ശബരി റെയില്പാത; സംസ്ഥാനം പകുതി ചിലവുകള് വഹിക്കുമെന്ന് കോടതിയെ അറിയിച്ച് കേന്ദ്രം,
Ernakulam , 19 മാര്ച്ച് (H.S.) ശബരി റെയില് പദ്ധതിയില് ഇടപെട്ട് ഹൈക്കോടതി. ശബരി റെയില്വേ ആക്ഷൻ കൗണ്സിലുകളുടെ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറി ജിജോ പനച്ചിനാനി നല്കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല് ഉണ്ടായിരിക്കുന്നത്. നേരത്തെ നിർദ്ദിഷ്ട ശബരി റെയില് പദ്ധതി പ
Sabarimala


Ernakulam , 19 മാര്ച്ച് (H.S.)

ശബരി റെയില് പദ്ധതിയില് ഇടപെട്ട് ഹൈക്കോടതി. ശബരി റെയില്വേ ആക്ഷൻ കൗണ്സിലുകളുടെ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറി ജിജോ പനച്ചിനാനി നല്കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല് ഉണ്ടായിരിക്കുന്നത്.

നേരത്തെ നിർദ്ദിഷ്ട ശബരി റെയില് പദ്ധതി പാതി വഴിയില് നിലച്ചിരുന്നെങ്കിലും അടുത്തകാലത്തായി പുരോഗതി പ്രകടമാണ്. അതിനിടയിലാണ് ഹൈക്കോടതി വിഷയത്തില് ഇടപെട്ടത്.

അതിനിടെ പദ്ധതിയുടെ പകുതി ചിലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കോടതിയില് അറിയിച്ചത്. പദ്ധതി നടപ്പാക്കാനുള്ള നടപടികള് വേഗത്തിലാക്കുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയില് വ്യക്തമാക്കി. പദ്ധതിയുടെ ചിലവായ 3800 കോടി രൂപയില് 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചതായാണ് കേന്ദ്ര സർക്കാർ കോടതിയില് നല്കിയ സത്യവാങ്മൂലത്തില് പറയുന്നത്.

പദ്ധതിയുടെ ഭാഗമായി ആവശ്യമുള്ള ഭൂമിയുടെ ഏറ്റെടുക്കലിന് വേണ്ടിയുള്ള തുകയായിരിക്കും ഇത്. ദക്ഷിണ റെയില്വേ കണ്സ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷബിൻ ആസഫ് ഫയല് ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ ഭാവിയെ കുറിച്ച് ഉണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയിരിക്കുകയാണ്.

പദ്ധതിയുടെ വിശദമായ മാപ്പും അംഗീകൃത അലൈൻമെന്റും കേരള സർക്കാരിന് നല്കാൻ റെയില്വേ ബോർഡിന് നിർദ്ദേശം നല്കിയതായും സത്യവാങ്മൂലത്തില് പറയുന്നു. കേന്ദ്രസർക്കാർ വിശദീകരണം നല്കിയതിന് പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി. പദ്ധതി കോള്ഡ് സ്റ്റോറേജില് വയ്ക്കരുതെന്നും കോടതി വാക്കാല് പരാമർശിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതിനിടെ അടിസ്ഥാന വികസനത്തിനായി കിഫ്ബി സാമ്പത്തിക സഹായത്തോടെ പദ്ധതി ചിലവ് വഹിക്കുമെന്നാണ് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചത്. വിവിധ വകുപ്പുകളുമായിച്ചേർന്ന് തുടർ നടപടികള് വേഗത്തിലാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. അടുത്തിടെ ഭൂമി ഏറ്റെടുക്കലിന് ഉള്പ്പെടയുള്ള നടപടികള് വേഗത്തിലാക്കിയിരുന്നു.

ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങി

അതേസമയം, പദ്ധതിയുടെ ഭാഗമായി അഞ്ച് താലൂക്കുകളില് കൂടി സ്ഥലമെടുപ്പ് പുനരാരംഭിക്കാൻ സർക്കാർ ഭരണാനുമതി നല്കിയതോടെ പദ്ധതിയുടെ വേഗം വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്. ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല് തഹസില്ദാർമാരുടെ നേതൃത്വത്തിലുള്ള യൂണിറ്റുകള് ഉടൻ പ്രവർത്തനം പുനരാരംഭിക്കും.

വിവിധ ജില്ലകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ ഓഫീസുകള് തുറക്കുമെന്നാണ് അടുത്തിടെ അറിയിച്ചത്. ഏഴ് ഓഫീസുകളാണ് ഇതിനായി തുറക്കുക. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള് കേന്ദ്രീകരിച്ചായിരിക്കും ഈ ഓഫീസുകളുടെ പ്രവർത്തനം. പദ്ധതി വേഗത്തില് നടപ്പാക്കണമെന്നാണ് വിവിധ കോണുകളില് നിന്ന് ഉയരുന്ന ആവശ്യം കണക്കിലെടുത്താണ് സർക്കാർ നടപടികള് ഊർജ്ജിതമാക്കുന്നത്.

എറണാകുളം ജില്ലയില് 152.05 ഹെക്ടറും കോട്ടയം ജില്ലയില് 119.89 ഹെക്ടറും ഇടുക്കി ജില്ലയില് 33.77 ഹെക്ടറുമാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടത്. റവന്യു വകുപ്പ് വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. മേല്പറഞ്ഞ മൂന്ന് ജില്ലകളിലായി ആകെ 305.71 ഹെക്ടർ ഭൂമിയാണ് ശബരി പാതയ്ക്കായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നല്കേണ്ടത്. ഇതിന്റെ ചെലവ് പൂർണമായും വഹിക്കുക സംസ്ഥാന സർക്കാർ തന്നെയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News