Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 മാര്‍ച്ച് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശപ്രകാരം മുന്‍കൂര്‍ അംഗീകാരം വാങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖർ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്കും അംഗീകാരം വാങ്ങേണ്ടതുണ്ട്.
രാഷ്ട്രീയ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനായി ആലപ്പുഴ ജില്ലയില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി ജ്യോതി, കെ എസ് ഐ ടി എം ജില്ലാ പ്രൊജക്ട് മാനേജർ വിഷ്ണു കെ മോഹൻ, അലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്‍റ് റോയ് കൊട്ടാരച്ചിറ, ആകാശവാണി ജില്ലാ കറസ്പോണ്ടൻ്റ് അഡ്വ. ബി രവികുമാർ എന്നിവർ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ് മെംബര്‍ സെക്രട്ടറിയും ആണ്. സമിതിയുടെ ആദ്യയോഗം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്നു.
മുന്‍കൂര്‍ അംഗീകാരം വേണ്ടത് ഏതൊക്കെ പരസ്യങ്ങള്‍ക്ക്?
മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ ചാനലുകള്‍, ബള്‍ക്ക് എസ്.എം.എസുകളും വോയ്സ് മെസേജുകളും, ഇ പേപ്പറുകള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ വിഷ്വല്‍ ഡിസ്പ്ലേകള്‍, വെബ് സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍, സിനിമാ തിയേറ്ററുകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്കാണ് അനുമതി നേടേണ്ടത്.
ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിക്കാണ് ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം പരസ്യത്തിന്‍റെ ഡിജിറ്റല്‍ പതിപ്പിന്‍റെയും സ്ക്രിപ്റ്റിന്‍റെയും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളും സമര്‍പ്പിക്കണം. പരസ്യം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ചെലവ് ഉള്‍പ്പെടെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന് മൂന്നു ദിവസം മുന്‍പും മറ്റുള്ളവര്‍ ഏഴു ദിവസം മുന്‍പും അപേക്ഷ സമര്‍പ്പിക്കണം. കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്ന എം സി എം സി സെൻ്ററിലാണ് അപേക്ഷ നല്‍കേണ്ടത്.
വോട്ടെടുപ്പു ദിവസവും തലേന്നും പത്രങ്ങളിൽ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ നിശ്ചിത തീയതിയുടെ രണ്ടു ദിവസം മുന്‍പ് അംഗീകാരത്തിന് സമര്‍പ്പിക്കണം.
---------------
Hindusthan Samachar / Sreejith S