രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയെ 68 തകർത്ത് ന്യൂസീലൻഡ്;
Hyderabad , 17 മാര്ച്ച് (H.S.) ഓപ്പണർ ഡെവൻ കോൺവേയുടെ തകർപ്പൻ ബാറ്റിംഗിന്റേയും പേസർമാരുടെ കൃത്യതയാർന്ന ബൗളിംഗിന്റേയും കരുത്തിൽ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയെ 68 റൺസിന് തകർത്ത് ന്യൂസീലൻഡ്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1-1ന് ഒ
2nd T20 World cup


Hyderabad , 17 മാര്ച്ച് (H.S.)

ഓപ്പണർ ഡെവൻ കോൺവേയുടെ തകർപ്പൻ ബാറ്റിംഗിന്റേയും പേസർമാരുടെ കൃത്യതയാർന്ന ബൗളിംഗിന്റേയും കരുത്തിൽ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയെ 68 റൺസിന് തകർത്ത് ന്യൂസീലൻഡ്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1-1ന് ഒപ്പമെത്തി. 176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദർശകർ 15.3 ഓവറിൽ വെറും 107 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

കോൺവേയുടെ തിരിച്ചുവരവും മികച്ച സ്കോറും

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ന്യൂസീലൻഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. ഏറെ നാളായി ഫോമിലല്ലാതിരുന്ന ഡെവൻ കോൺവേ 60 റൺസ് നേടി ടോപ്പ് സ്കോററായി. പവർപ്ലേയിൽ ഓപ്പണർമാരായ കോൺവേയും ടോം ലാഥമും (11) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 6 ഓവറിൽ വിക്കറ്റ് പോകാതെ 43 റൺസ് എന്ന നിലയിലായിരുന്നു അവർ. എന്നാൽ പത്താം ഓവറിൽ ലാഥം പുറത്തായതോടെ റൺറേറ്റ് അല്പം കുറഞ്ഞു.

മധ്യ ഓവറുകളിൽ പിച്ച് കൂടുതൽ മന്ദഗതിയിലായതോടെ ബാറ്റിംഗ് ദുഷ്കരമായി. നിക്ക് കെല്ലി (12 പന്തിൽ 21), മിച്ചൽ സാന്റ്നര് (14 പന്തിൽ 20) എന്നിവർ പെട്ടെന്ന് പുറത്തായി. ഇന്നിങ്സിന്റെ മുക്കാൽ ഭാഗവും ക്രീസിൽ നിന്ന കോൺവേ ഒടുവിൽ പുൾ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. അവസാന ഓവറുകളിൽ ജോഷ് ക്ലാർക്ക്സൺ നടത്തിയ വെടിക്കെട്ടാണ് കിവികളെ മികച്ച സ്കോറിലെത്തിച്ചത്. 9 പന്തിൽ 26 റൺസെടുത്ത ക്ലാർക്ക്സണും കോൾ മക്കോഞ്ചിയും ചേർന്ന് കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ 24 റൺസാണ് അടിച്ചുകൂട്ടിയത്.

തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ്

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പിച്ചിന്റെ സ്വഭാവം തിരിച്ചടിയായി. പന്തിന്റെ വേഗതയിലെ മാറ്റവും അപ്രതീക്ഷിത ബൗൺസും ബാറ്റർമാരെ കുഴപ്പിച്ചു. അവസാന ആറ് വിക്കറ്റുകൾ വെറും 40 റൺസിനിടെയാണ് അവർക്ക് നഷ്ടമായത്. 12 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 33 റൺസെടുത്ത ജോർജ് ലിൻഡെ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ എല്ലാ വിക്കറ്റുകളും ക്യാച്ചുകളിലൂടെയാണ് കിവികൾ നേടിയത് എന്നത് ശ്രദ്ധേയമാണ്.

ടി-20 ലോകകപ്പിൽ ന്യൂസീലൻഡിന്റെ റിസർവ് താരമായിരുന്ന ബെൻ സിയേഴ്സ് മികവ് ഒരിക്കൽ കൂടി തെളിയിച്ചു. 3.3 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിയേഴ്സ് വീഴ്ത്തിയത്. ലോക്കി ഫെർഗൂസനും മൂന്ന് വിക്കറ്റുകൾ (3-16) നേടി മികച്ച പിന്തുണ നൽകി. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച ഓക്ലൻഡിൽ നടക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News