കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചര്ച്ച തുടര്ന്ന് ഇന്ത്യ
New delhi, 18 മാര്‍ച്ച് (H.S.) ഹൊര്‍മുസ് കടലിടുക്കിലെ ഉപരോധത്തിനിടയില്‍ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യ ഇറാനുമായും മറ്റ് രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച ന്യൂഡല്‍ഹിയിലെ നാഷണല
india iran


New delhi, 18 മാര്‍ച്ച് (H.S.)

ഹൊര്‍മുസ് കടലിടുക്കിലെ ഉപരോധത്തിനിടയില്‍ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യ ഇറാനുമായും മറ്റ് രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

നിരവധി ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും മേഖലയില്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. നിലവില്‍ ഈ പ്രദേശത്തുള്ള 22 കപ്പലുകളും 611 നാവികരും സുരക്ഷിതരാണെന്നും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഷിപ്പിങ് മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ വ്യക്തമാക്കി. ഈ കപ്പലുകളില്‍ 3.2 ലക്ഷം മെട്രിക് ടണ്‍ എല്‍പിജി, രണ്ട് ലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജി, 16.7 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ എന്നിവയുടെ ശേഖരമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ, രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര എല്‍പിജി ഉല്‍പ്പാദനത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ ഇന്ധനക്ഷാമം നിലവിലില്ലെങ്കിലും ഉപഭോക്താക്കളുടെ നീണ്ട ക്യൂവും വിതരണത്തിലെ കാലതാമസവും ആശങ്ക ഉണര്‍ത്തുന്നുണ്ട്.

അതേസമയം, ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം 93 ശതമാനമായി ഉയര്‍ന്നുവെന്നും 81 ശതമാനം സിലിണ്ടറുകളും ഒടിപി വഴി വിതരണം ചെയ്യുന്നുണ്ടെന്നും ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ വ്യക്തമാക്കി. സിലിണ്ടറുകള്‍ക്കായി വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ വീട്ടിലെത്തുന്നതുവരെ കാത്തിരിക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

വിതരണത്തിലെ ക്രമക്കേടുകള്‍ തടയാന്‍ എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം എല്‍പിജി വിതരണ കേന്ദ്രങ്ങളില്‍ 2,300-ലധികം മിന്നല്‍ പരിശോധനകള്‍ നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്‍പിജിയില്‍നിന്ന് പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസിലേക്ക് (PNG) മാറാന്‍ വാണിജ്യ ഉപഭോക്താക്കളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

പിഎന്‍ജിയിലേക്കുള്ള മാറ്റത്തിന് സഹായിക്കുന്ന സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പത്ത് ശതമാനം അധിക വാണിജ്യ എല്‍പിജി വിഹിതം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കാനും വ്യാവസായിക-ഗാര്‍ഹിക മേഖലകളില്‍ പിഎന്‍ജി കണക്ഷനുകള്‍ ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്രം വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News