Enter your Email Address to subscribe to our newsletters

Newdelhi , 15 മാര്ച്ച് (H.S.)
ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ, എഴുപതിലധികം ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതമായി നാട്ടിലെത്തി. ഇന്ന് രാവിലെ 10 മണിക്കാണ് വിദ്യാർഥികൾ ഇന്ത്യയിൽ എത്തിയത്. ദുബായ് വഴിയാണ് വിദ്യാഥികൾ നാട്ടിലേക്ക് മടങ്ങിയത്. വിദ്യാർഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരും ഇവർ ഇറാനിലുടനീളമുള്ള വിവിധ മെഡിക്കൽ സർവകലാശാലകളിൽ പഠനം നടത്തുന്നവരുമാണ്. സ്ഥിതിഗതികൾ വഷളായതോടെ, ഇന്ത്യൻ എംബസി സർക്കാരുമായി ഏകോപിപ്പിച്ചാണ് വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
ഇറാനിൽ നിലവിൽ ഏകദേശം 1,000 മുതൽ 1,200 വരെ ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നും അവരിൽ പലരും ടെഹ്റാൻ മെഡിക്കൽ സയൻസസ് സർവകലാശാലയിലാണ് പഠിക്കുന്നതെന്നും ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ ദേശീയ വൈസ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മോമിൻ ഖാൻ പറഞ്ഞു. ടെഹ്റാനിൽ നിരവധി ആക്രമണങ്ങൾ നടക്കുന്നതായും മിസൈലുകൾ വന്ന് വീഴുന്നുണ്ടെന്നും ഖാൻ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ, അവിടെ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സ്ഥിതി വളരെ ആശങ്കാ ജനകമായിരുന്നു. ഇത് വിദ്യാർഥികളിലും അവരുടെ കുടുംബങ്ങളിലും ഉത്കണ്ഠ വർധിപ്പിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് ഈ സാഹചര്യം കണക്കിലെടുത്ത്, ടെഹ്റാനിലെ ഇന്ത്യൻ എംബസി അടിയന്തര നടപടി സ്വീകരിച്ചു. യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വിദ്യാർഥികൾക്ക് സുരക്ഷിതമായ ഹോട്ടലുകളിലും സുരക്ഷിത കേന്ദ്രങ്ങളിലും താമസിക്കാനുള്ള സൗകര്യവും സർക്കാർ ഒരുക്കി. വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇന്ത്യൻ എംബസി അവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അർമേനിയ വഴി വിദ്യാർഥികളെ ഒഴിപ്പിച്ചു: ആദ്യം വിദ്യാർഥികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയ ശേഷം അയൽ രാജ്യങ്ങളായ അർമേനിയ, അസർബൈജാൻ വഴി ഇറാനിൽ നിന്ന് പുറത്തുകടന്നു. ഇന്ത്യൻ സർക്കാർ, വിദ്യാർഥികളെ ഇറാനിയൻ അതിർത്തി വരെ സുരക്ഷിതമായി എത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അർമേനിയയിൽ നിന്ന് ദുബായിലേക്ക്: തുടർന്ന് ഇന്നലെ (മാർച്ച് 14) അർമേനിയയിലെ യെരേവനിലുള്ള സ്വാർട്ട്നോട്ട്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദ്യാർഥികളെയും വഹിച്ചുകൊണ്ട് ഫ്ലൈ ദുബായ് ഫ്ലൈറ്റ് FZ8124 പുറപ്പെട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.25 നാണ് വിമാനം പുറപ്പെട്ടത്.
ദുബായിൽ നിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴി ഇന്ത്യയിലേക്ക്: വിദ്യാർഥികളുമായി ഇന്നലെ വൈകുന്നരം അഞ്ച് മണിയോടെ വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് ദുബായിൽ നിന്ന് കണക്റ്റിങ് വിമാനം വഴി യാത്രക്കാരെ ഇന്ത്യയിലേക്ക് അയച്ചു. അങ്ങനെ ഇന്ന് (മാർച്ച് 15) രാവിലെ 10 മണിക്ക് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR