'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ
Kannur , 15 മാര്ച്ച് (H.S.) അന്തരിച്ച കോണ്ഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങില് പ്രസംഗിക്കവെ വികാരാധീനനായി എംപി കെ സുധാകരൻ. താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ കാപ്പാടൻ്റെ കാവലാണെന്ന് സുധാകരൻ പറഞ്ഞു. സുധാകരൻ്റെ സന്തതസഹചാരിയായിരുന്ന ര
K Sudhakaran


Kannur , 15 മാര്ച്ച് (H.S.)

അന്തരിച്ച കോണ്ഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങില് പ്രസംഗിക്കവെ വികാരാധീനനായി എംപി കെ സുധാകരൻ.

താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ കാപ്പാടൻ്റെ കാവലാണെന്ന് സുധാകരൻ പറഞ്ഞു. സുധാകരൻ്റെ സന്തതസഹചാരിയായിരുന്ന രമേശൻ 2020 ലാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനായി നിർമ്മിച്ച വീടിൻ്റെ താക്കോല് ദാനവും ചടങ്ങില് സുധാകരൻ നിർവ്വഹിച്ചു.

രമേശനെ കുറിച്ച് വിശദമായൊരു കുറിപ്പും സുധാകരൻ ഫേസ്ബുക്കില് പങ്കുവെച്ചിരുന്നു. അതിങ്ങനെ-'ജീവിതയാത്രയില് ചിലർ ഒപ്പം നടക്കും.ചിലർ ഒരു ഘട്ടത്തില് പിരിഞ്ഞുപോകും.

പക്ഷേ ചിലർ ഉണ്ടാകും നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവർ.

വർഷങ്ങളോളം എന്റെ കൂടെ നിഴലായി നിന്ന ഒരാള്,എന്റെ സന്തോഷങ്ങളിലും പോരാട്ടങ്ങളിലും, വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികൻ, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ ശ്രീ. കാപ്പാടൻ രമേശൻ.

ഞാൻ മുന്നില് നടന്നപ്പോള് പിന്നില് നിന്നു കരുത്തായി എന്നും രമേശന് കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില് അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവും എൻ്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിധത്തില് ഒരു ദിവസം അദ്ദേഹം നമ്മെ വിട്ട് പോയി. ആ വാർത്ത കേട്ട നിമിഷം ഇന്നും എന്റെ മനസ്സില് വേദനയായി നില്ക്കുന്നു. ജീവിതം മുഴുവൻ എനിക്കായി, ഇന്ത്യൻ നാഷണല് കോണ്ഗ്രസിനായി ജീവിച്ച ഒരാള്, എനിക്കും പാര്ട്ടിക്കും വേണ്ടി തന്റെ സമയം, പരിശ്രമം, സ്നേഹം എല്ലാം നല്കിയ ശ്രീ. കാപ്പാടൻ രമേശൻ 2020 നവംബർ ഒന്നിന്റെ പകലില് മറു വാക്ക് പറയാൻ പോലും കാത്ത് നില്ക്കാതെ നമ്മെ വിട്ടുപോയത് എന്റെ ഹൃദയത്തില് ഒരിക്കലും മായാത്തൊരു ശൂന്യതയായി ഇന്നും നില്ക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തില് ഞാൻ എന്നോട് തന്നെയൊരു വാക്ക് നല്കി. അദ്ദേഹത്തിന്റെ കുടുംബം ഇനി ഒറ്റപ്പെട്ടവരല്ല. അവർ എന്റെ സ്വന്തം കുടുംബം തന്നെയാണ്. ഇന്ന് അവർക്ക് വേണ്ടി ഒരു വീട് ഉയര്ന്നു വന്നിരിക്കുന്നു. അത് ഒരു കെട്ടിടം മാത്രമല്ല മറിച്ച് ഒരു ഹൃദയ സ്മാരകമാണ്. എന്റെ ജീവിതത്തിലും ഇന്ത്യൻ നാഷണല് കോണ്ഗ്രസിലും അദ്ദേഹം നിറച്ച സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചെറിയൊരു തിരിച്ചടവ് മാത്രമാണ്.

കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോള് ഞാൻ എന്റെ പ്രിയപ്പെട്ടവനെ ഓർക്കാറുണ്ട്. കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യൻ നാഷണല് കോണ്ഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാല് വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടില് നിന്ന് യാത്രയാക്കുമ്പോള് ശ്രീ കാപ്പാടൻ രമേശനെ പോലെയുള്ള നൂറുകണക്കിന് കോണ്ഗ്രസ് പ്രവർത്തകർ മാത്രമായിരുന്നു എന്റെ ആത്മബലം.

ശ്രീ കാപ്പാടൻ രമേശൻ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്കുന്ന ഓര്മ്മയായി കത്തിജ്വലിച്ചു നില്ക്കുന്നു. ഒരു മനുഷ്യൻ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്ക്ക് വേണ്ടി സമർപ്പിച്ചാല്, ആ മനുഷ്യൻ ഒരിക്കലും മരിക്കുകയില്ല.

അദ്ദേഹം നമ്മുടെ ഹൃദയങ്ങളില് എപ്പോഴും ജീവിക്കും. ആ മനുഷ്യസ്നേഹിയുടെ ദീപ്തസ്മരണകള്ക്ക് മുമ്പില് ഞാൻ ആദരാഞ്ജലികള് അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ സ്നേഹവും സംരക്ഷണവും എന്നും ഉണ്ടാകും.അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുക്കുവാൻ എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരെയും, എന്റെ പ്രസ്ഥാനത്തെയും ഞാൻ എന്നും നന്ദിയോടെ ഓർക്കും'.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News