫിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെന്നൈയിലെ റോയപേട്ട സര്ക്കാര് ആശുപത്രിയിലേക്ക് അയച്ചു.

ഒരു കുഞ്ഞ് വേണമെന്ന പ്രതീക്ഷയിലാണ് ദമ്പതികള് മണ്ടവേലിയിലെ ഈ സ്വകാര്യ ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് പിന്നാലെ അമല സോഫിയയുടെ ഗർഭാശയത്തിലെ ഒരു മുഴ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ ദമ്പതികളെ അറിയിച്ചു. തുടര്ന്ന് ഇന്നലെ സോഫിയയുടെ മുഴ നീക്കാനുള്ള ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറിന് ശേഷം അവർ ബോധം വീണ്ടെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

എന്നാല് മണിക്കൂറുകള്ക്ക് ശേഷം അവര് ഉണര്ന്നില്ല. കുടുംബാംഗങ്ങള് അവരെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തുടര്ന്നാണ് അവര് പരാതി നല്കിയത്.

ഇന്ന് റോയിപേട്ട ആശുപത്രിക്ക് മുമ്പില് നടത്തിയ റോഡ് ഉപരോധത്തില് വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. വിവരം ലഭിച്ചയുടന് അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണർ (റോയപേട്ട) ഇളങ്കോവൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസും പ്രതിഷേധക്കാരും തമ്മില് നീണ്ട ചര്ച്ച നടത്തി. പിന്നാലെ ഇവര് പിരിഞ്ഞ് പോവുകയായിരുന്നു.

പ്രതികരിച്ച് സോഫിയയുടെ ഭര്ത്താവും സഹോദരനും

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ഭാര്യ മരിച്ചുവെന്ന് ഞാന് അറിയുന്നതെന്ന് ഭര്ത്താവ് ആനന്ദ് പ്രകാശ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം എൻ്റെ ഭാര്യക്ക് ബോധം തിരിച്ചുവന്നില്ല. അവൾ ഇപ്പോഴും ചികിത്സയിലാണെന്ന് ഡോക്ടർമാർ എന്നെ അറിയിച്ചു. അവൾ അബോധാവസ്ഥയിൽ തുടരുന്നതിനാൽ, വിപുലമായ വൈദ്യസഹായത്തിനായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ അവർ മരിച്ചു. ആനന്ദ് കൂട്ടിച്ചേര്ത്തു.

ആശുപത്രിക്ക് നേരെ ആഞ്ഞടിച്ച് സോഫിയയുടെ സഹോദരന് രംഗത്ത്. ക്ലിനിക്കിൻ്റെ അനാസ്ഥയും മതിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് മരണ കാരണമെന്ന് സോഫിയയുടെ സഹോദരന് ചൂണ്ടിക്കാണിച്ചു. ആശുപത്രി അധികൃതരെയും സോഫിയയെ ചികിത്സിച്ച ഡോക്ടർമാരെയും അറസ്റ്റ് ചെയ്യണം സഹോദരൻ ആൻ്റണി വാദിച്ചു.

പ്രതികരിച്ച് പൊലീസ്

സ്വകാര്യ ഫെര്ട്ടിലിറ്റി സെൻ്ററില് ചികിത്സയിലിരിക്കെ സ്ത്രീ മരിച്ച സംഭവത്തില് അന്വേഷണം ആരംഭിച്ചെന്ന് അഭിരാമപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുകുന്ദൻ പറഞ്ഞു. 196 ബിഎൻഎസ് (സംശയാസ്പദമായ മരണം) പ്രകാരമാണ് കേസെടുത്തത്.

സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് ഫെർട്ടിലിറ്റി സെൻ്ററിലെ അധികൃതരുമായി ഞങ്ങൾ അന്വേഷണം നടത്തി. മരിച്ച സ്ത്രീ അമിതവണ്ണമുള്ളയാളാണെന്നും ഈ അവസ്ഥ പരിഹരിക്കാൻ അനസ്തേഷ്യ നല്കിയുള്ള ശസ്ത്രക്രിയ നടത്തിയെന്നും അവർ വിശദീകരിച്ചു; ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനാലാണ് അവർ മരിച്ചത്. ഈ വിഷയം മെഡിക്കൽ കൗൺസിലിനെയും മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റിനെയും അറിയിച്ചിട്ടുണ്ട്. ഈ അധികാരികൾ നടത്തിയ അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിൻ്റെയും പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News