Enter your Email Address to subscribe to our newsletters

Delhi , 15 മാര്ച്ച് (H.S.)
കഴിഞ്ഞ 13 വർഷമായി കിടപ്പിൽ കഴിയുന്ന ഹരീഷ് റാണ ലോകത്തോട് വിടപറയാൻ ഒരുങ്ങുകയാണ്. 13 വർഷമായി കോമയിൽ കഴിയുന്ന 32 കാരന് മാർച്ച് 11 നാണ് സുപ്രീംകോടതി ദയാവധം അനുവദിച്ചത്. ആദ്യ നിഷ്ക്രിയ ദയാവധത്തിനാണ് സുപ്രീം കോടതി അനുമതി നൽകിയത്.
ഹരീഷ് റാണയുടെ പിതാവ് നൽകിയ അപേക്ഷയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. മറ്റുള്ളവരെപോലെ തന്നെ ഒരുപാട് പ്രതീക്ഷകളുമായാണ് ഹരീഷിൻ്റെ പിതാവും അദ്ദേഹത്തെ വളർത്തിയത്. പക്ഷെ വിധി കാത്ത് വച്ചത് മറ്റൊന്നായിരുന്നു.
ഹരീഷ് റാണയുടെ പിതാവിനും അമ്മക്കും പ്രായമായതോടെ തങ്ങൾക്ക് ശേഷം മകനെ ആര് പരിപാലിക്കുമെന്ന ചിന്ത ഇരുവരെയും അലട്ടാന് തുടങ്ങി. ഇതോടെയാണ് അവർ സുപ്രീം കോടതിയെ സമീപിക്കുന്നത് മരണത്തിലൂടെയെങ്കിലും അവന് ശാന്തി ലഭിക്കട്ടെ എന്നും അവയവദാനത്തിലൂടെ മറ്റുള്ളവർക്ക് ജീവൻ നൽകാമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ കുടുംബം.
എയിംസിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘമാണ് ദയാവധം ചെയ്യുന്നത്. ഹരീഷ് റാണയുടെ ശരീരത്തിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും നീക്കം ചെയ്യതുകൊണ്ടാണ് ദയാവധം നടത്തുക. മുഴുവൻ നടപടിക്രമങ്ങളും രഹസ്യസ്വഭാവത്തോടെയായിരിക്കും നടത്തുക എന്ന് അഭിഭാഷകൻ മനീഷ് ജെയിൻ പറഞ്ഞു.
പാസീവ് യൂത്തനേഷ്യ പ്രകാരം, ഒരു രോഗിയെ ജീവനോടെ നിലനിർത്താൻ ആവശ്യമായ വൈദ്യചികിത്സയോ ലൈഫ് സപ്പോർട്ടോ പിൻവലിച്ചുകൊണ്ടാണ് സ്വാഭാവികമായി ദയാവധം ചെയ്യുക. ഹരീഷിൻ്റെ കാര്യത്തിൽ ദ്രാവക ഭക്ഷണം നൽകുന്നതിനും മാലിന്യ നിർമാർജനം സുഗമമാക്കുന്നതിനും നിലവിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകൾ നീക്കം ചെയ്യുകയും അതുവഴി അദ്ദേഹത്തെ സ്വാഭാവിക ശാരീരിക അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും.
അതിന് ശേഷം അദ്ദേഹത്തിൻ്റെ ജീവൻ എത്രക്കാലം നിലനിൽക്കുമോ അത്രയും കാലം അദ്ദേഹം ജീവിക്കും. മരണശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. ഹരീഷിൻ്റെ കുടംബം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായതിനാൽ അതിനായുള്ള സമഗ്രമായ പരിശോധനയും ഡോക്ടർമാർ നടത്തുമെന്നും അഭിഭാഷകൻ പറഞ്ഞു.
ബിടെക് വിദ്യാർഥിയും കായികക്ഷമതയിൽ അതീവ താല്പര്യക്കാരനുമായിരുന്നു ഹരീഷ് റാണ. പഠനത്തോടൊപ്പം ബോഡിബിൽഡിങ് പരിശീലിക്കുകയും വിവിധ ബോഡിബിൽഡിങ് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു റാണ.
2013 ഓഗസ്റ്റ് 20 നാണ് താമസിക്കുന്ന വീടിൻ്റെ നാലാം നിലയിൽ നിന്ന് ഹരീഷ് താഴേക്ക് വീണ് തലക്ക് ഗുരുതര പരിക്ക് ഏൽക്കുന്നത്. ഇതോടെ ഹരീഷ് പൂർണമായും ചലനരഹിതനായി. ചണ്ഡീഗഡിലെ പിജിഐ മുതൽ ഡൽഹിയിലെ എയിംസ് വരെ നീണ്ട ചികിത്സകൾ നടത്തിയിട്ടും ഹരീഷിൻ്റെ ആരോഗ്യ സ്ഥിതിയിൽ മാറ്റമുണ്ടായില്ല.
ഒടുവിൽ തലച്ചോറിനേറ്റ ക്ഷതം മൂലം മസ്തിഷ്ക മരണം സംഭവിച്ചെന്നും സുഖം പ്രാപിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്നും ഡോക്ടർമാർ ഹരീഷിൻ്റെ പിതാവ് അശോക് റാണയെ അറിയിക്കുകയായിരുന്നു. മകന് എന്നെങ്കിലും കിടക്ക വിട്ട് എണീറ്റ് തന്നെ അച്ഛായെന്ന് വിളിക്കുമെന്ന പ്രതീക്ഷ കൈവിടാതെ അശോക് റാണ മകൻ്റെ ചികിത്സ തുടർന്നു. പക്ഷെ കാര്യമൊന്നുമണ്ടായില്ല.
ഒടുവിൽ 13 വർഷമായി ഉള്ള സപ്പോർട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 വയസുള്ള ഹരീഷ് റാണയുടെ കുടുംബം സമർപ്പിച്ച ഹർജിയിൽ ജനുവരി 15ന് സുപ്രീം കോടതി വിധി പറയാൻ മാറ്റിവച്ചു. 2026 മാർച്ച് 11-ന് ഹരീഷ് റാണയുടെ ദയാവധം സുപ്രീം കോടതി അനുവദിക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR