ഇന്ത്യയില് നവജാതശിശു മരണനിരക്കില് 70% കുറവ്; ആരോഗ്യമന്ത്രി ജെ പി നദ്ദ
New delhi, 19 മാര്‍ച്ച് (H.S.) ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തെ നവജാതശിശു മരണനിരക്കിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിലും വന്‍ കുറവുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണനിരക്ക് കുറയുന്നത് ഇന്
Jp Nadda


New delhi, 19 മാര്‍ച്ച് (H.S.)

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തെ നവജാതശിശു മരണനിരക്കിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിലും വന്‍ കുറവുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണനിരക്ക് കുറയുന്നത് ഇന്ത്യ കൈവരിച്ച ഗണ്യമായ പുരോഗതിയാണെന്നും ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് ഫോര്‍ ചൈല്‍ഡ് മോര്‍ട്ടാലിറ്റി എസ്റ്റിമേഷന്‍ (യുഎന്‍ ഐജിഎംഇ) റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 79 ശതമാനത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1990 കാലയളവില്‍ 1,000ല്‍ 127 ആയിരുന്നത് 2024-ല്‍ 27 ആയി കുറഞ്ഞു. നവജാത ശിശു മരണനിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ജനിച്ച് ആദ്യ 28 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന മരണം, ഏകദേശം 70 ശതമാനം കുറഞ്ഞു. 1990 ല്‍ 1000 ജനനങ്ങളില്‍ 57 മരണങ്ങളായിരുന്നത് 2024 ല്‍ 17 ആയി കുറഞ്ഞു.

യുഎന്‍ ഐജിഎംഇ 2025 റിപ്പോര്‍ട്ട് കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ആഗോളതലത്തില്‍ രാജ്യം മാതൃകയായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു. 'ശിശുമരണ നിരക്ക് കുറയ്ക്കല്‍ ത്വരിതപ്പെടുത്തുന്നതില്‍ ഇന്ത്യ ആഗോളതലത്തില്‍ ഒരു മുന്‍നിര മാതൃകയായി ഉയര്‍ന്നുവരുന്നു. യുഎന്‍ ഐജിഎംഇ 2025 റിപ്പോര്‍ട്ട് അനുസരിച്ച്, നവജാതശിശു മരണനിരക്ക് (എന്‍എംആര്‍) ഏകദേശം 70% കുറഞ്ഞു' എക്സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

5 വയസിന് താഴെയുള്ളവരുടെ മരണനിരക്ക് (U5MR) 79 ശതമാനമായി കുത്തനെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മാതൃ- നവജാത ശിശു ആരോഗ്യ സേവനങ്ങളിലെ സുസ്ഥിര പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യല്‍ നവജാത ശിശു പരിചരണ യൂണിറ്റുകള്‍, ജനനി സുരക്ഷാ യോജന, വിപുലീകരിച്ച രോഗപ്രതിരോധ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടെ മാതൃ-നവജാത ശിശു ആരോഗ്യ മേഖലയിലെ സുസ്ഥിരമായ ശ്രമങ്ങളാണ് ഈ പരിവര്‍ത്തനത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

'പ്രധാന സംരംഭങ്ങള്‍ - പ്രത്യേക നവജാത ശിശു പരിചരണ യൂണിറ്റുകള്‍ (എസ്എന്‍സിയു), ജനനി സുരക്ഷാ യോജന (ജെഎസ്വൈ), ജനനി ശിശു സുരക്ഷാ കാര്യക്രമം (ജെഎസ്എസ്‌കെ), വിപുലീകരിച്ച രോഗപ്രതിരോധം എന്നിവ ശക്തമായ ആരോഗ്യ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തനം നടത്തിയതാണ് ഇതിന് കാരണമെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ശ്രദ്ധേയമായ കാര്യങ്ങളാണ് ഇതിന് വഴി തെളിച്ചതെന്ന് ചൂണ്ടിക്കാട്ടി ജെ പി നദ്ദ പ്രശംസിച്ചു. 'തടയാന്‍ കഴിയുന്ന കുട്ടികളുടെ മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും നമ്മുടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിനും കേന്ദ്രതലത്തില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News