ബിദാദി ടൗണ്ഷിപ്പ് പദ്ധതി; 7400 ഏക്കര് ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സര്ക്കാര്
Banglore , 19 മാര്ച്ച് (H.S.) നിർദ്ദിഷ്ട ബിദാദി സംയോജിത ടൗണ്ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും. ബംഗളുരു സൗത്ത് ജില്ലയിലെ ഒമ്ബത് ഗ്രാമങ്ങളിലായി ഏകദേശം 7400 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കവുമായി സംസ്ഥാന സ
Bidadi Township Project


Banglore , 19 മാര്ച്ച് (H.S.)

നിർദ്ദിഷ്ട ബിദാദി സംയോജിത ടൗണ്ഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കിയേക്കും.

ബംഗളുരു സൗത്ത് ജില്ലയിലെ ഒമ്ബത് ഗ്രാമങ്ങളിലായി ഏകദേശം 7400 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. നിയമപരമായ ഏറ്റെടുക്കല് പ്രക്രിയയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരം ഉള്പ്പെടെ നല്കി കൊണ്ടായിരിക്കും നീക്കം നടക്കും.

മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉള്പ്പെടെയുള്ളവരുടെയും ചില കർഷക നേതാക്കളുടെയും സംഘടനകളുടെയും കടുത്ത സമ്മർദ്ദങ്ങള്ക്കിടയിലാണ് ഈ തീരുമാനം വരുന്നത്. പദ്ധതിക്കെതിരെ രാഷ്ട്രീയ തലത്തിലും കർഷകർക്കിടയിലും എതിർപ്പുകള് ശക്തമായി ഉയർന്നുവരുന്നുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള് ഗ്രേറ്റർ ബംഗളുരു ഡെവലപ്മെന്റ് അതോറിറ്റി (ജിബിഡിഎ) സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഈ നിർദ്ദേശം ഇപ്പോള് മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ജിബിഡിഎ കമ്മീഷണർ പി. രാജേന്ദ്ര ചോലൻ, മന്ത്രിസഭയുടെ അംഗീകാരം ഏത് നിമിഷവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. ഇത് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികള് കൈക്കൊള്ളുക.

'പ്രാഥമിക വിജ്ഞാപനം ഒറ്റയടിക്ക് പുറത്തിറക്കിയ ആദ്യ പദ്ധതിയാണിത്. കഴിഞ്ഞ വർഷം സംയുക്ത അളവെടുപ്പ് സമിതി, ഭൂമി അളക്കുന്നതിനും കെട്ടിടങ്ങള് വിലയിരുത്തുന്നതിനും അതിരുകള് രേഖപ്പെടുത്തുന്നതിനുമുള്ള ജോലി പൂർത്തിയാക്കിയിട്ടുണ്ട്' എന്നാണ് രാജേന്ദ്ര ചോളൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സാധാരണയായി, പ്രാഥമിക വിജ്ഞാപനം മുതല് അന്തിമ വിജ്ഞാപനം വരെ രണ്ടോ നാലോ വർഷമാണ് എടുക്കാറുള്ളത്. രേഖകള് സമർപ്പിക്കാൻ കർഷകർക്ക് അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടിവരാത്ത രീതിയില്, നഷ്ടപരിഹാരം വിതരണം ചെയ്യുമ്ബോഴും സമാനമായ സമീപനം സ്വീകരിക്കുമെന്ന് ഒരു ബിഎംആർഡിഎ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അതോറിറ്റി റവന്യൂ വകുപ്പിന്റെ ഡാറ്റാബേസുകളെ ആശ്രയിച്ചതിനാല്, ഇത്തവണ നടപടികള് വേഗത്തിലാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വർഷങ്ങളായി ചർച്ചയിലുള്ള ഈ ടൗണ്ഷിപ്പ് പദ്ധതി, ബംഗളുരു നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ശ്രമമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മാർച്ചില് 8943 ഏക്കറിനുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.

ഇതില് ഏകദേശം 6300 ഏക്കർ സ്വകാര്യ ഭൂമിയും, 1000 ഏക്കറോളം സർക്കാർ ഭൂമിയും, ബാക്കി ജനവാസ മേഖലകളും തടാകങ്ങളുമാണ്. അന്നുമുതല് പദ്ധതിക്ക് രാഷ്ട്രീയ എതിർപ്പുകള് നേരിടേണ്ടി വരുന്നുണ്ട്. ജനുവരിയില് കേന്ദ്ര ഖനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്ഡി കുമാരസ്വാമി, ബിദാദിക്കടുത്തുള്ള ഫലഭൂയിഷ്ഠമായ ഭൂമി നിയമവിരുദ്ധമായി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ബിദാദി ടൗണ്ഷിപ്പ് പ്രൊജക്റ്റ്

ബെംഗളൂരുവില് നിന്ന് 30 കിലോമീറ്റർ അകലെ ബിദാദിയില് സ്ഥാപിക്കുന്ന പുതിയ പദ്ധതിയാണ് ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്ഷിപ്പ്. 8493 ഏക്കറില് 20,000 കോടി രൂപയിലധികം മുതല്മുടക്കില് ഒരുങ്ങുന്ന ഈ സംരംഭം, ഇന്ത്യയിലെ ആദ്യത്തെ എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് സിറ്റി എന്ന നിലയിലാണ് ഒരുക്കുന്നത്.

'വർക്ക്-ലൈവ്-പ്ലേ' മാതൃകയില് വിഭാവനം ചെയ്തിരിക്കുന്ന ജിബിഐടി, ആധുനിക താമസ സൗകര്യങ്ങള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരോഗ്യ കേന്ദ്രങ്ങള് എന്നിവയോടൊപ്പം സീറോ-കാർബണ്, സീറോ-വേസ്റ്റ് അടിസ്ഥാന സൗകര്യങ്ങള്ക്കും ഊന്നല് നല്കും. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്ക്ക് മുൻപ്, 2006 മുതല് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകള് നടന്നുവന്നിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News