Enter your Email Address to subscribe to our newsletters

New delhi, 19 മാര്‍ച്ച് (H.S.)
താന്‍ പാര്‍ട്ടിക്ക് വിധേയനെന്നും കോണ്‍ഗ്രസ് വിടില്ലെന്നും മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍. കോണ്‍ഗ്രസില്‍ത്തന്നെ തുടരുമെന്നും പാര്‍ട്ടിയാണ് വലുതെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് രണ്ടുദിവസമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പാര്‍ട്ടിയില്‍ തുടരും, പ്രവര്‍ത്തിക്കും. പുതിയപുതിയ കാര്യങ്ങളുമായി മുമ്പോട്ടു പോകും. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതല്ലേയുള്ളൂ, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടിയുടെ അംഗീകാരം കിട്ടുമെങ്കില്‍ മത്സരിക്കും. ഇല്ലെങ്കില്‍ ഇല്ല.
എല്ലായിടത്തും എനിക്ക് ആളുകള്‍ ഉണ്ട്. അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനും അല്ല. അത് പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല. പാര്‍ട്ടി എത്രയോ വലുതാണ്. ഞാന്‍ എത്രയോ ചെറുതാണ്. ഞാന്‍ പാര്‍ട്ടിയെ എന്ത് വെല്ലുവിളിക്കാനാണ്. പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കാനാണ് തീരുമാനം. അതനുസരിച്ച് മുമ്പോട്ട് പോകും'', കെ. സുധാകരന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെ. സുധാകരനും തമ്മില്‍ രണ്ടുദിവസമായി രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. തനിക്ക് കണ്ണൂര്‍ സീറ്റ് വേണമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സുധാകരന്‍ കടുത്ത നിലപാടെടുത്തു. എംപിമാരെ ആരെയും മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡും ഉറച്ച നിലപാട് സ്വീകരിച്ചു. അങ്ങനെയെങ്കില്‍ താന്‍ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന് സുധാകരന്‍ സൂചന നല്‍കിയതോടെ നേതൃത്വം വഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇതിനെല്ലാം ഒടുവിലാണ് താന്‍ പാര്‍ട്ടിക്ക് വഴങ്ങുന്നതായുള്ള സുധാകരന്റെ പ്രഖ്യാപനം ഉണ്ടായത്.
---------------
Hindusthan Samachar / Sreejith S