ഇഡി റെയ്ഡ് തടസപ്പെടുത്തിയത് ശരിയായ നടപടിയല്ല; മമത ബാനര്ജിയെ വിമര്ശിച്ച് സുപ്രീം കോടതി
New delhi, 19 മാര്‍ച്ച് (H.S.) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) ഓഫീസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ മമത ബാനര്‍ജി നേരിട്ടെത്തി
Supreme Court


New delhi, 19 മാര്‍ച്ച് (H.S.)

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) ഓഫീസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ മമത ബാനര്‍ജി നേരിട്ടെത്തി ഇടപെട്ട സംഭവത്തില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഇത്തരം ഇടപെടലുകള്‍ 'അത്ര സുഖകരമല്ലെന്ന്' ജസ്റ്റിസ് പങ്കജ് മിശ്ര, ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര ഏജന്‍സിയായ ഇ.ഡിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമ്പോള്‍ അവര്‍ക്ക് നിയമപരമായ പരിഹാരങ്ങള്‍ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം കേന്ദ്ര ഏജന്‍സികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന ബംഗാള്‍ സര്‍ക്കാരിന്റെ വാദത്തിനുള്ള മറുപടിയായാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇ.ഡി എന്നത് ഒരു സ്വതന്ത്ര നിയമപരമായ സ്ഥാപനമല്ലെന്നും മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഒരു വകുപ്പ് മാത്രമാണെന്നും പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശ്യാം ദിവാന്‍ വാദിച്ചു. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടാത്ത സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഇ.ഡിയുടെ നീക്കങ്ങളെ എതിര്‍ത്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടുകൊണ്ട് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഇ.ഡിക്ക് അധികാരമില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളി.

കഴിഞ്ഞ ജനുവരി എട്ടിന് ഐ-പാക് ഡയറക്ടര്‍ പ്രതീക് ജെയിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടന്നപ്പോഴാണ് മമത ബാനര്‍ജി അവിടെ എത്തിയത്. മുഖ്യമന്ത്രി റെയ്ഡിനിടെ അതിക്രമിച്ചു കയറി അന്വേഷണം തടസ്സപ്പെടുത്തിയെന്നും സുപ്രധാന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൊണ്ടുപോയെന്നുമായിരുന്നു കേന്ദ്ര ഏജന്‍സിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മമത തള്ളിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News