Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 മാര്ച്ച് (H.S.)
തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ (CET) ഒരാഴ്ചത്തെ നിര്‍ബന്ധിത അവധി പ്രഖ്യാപിച്ചു. പാചകവാതക ക്ഷാമവും പൈപ്പുകളിലൂടെയുള്ള ജലവിതരണം നിലച്ചതും മൂലം ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം സ്തംഭിച്ച സാഹചര്യത്തിലാണ് കോളേജ് അധികൃതര്‍ ഈ അടിയന്തര തീരുമാനമെടുത്തത്.
കോളേജ് ഹോസ്റ്റലുകള്‍ക്ക് പുറമെ ക്യാമ്പസിന് ചുറ്റുമുള്ള മുപ്പതോളം സ്വകാര്യ ഹോസ്റ്റലുകളും പ്രവര്‍ത്തനമവസാനിപ്പിച്ച് അടച്ചുപൂട്ടി. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പെരുവഴിയിലായത്. നിലവില്‍ ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളോട് ഉടന്‍ തന്നെ ഒഴിഞ്ഞുപോകാണമെന്ന് ഉടമകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് പാചകവാതക വിതരണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളില്‍ വെള്ളം വരാത്തതും കൂടിയായപ്പോള്‍ മെസ്സുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. 'ഭക്ഷണം പാകം ചെയ്യാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ കുട്ടികളെ താമസിപ്പിക്കുന്നത് പ്രായോഗികമല്ല' എന്ന് പ്രൈവറ്റ് ഹോസ്റ്റല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്
അപ്രതീക്ഷിതമായി അവധി പ്രഖ്യാപിച്ചതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രയാസത്തിലാണ്. ട്രെയിനുകളില്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്.
അടുത്ത തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും, ജലവിതരണവും ഗ്യാസ് ക്ഷാമവും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അവധി നീളാന്‍ സാധ്യതയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR